ജനങ്ങളുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കും-മുഖ്യമന്ത്രി

പശ്ചിമഘട്ടത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷിക്കുന്നതാണ് ആവശ്യം. അതിനുള്ള സാഹചര്യമുണ്ടാക്കുകയെന്നതാണ് പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുടെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പങ്കാളിത്ത പരിസ്ഥിതി പരിശീലന പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.

കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. പശ്ചിമഘട്ടമേഖല മറ്റ് സംസ്ഥാനങ്ങള്‍ക്ക് വിഭവ സമാഹരണത്തിനുള്ള ഉറവിടമാണെങ്കില്‍ കേരളത്തില്‍ ജനവാസമേഖലയാണ്. ഈ മേഖലയില്‍ പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതുണ്ട്. ഒരു മണിക്കൂറില്‍ പത്ത് ലക്ഷം വൃക്ഷത്തൈകള്‍ നടുന്നതിനുള്ള പദ്ധതി നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. പദ്ധതി കൂടുതല്‍ ജനസാന്ദ്രതയുള്ള നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കുന്നത് വെല്ലുവിളിയാണ്. വെല്ലുവിളികളില്‍നിന്ന് ഒളിച്ചോടാതെ അവയെ അഭിമുഖീകരിച്ച് പദ്ധതി നടപ്പിലാക്കണം. നാളെയുടെ വാഗ്ദാനമായ വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ സന്ദേശം ഉള്‍ക്കൊണ്ട് പ്രചരിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളത്തെ തലമുറയ്ക്ക് ഇന്നത്തെ പരിസ്ഥിതി അതേപോലെ കൈമാറുകയെന്നതാണ് പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുടെ ഉദ്ദേശ്യമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് പരിസ്ഥിതി നയം രൂപവത്കരിക്കും. മികച്ച പരിസ്ഥിതി റിപ്പോര്‍ട്ടുകള്‍ക്കും ഫോട്ടോഗ്രാഫിക്കും മാധ്യമങ്ങള്‍ക്കും പുരസ്‌കാരം നല്‍കും. ഹരിതശ്രീ മൂവ്‌മെന്റ് ഹരിത ചിന്താഗതിയുള്ളവരുടെ പൊതുവായ വേദിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതി സുസ്ഥിരമായി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷിക്കുന്നതിനായി വൃക്ഷങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പരിസ്ഥിതിദിനമായ വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ 11.30 വരെയാണ് ഹരിത മണിക്കൂറായി ആചരിക്കുന്നത്. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മരം നടും. നടുന്ന കുട്ടിയുടെ പേരാണ് മരത്തിനും നല്‍കുന്നത്. ഒരു വ്യക്തിക്ക് ഒരു വൃക്ഷം എന്നതാണ് പദ്ധതി. ഹരിത മണിക്കൂറില്‍ പത്തുലക്ഷം വൃക്ഷങ്ങളാണ് നടുന്നത്.

ചടങ്ങില്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സെക്രട്ടറി പി. ശ്രീകണ്ഠന്‍നായര്‍, വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മൊഹന്ദി, കവയിത്രി സുഗതകുമാരി, മുരളി തുമ്മാരുകുടി, ജോണ്‍ സാമുവേല്‍ എന്നിവരും പങ്കെടുത്തു. വൃക്ഷത്തൈകള്‍ നല്‍കിയാണ് ചടങ്ങില്‍ മുഖ്യമന്ത്രിയടക്കമുള്ളവരെ സ്വീകരിച്ചത്. കാലാവസ്ഥാ വ്യതിയാന വകുപ്പ്, കോട്ടയം കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം, വനം വന്യജീവി വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close