ജനവിധി ആറന്മുള വിമാനത്താവളത്തിനെതിര് – കുമ്മനം രാജശേഖരന്‍

kummanam

ജനവിധി ആറന്മുള വിമാനത്താവളത്തിന് എതിരാണെന്ന് വിമാനത്താവള വിരുദ്ധ ഏകോപനസമിതി കണ്‍വീനര്‍ കുമ്മനം രാജശേഖരന്‍. പത്തനംതിട്ട മണ്ഡലത്തിലെ ആന്റോ ആന്റണിയുടെ വിജയം സാങ്കേതികം മാത്രമാണെന്നും കണക്കുകള്‍ ഇത് വ്യക്തമാക്കുന്നതായും കുമ്മനം പറഞ്ഞു.
വിമാനത്താവളത്തെ അനുകൂലിക്കുന്ന ആന്റോ ആന്റണിക്ക് കിട്ടിയത് 3.58 ലക്ഷം വോട്ടുകളാണ്. എന്നാല്‍ പദ്ധതിയെ എതിര്‍ക്കുകയും അതിന്റെ പേരില്‍ വോട്ടുതേടുകയും ചെയ്ത പീലിപ്പോസ് തോമസിനും, എം.ടി. രമേശിനുംകൂടി 4.4 ലക്ഷം വോട്ടുകള്‍ ലഭിച്ചു. വിമാനത്താവളവിരുദ്ധ സമരത്തിലുള്ള മറ്റ് ചെറു പാര്‍ട്ടികളും നേടിയ വോട്ടുകള്‍കൂടി കിട്ടിയാല്‍ ആന്റോ ആന്റണിക്ക് ലഭിച്ച വോട്ടുകളേക്കാള്‍ ഒരു ലക്ഷം കൂടുതലാണിത്. കഴിഞ്ഞവര്‍ഷം ആന്റോയ്ക്ക് ലഭിച്ച ഭൂരിപക്ഷം നേര്‍പകുതിയായി കുറഞ്ഞതിനെപ്പറ്റി വിശദീകരിക്കാന്‍ ആന്റോ പക്ഷക്കാര്‍ തയ്യാറാവണം.
ആറന്മുള, മുല്ലപ്പുഴശ്ശേരി പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനും ആന്റോ ആന്റണിക്കും തിരിച്ചടിയുണ്ടായി. ഇവിടെ പോള്‍ ചെയ്ത 75 ശതമാനം വോട്ടുകളും യു.ഡി.എഫ്. വിരുദ്ധമായിരുന്നു. എം.എല്‍.എ. ശിവദാസന്‍നായരുടെ ബൂത്തില്‍പോലും ആന്റോ ആന്റണിക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. തദ്ദേശവാസികള്‍ വിമാനത്താവളത്തിന് അനുകൂലമാണെന്ന പ്രസ്താവന പിന്‍വലിക്കാന്‍ എം.എല്‍.എ. തയ്യാറാവുമോയെന്നും കുമ്മനം േചാദിച്ചു.
തിരഞ്ഞെടുപ്പ് ഫലത്തിന്റ അടിസ്ഥാനത്തില്‍ വിമാനത്താവളവിരുദ്ധ സമരം പിന്‍വലിക്കണമെന്ന ശിവദാസന്‍നായരുടെ പ്രസ്താവനയ്ക്ക് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ മറുപടി പറയണം.
കെ.ജി.എസ്., ആന്റോ ആന്റണി, ശിവദാസന്‍ നായര്‍ എന്നിവരുടെ സാമ്പത്തിക സ്രോതസ്സ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം സമരസമിതി ശക്തമാക്കും. തിരഞ്ഞെടുപ്പുഫലം ആറന്മുള പ്രക്ഷോഭത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നും ശക്തമാക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close