ജയത്തോടെ പഞ്ചാബ് തലപ്പത്ത്

ipl22-04

ഗ്ലെന്‍ മാക്സ്‌വെല്‍ ഒരിക്കല്‍ കൂടി പഞ്ചാബിന്റെ വെള്ളിടിയായി. 43 പന്തില്‍ മാക്സ്‌വെല്‍ നേടിയ 95 റണ്‍സിന്റെ കരുത്തില്‍ 193 റണ്‍സ് അടിച്ചുകൂട്ടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 72 റണ്‍സിന് തകര്‍ത്ത് തുടര്‍ച്ചയായ മൂന്നാം ജയം നേടി. വിജയത്തോടെ പഞ്ചാബ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. സ്കോര്‍: കിംഗ്സ് ഇലവന്‍ പഞ്ചാബ്: 20 ഓവറില്‍ 193/6, സണ്‍റൈസേഴ്സ് ഹൈദരാബാദ്: 19.2 ഓവറില്‍ 121ന് പുറത്ത്.

പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സിന് ഒരിക്കല്‍ പോലും വിജയപ്രതീക്ഷ ഉണര്‍ത്താനായില്ല. ക്യാപ്റ്റന്‍ ഷീഖര്‍ ധവാനായിരുന്നു ആദ്യം പവലിയനില്‍ തിരിച്ചെത്തിയത്. ഒരു റണ്ണായിരുന്നു ധവാന്റെ സമ്പാദ്യം. ഫിഞ്ച്(19), വാര്‍ണര്‍(9), സമി(15) തുടങ്ങിയ വമ്പനടിക്കാരെല്ലാം നനഞ്ഞ പടക്കങ്ങളായപ്പോള്‍ സണ്‍റൈസേഴ്സിന്റെ വിജയപ്രതീക്ഷ തുടക്കത്തിലെ അസ്തമിച്ചു. 27 റണ്‍സെടുത്ത രാഹുലാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. പഞ്ചാബിനായി 4 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ബാലാജി പര്‍പ്പിള്‍ ക്യാപ്പിനുടമയായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത  പഞ്ചാബ് രാജസ്ഥാനെതിരെ നിര്‍ത്തിയേടുത്തുനിന്നാണ് തുടങ്ങിയത്. സെവാഗും(22 പന്തില്‍ 30) പൂജാരയും (32 പന്തില്‍ 35) ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തിലൂന്നിയായിരുന്നു മാക്സ‌വെല്‍ ഇത്തവണ നിറഞ്ഞാടിയത്. മൂന്ന് സിക്സറും രണ്ടും ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സെവാഗിന്റെ ഇന്നിംഗ്സ്.

അഞ്ചു ബൗണ്ടറിയും ഒമ്പത് സിക്സറുകളും അടങ്ങുന്നതായിരുന്നു മാക്സ്‌‌വെല്ലിന്റെ തട്ടുതകര്‍പ്പന്‍ ഇന്നിംഗ്സ്. മാക്സ്‌വെല്ലിന്റെ വ്യക്തിഗത സ്കോര്‍ 11ല്‍ നില്‍ക്കെ വാര്‍ണര്‍ അനായാസമായ ക്യാച്ച് പാഴാക്കിയിരുന്നു. പിന്നീട് തിരിഞ്ഞു നോക്കാതിരുന്ന മാക്സ്‌വെല്‍ അമിത് മിശ്രയ ഒരോവറില്‍ മൂന്ന് സിക്സറിന് പറത്തി. സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ അടിച്ചു പറത്തിയ മാക്സ്‌വെല്ലിന് ഭാഗ്യവും തുണയായി. 62ല്‍ നില്‍ക്കെ സമിയുടെ പന്തില്‍ പുറത്തായെങ്കിലും റീപ്ലേയില്‍ നോബോളാണെന്ന് വ്യക്തമായതിനാല്‍ അമ്പയര്‍ മാക്സ്‌വെല്ലിനെ തിരിച്ചുവിളിച്ചു.

എങ്കിലും രണ്ടാം തവണയും സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ മാക്സ്‌വെല്‍ പുറത്തായി. അമിത് മിശ്രയുടെ പന്തില്‍ സമി പിടിച്ചാണ് മാക്സ്‌വെല്‍ കൊടുങ്കാറ്റ് അവസാനിപ്പിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close