ജയലളിത പ്രധാനമന്ത്രിയെ കണ്ടു; മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി വേണമെന്ന് ആവശ്യം

modi jayalalitha

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ടത്തിന് സമിതി രൂപവത്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു.

പതിനഞ്ച് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ തമിഴ്‌നാടിന്റെ ദീര്‍ഘകാലമായുള്ള മറ്റാവശ്യങ്ങളും ജയലളിത അവതരിപ്പിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ സുപ്രീംകോടതി, അണക്കെട്ടിന്റെ മേല്‍നോട്ടത്തിന് കേന്ദ്ര ജലക്കമ്മീഷന്റെ നേതൃത്വത്തില്‍ ഇരുസംസ്ഥാനങ്ങളുടെയും പ്രതിനിധികളടങ്ങുന്ന മൂന്നംഗ സമിതി രൂപവത്കരിക്കണമെന്ന് വിധിച്ചിരുന്നു. ഇതനുസരിച്ച് തമിഴ്‌നാടും കേരളവും പ്രതിനിധികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
പക്ഷേ, കേന്ദ്ര ജലക്കമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായ ഈ സമിതി രൂപവത്കരിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടില്ല. മഴക്കാലത്തും അതിനുമുമ്പും അണക്കെട്ടിന്റെ സുരക്ഷ മൂന്നംഗ സമിതി പരിശോധിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. കേരളത്തിലാണ് സമിതിയുടെ ഓഫീസ്. ചെലവ് തമിഴ്‌നാട് വഹിക്കണം.
കാവേരി ടെക്‌നിക്കല്‍ സെല്ലിന്റെ മേധാവി ആര്‍. സുബ്രഹ്മണ്യമാണ് തമിഴ്‌നാടിന്റെ പ്രതിനിധി. ജലവകുപ്പ് സെക്രട്ടറി വി.ജെ. കുര്യന്‍ കേരളത്തിന്റെ പ്രതിനിധിയും. യു.പി.എ. സര്‍ക്കാര്‍ സമിതി രൂപവത്കരിച്ചിരുന്നില്ല. എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഈ വിഷയത്തിലേക്ക് ഇതുവരെ കടന്നിട്ടുമില്ല. ഈ അവസരത്തിലാണ് പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ മേല്‍നോട്ട സമിതി അടിയന്തരമായി രൂപവത്കരിക്കണമെന്ന് ജയലളിത ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ മുല്ലപ്പെരിയാര്‍ വിഷയം, നദീജല സംയോജനം എന്നിവ പഠിക്കാന്‍ വിദഗ്ധസമിതിയെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ശ്രീലങ്കന്‍ നാവികസേന തമിഴ്‌നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളെ പിടികൂടി തടവിലാക്കുന്ന വിഷയവും ജയലളിത പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്രസഹായ പദ്ധതികള്‍ക്കുള്ള പണം പ്രതീക്ഷിച്ച് 700 കോടിയോളം രൂപ തമിഴ്‌നാട് ചെലവഴിച്ചിട്ടുണ്ട്. ഈ കുടിശ്ശിക നല്‍കണമെന്നും ജയലളിത ആവശ്യപ്പെട്ടു. എന്നാല്‍, തമിഴ്‌നാടിന് പ്രത്യേക സാമ്പത്തികപാക്കേജിനുവേണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് ജയലളിത പറഞ്ഞു. ചരക്ക് സേവനനികുതി നടപ്പാക്കുന്നത് സംബന്ധിച്ച ആശങ്കയും അവര്‍ പങ്കുവെച്ചു.
എന്‍.ഡി.എ. സര്‍ക്കാറിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ ഉത്തരം അവര്‍ നല്‍കിയില്ല. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ എ.ഐ.എ.ഡി.എം.കെ.യുടെ പിന്തുണ സര്‍ക്കാറിന് ആവശ്യമാണ്. ലോക്‌സഭയില്‍ ബി.ജെ.പി.ക്ക് ഒറ്റയ്ക്കുതന്നെ ഭൂരിപക്ഷമുണ്ട്. രാജ്യസഭയിലെ വിഷയം ചൂണ്ടിക്കാട്ടിയപ്പോള്‍ പിന്തുണവേണ്ട സാഹചര്യം വരുമ്പോള്‍ പരിശോധിക്കുമെന്ന മറുപടി മാത്രമാണ് ജയലളിത നല്‍കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close