ജയിലിലുള്ളവര്‍ മത്സരിക്കുന്നത് എന്തിനെന്ന് സുപ്രീം കോടതി

supreme court

ജയിലിലുള്ളവര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കി ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതി ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു.

നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചത്. ജയിലിലുള്ളവരെ മത്സരിക്കാന്‍ എന്തിന് അനുവദിക്കണമെന്ന് കോടതി ചോദിച്ചു.

വിചാരണത്തടവുകാര്‍ക്കോ പോലീസ് കസ്റ്റഡിയിലോ ജുഡീഷ്യല്‍ കസ്റ്റഡിയിലോ ഉള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കിക്കൊണ്ടുള്ള സുപ്രീംകോടതിവിധി മറികടക്കാനാണ് സര്‍ക്കാര്‍ ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കാന്‍ നേരത്തേ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

ഹൈക്കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാരനായ അഡ്വ. മനോഹര്‍ലാല്‍ ശര്‍മ വീണ്ടും സുപ്രീംകോടതിയിലെത്തിയത്. കഴിഞ്ഞ സപ്തംബറില്‍ കൊണ്ടുവന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും രാഷ്ട്രീയപാര്‍ട്ടികളുടെ താത്പര്യത്തിനുവേണ്ടിമാത്രമാണെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

ജയിലിലുള്ളതുകൊണ്ടുമാത്രം ഒരാളുടെ വോട്ടവകാശം ഇല്ലാതാകുന്നില്ലെന്ന് വ്യക്തമാക്കുന്ന ഭേദഗതി സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് അംഗീകരിച്ചിരുന്നു. എന്നാല്‍, ഭേദഗതിയുടെ ഭരണഘടനാപരമായ സാധുത ആര്‍ക്കുവേണമെങ്കിലും ചോദ്യംചെയ്യാമെന്നും വ്യക്തമാക്കി.
ജയിലിലുള്ളവര്‍ക്ക് മത്സരിക്കാന്‍ പറ്റില്ലെന്ന നിലപാട് അംഗീകരിച്ചാല്‍ രാഷ്ട്രീയ കുടിപ്പകയായിരിക്കും ഫലമെന്ന് ശര്‍മയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്ക്കരണം തടയുന്നതിനുള്ള ഇത്തരം ചികിത്സകള്‍ രോഗത്തേക്കാള്‍ അപകടകരമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ജനപ്രാതിനിധ്യനിയമത്തില്‍ ജയിലിലുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ അവകാശമില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ വിധി വന്നത്. വോട്ടുചെയ്യാന്‍ അവകാശമില്ലെങ്കില്‍ ജയിലിലുള്ളവര്‍ക്ക് മത്സരിക്കാനും പറ്റില്ലെന്ന് കോടതി വിധിച്ചു. വിധി വന്നദിവസംതൊട്ട് മുന്‍കാലപ്രാബല്യത്തോടെയാണ് ദേഭഗതി കൊണ്ടുവന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close