ജര്‍മനിക്ക് ഘാന മണികെട്ടുമോ?

muller2
പോര്‍ച്ചുഗലിനെ കടിച്ചു കീറി അടുത്ത ഇരയ്ക്കായി കാത്തിരിക്കുന്ന ജര്‍മനിയില്‍ നിന്നും കുതറിമാറാന്‍ ഘാനയ്ക്കാകുമോ? ഗ്രൂപ്പ് ജിയിലെ രണ്ടാം പോരിന് ഘാനയും ജര്‍മനിയും കൊമ്പു കോര്‍ക്കുമ്പോള്‍ ലോകം മുഴുവന്‍ ഉയരുന്ന ചോദ്യമിതാണ്. അത്ര ആധികാരികമായിരുന്നു പോര്‍ച്ചുഗലിനെതിരെ ജര്‍മനിയുടെ പ്രകടനം. എതിരില്ലാത്ത നാല് ഗോളുകളാണ് പോര്‍ച്ചുഗീസ് കോട്ട നെടുകെ പിളര്‍ന്ന് അകത്ത് കയറിയത്. എന്നാല്‍ മറു വശത്ത് ഘാനയും ചില്ലറക്കാരല്ല. അമേരിക്കയോട് അവസാന നിമിഷം വരെ പൊരുതിയാണ് അവര്‍ തോല്‍വി സമ്മതിച്ചത്. ഇന്ന് തോറ്റാല്‍ പുറത്തേക്കുള്ള വഴി തുറക്കുമെന്നതിനാല്‍ എല്ലാം മറന്നുള്ള പോരാട്ടമാണ് ഘാന ലക്ഷ്യമിടുന്നത്. പോര്‍ചുഗലിനെ നേരിട്ട അതേ ടീമിനെ നിലനിര്‍ത്താനായിരിക്കും ജര്‍മന്‍ കോച്ച് ജോക്കിം ലോയുടെ തീരുമാനം. ഹാട്രിക് നേടിയ തോമസ് മുള്ളറും ഓസിലും ക്രൂസുമടങ്ങുന്ന മുന്നേറ്റ നിരയാണ് ടീമിന്റെ ശക്തി.
എന്നാല്‍ മൈക്ക് എസിയാനെ കൂടി ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി ഫിനിഷിംഗിലെ  പോരായ്മകള്‍ പരിഹരിച്ചാകും ഘാന ഇറങ്ങുക. അസമോവ ഗ്യാന്‍ ആന്ദ്രെ അയൂ, ജോര്‍ദാന്‍ അയൂ, ക്രിസ്റ്റിയന്‍ അത്്‌സു, സുല്ലെ അലി മുന്‍താരി, തുടങ്ങി ഒട്ടേറെ മിന്നും താരങ്ങളുണ്ട് ഘാനക്ക്.  ലോകകപ്പിലെ രണ്ടാം  മത്സരങ്ങളില്‍ നേരിടുന്ന തിരിച്ചടിയാണ് ജര്‍മനിയെ ഭയപ്പെടുത്തുന്ന ഘടകം. 1994 ന്ശേഷം ഒരിക്കല്‍ മാത്രമാണ് അവര്‍ രണ്ടാം മത്സരം ജയിച്ചത് 2006 ല്‍ പോളണ്ടിനെതിരെ, കഴിഞ്ഞ തവണ സെര്‍ബിയയോട് തോര്‍ക്കുകയും ചെയ്തു. മൂന്നാം മത്സരത്തില്‍ ഘാനയെ തോല്‍പ്പിച്ചാണ് അന്ന് ജര്‍മനി പ്രീ ക്വാര്‍ട്ടറിലെത്തിയത്. ജര്‍മന്‍ ആക്രമണത്തെ സമര്‍ത്ഥമായി പ്രതിരോധിച്ച
ആഫ്രിക്കക്കാര്‍ ഏകഗോളിനാണ് അന്ന് തോല്‍വി സമ്മതിച്ചത്. ആ മികവ് അല്‍പം കൂടി രാകി മിനുക്കി ജര്‍മനിയെ പിടിച്ചു കെട്ടാന്‍ തന്നെയാണ് ഘാന ഇറങ്ങുന്നത്.
Show More
Close
Close