ജര്‍മനി വിറച്ചു

പോര്‍ച്ചുഗലിനെ ചിന്നഭിന്നമാക്കിയെത്തിയ ജര്‍മന്‍ പടയെ  ഘാന പിടിച്ചു കെട്ടി. ആഫ്രിക്കന്‍ ഫുട്ബോളിന്റെ കരുത്തിന് മുന്നില്‍ വിറച്ച ജര്‍മനി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ആദ്യം ലീഡെടുത്തെങ്കിലും പിന്നില്‍ പോയ ജര്‍മനിക്ക് മിറോസ്ലോവ് ക്ലോസെയാണ് ജീവന്‍ പകര്‍ന്നത്. പകരക്കാരനായി ഇറങ്ങിയ ക്ലോസെ ഗ്രൗണ്ടിലിറങ്ങി 2ാം മിനുട്ടില്‍ തന്നെ ഒരങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് തെളിയിച്ചു. ഇതോടെ ലോകകപ്പിലെ ആകെ ഗോള്‍ വേട്ടയില്‍ 15 ഗോളുകളുമായി ക്ലോസെ ബ്രസിലിന്റെ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തി. ആദ്യ മത്സരത്തിലെ മികവിന്റെ നിഴല്‍ മാത്രമായിരുന്നു ജര്‍മനി. തോമസ് മുള്ളര്‍ നിരാശപ്പെടുത്തിയപ്പോള്‍ മെസ്യൂട്ട് ഓസിലാണ് ജര്‍മന്‍ ആക്രമണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം വേഗതയാര്‍ന്ന നീക്കങ്ങളിലൂടെ കളം നിറഞ്ഞ ഘാനയെ ഞെട്ടിച്ച് ജര്‍മനിയുടെ ഗോള്‍ പിറന്നു. തോമസ് മുള്ളര്‍ മറിച്ചു നല്‍കിയ ബോള്‍ മരിയോ ഗോട്സെ മുട്ടുകൊണ്ട് വലയിലേക്ക് തൊടുത്തു. നിമിഷങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ ജര്‍മനിയുടെ ആഘോഷം നിലയ്ക്കാന്‍. സമാനമായ ഗോളിലൂടെ അന്ദ്രേ അയൂ ഘാനയെ ഒപ്പമെത്തിച്ചു.ആ ഞെട്ടല്‍ മാറും മുമ്പ് വീണ്ടും ജര്‍മന്‍ വല ചലിച്ചു.
63ാം മിനുട്ടില്‍ മനോഹരമായ ഗോളിലൂടെ അസമോവ ഗ്യാന്‍ ഘാനയെ മുന്നിലെത്തിച്ചു. മൊണ്ടാരി നല്‍കിയ ത്രൂ പാസുമായി വലതു വിംഗില്‍ നിന്നും   അസമാവോ ഗ്യാന്‍ തൊടുത്ത ഷോട്ട് മാനുവല്‍ ന്യൂയറെയും മറികടന്നു. തുടരന്‍ ആക്രമണങ്ങളിലൂടെ കളം നിറഞ്ഞ ഘാന പല തവണ ഗോളിനടുത്തെത്തി, അയൂ സഹോദരന്‍മാരും സുലേ മുണ്ടാരിയും ഗ്യാനും ജര്‍മന്‍ മതിലിന് വിള്ളലുണ്ടാക്കുമെന്ന് പല തവണ തോന്നിച്ചു.
എന്നാല്‍ മരിയോ ഗോഡ്സെയ്ക്ക് പകരം മിറോസ്ലാവ് ക്ലോസെയും സമി കദീരയ്ക്ക് പകരം ഷ്വൈന്‍സറ്റീഗറും വന്നതോടെ കളി മാറി.69 ാം മിനുട്ടില്‍ ഗ്രൗണ്ടിലെത്തിയ ക്ലോസെ 2 മിനുട്ടിനകം ജര്‍മനിയുെട രക്ഷകനായി. സമനിലയോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ജര്‍മനിയാണ് ഗ്രൂപ്പില്‍ മുന്നില്‍. ഘാനയ്ക്ക് ഒരു പോയിന്റാണ് ഉള്ളത്.
Show More
Close
Close