ജില്ലയില്‍ പുകയില വില്പനക്കെതിരെ നടപടി കര്‍ശനമാക്കുന്നു

കൊച്ചി: ജില്ലയില്‍ പുകയില ഉത്പന്നങ്ങളുടെ വിപണനം പൂര്‍ണമായും ഇല്ലാതാക്കാന്‍ ജില്ലാ ഭരണകൂടവും പോലീസും കൈകോര്‍ക്കുന്നു. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പൂര്‍ണമായും പിന്തിരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം പത്രസമ്മേളനത്തില്‍ പറഞ്ഞു.
പുകയില നിയന്ത്രണ നിയമമായ കോട്പ 2003-ലെ വ്യവസ്ഥകള്‍ പ്രകാരം പരിശോധനകള്‍ കര്‍ശനമാക്കുന്നതിനാണ് ശ്രമം. പോലീസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കും. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതോടെ സ്‌കൂളുകളിലും മറ്റും മിന്നല്‍ പരിശോധനകള്‍ നടത്തും. സ്‌കൂളിന്റെ നൂറ് വാര ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു പോലുള്ള കോട്പയിലെ പ്രധാന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുള്ളതായും കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് പുകയില ഉത്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളത്താണ്. 2013 ജനവരി മുതല്‍ ഡിസംബര്‍ വരെ സിറ്റി പോലീസും റൂറല്‍ പോലീസും ചേര്‍ന്ന് 16,878 പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ടുബാക്കോ ഫ്രീ കേരള കോ-ഓര്‍ഡിനേറ്റര്‍ എസ്. ജയരാജും പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close