ജില്ലയില്‍ വ്യാപക മഴക്കെടുതി; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ട് മരണം

കൊല്ലം: ജില്ലയില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ കെടുതികളില്‍ രണ്ട് പേര്‍ മരിച്ചു. കല്ലടയാറും ഇത്തിക്കരയാറും പള്ളിക്കലാറും കരകവിഞ്ഞൊഴുകി. പലയിടത്തും വ്യാപകമായ കൃഷിനാശമുണ്ടായിട്ടുണ്ട്. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എം.സി.റോഡിന്റെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതിനാല്‍ പലയിടത്തും ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് അയണിക്കോട് ചരുവിള പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്‍ (കിളി-45), മണ്‍റോതുരുത്ത് നെന്മേനി കിഴക്ക് തട്ടേല്‍മുക്ക് തോപ്പില്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ അനില്‍ കുമാര്‍-മാധുരി ദമ്പതിമാരുടെ മകള്‍ അനശ്വര (രണ്ടര) എന്നിവരാണ് മരിച്ചത്. കൃഷിനാശത്തിന് പുറമെ ജില്ലയില്‍ 32,33,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നാണ് ഉറങ്ങുകയായിരുന്ന രാധാകൃഷ്ണന്‍ മരിച്ചത്. രാധാകൃഷ്ണന്‍ ഒറ്റയ്ക്കായിരുന്നു താമസം. രാവിലെയാണ് ബന്ധുക്കളും അയല്‍വാസികളും സംഭവം അറിഞ്ഞത്. വീടിന് സമീപത്തെ കരകവിഞ്ഞൊഴുകിയ തോട്ടില്‍ വീണാണ് അനശ്വര മരിച്ചത്. കുഞ്ഞിനെ നാട്ടുകാര്‍ താലൂക്ക് ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സംഭവം. അമ്മ വീടിന്റെ ടെറസ്സിലേക്ക് പോയ സമയത്താണ് അപകടമുണ്ടായത്. ഒന്നാം ക്ലാസ്സുകാരി അനുഗ്രഹയാണ് സഹോദരി. കളക്ടര്‍ ഇന്‍ ചാര്‍ജ് ബി.ഉണ്ണിക്കൃഷ്ണന്റെ നിര്‍ദേശപ്രകാരം അടിയന്തര ധനസഹായമായി രാധാകൃഷ്ണന്റെ ആശ്രിതര്‍ക്കും അനശ്വരയുടെ രക്ഷാകര്‍ത്താക്കള്‍ക്കും 10,000 രൂപ വീതം നല്‍കി.

വൈദ്യുതി ബോര്‍ഡിന്റെ പുനലൂര്‍ ഡിവിഷന്‍ പരിധിയില്‍ 25ഓളം പോസ്റ്റുകള്‍ ഒടിഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുളത്തൂപ്പുഴ ചോഴിയക്കോട്ട് സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലും പുനലൂരിലെ വിളക്കുവെട്ടം സര്‍ക്കാര്‍ എല്‍.പി.എസ്സിലും വെട്ടിത്തിട്ട സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. അലിമുക്ക്-അച്ചന്‍കോവില്‍ പാതയിലെ കറവൂരില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് പുനലൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന് അച്ചന്‍കോവില്‍, ചെമ്പനരുവി, സഹ്യസീമ, കുമരംകുടി പ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

മലവെള്ളപ്പാച്ചിലില്‍ കലുങ്കുകളും റോഡുകളും തകര്‍ന്നതിനെ തുടര്‍ന്ന് പുനലൂര്‍-മുള്ളുമല വഴി അച്ചന്‍കോവിലിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. കല്ലടയാറ് കരകവിഞ്ഞൊഴുകി ഏനാത്ത് പാലത്തിന്റെ വശങ്ങള്‍ ഇടിഞ്ഞുവീണ് കെട്ടിടമുള്‍പ്പെടെ ഒഴുകിപ്പോയി. ഇവിടെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ കരയിടിഞ്ഞിട്ടുണ്ട്. പവിത്രേശ്വരം എസ്.എന്‍.പുരം-വാണിവിള റോഡ് വെള്ളത്തിനടിയിലായി. പവിത്രേശ്വരം, കുളക്കട, നെടുവത്തൂര്‍ പഞ്ചായത്തുകളിലെ ഏലാകളിലെല്ലാം വെള്ളം കയറി ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായിട്ടുണ്ട്. താഴത്തുകുളക്കട മത്സ്യക്കൃഷി കേന്ദ്രത്തിലേക്ക് ആറ്റിലെ വെള്ളം കയറി എട്ട് ലക്ഷത്തിന്റെ നഷ്ടം ഉണ്ടായതായി അധികൃതര്‍ പറഞ്ഞു.
പത്തനാപുരം പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍-കടയ്ക്കാമണ്‍ മേഖലകളില്‍ ഒട്ടേറെ വീടുകള്‍ വെള്ളത്തിനടിയിലായി. കടയ്ക്കാമണ്‍ അംബേദ്കര്‍ കോളനിയിലെ പൂവാലിക്കുഴി ഭാഗത്ത് എട്ട് വീടുകള്‍ വെള്ളത്തിനടിയിലായി. കടയ്ക്കാമണ്‍ തോട് കരകവിഞ്ഞൊഴുകി. പത്തനാപുരം നടുക്കുന്ന്-കമുകുംചേരി റോഡിലെ മാക്കുളം പാലം വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. പട്ടാഴി വടക്കേക്കര പഞ്ചായത്ത് കടുവാത്തോട്ടിലെ മിച്ചഭൂമിയിലെ ആറ് വീടുകള്‍ വെള്ളം കയറി നശിച്ചു. ഇവിടെയുള്ളവരെ പട്ടാഴി വടക്കേക്കര ഏറത്ത് വടക്ക് ഗവ. യു.പി.സ്‌കൂള്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പത്തനാപുരം-പട്ടാഴി റോഡില്‍ പന്തപ്ലാവ് പൂക്കുന്നില്‍ മഹാതേവര്‍ ക്ഷേത്രത്തിന് സമീപം വെള്ളം കയറിയതിനാല്‍ പത്തനാപുരം ഡിപ്പോയില്‍നിന്ന് പട്ടാഴിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളെല്ലാം റദ്ദാക്കി.

ചടയമംഗലത്ത് മണ്ണിടിച്ചിലില്‍ നിരവിധി വീടുകള്‍ തകര്‍ന്നു. ചുണ്ട-ആയൂര്‍, ആയൂര്‍-അഞ്ചല്‍ റോഡുകളില്‍ കുഴിയത്തും കാട്ടുവാമുക്കിലും പെരുങ്ങള്ളൂരിലുമാണ് ഇത്തിക്കരയാറ് കരകവിഞ്ഞൊഴുകിയത്. ഇതുമൂലം ആയൂരില്‍നിന്ന് അഞ്ചല്‍ പോകേണ്ട വാഹനങ്ങള്‍ എം.സി.റോഡ് പൊലിക്കോട് ജങ്ഷനില്‍നിന്ന് അറയ്ക്കല്‍ അസുരമംഗലം വഴിയാണ് പോയത്.

തെന്മലയില്‍ മാമ്പഴത്തറ പാറപ്പള്ളി പാലത്തിന്റെ വശം വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കഴുതുരുട്ടിക്ക് സമീപം ദേശീയപാതയില്‍ മണ്ണിടിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ഉറുകുന്ന് മലവേടര്‍ കോളനിയില്‍ തോട് കരകവിഞ്ഞ് ദിശമാറി പുരയിടങ്ങളിലേക്ക് ഒഴുകി. കൊട്ടാരക്കര ഉമ്മന്നൂരില്‍ ഒരു വീട് തകര്‍ന്നു. ചടയമംഗലം കുമിള്‍ ഭാഗത്ത് മൂന്ന് വീടുകള്‍ തകര്‍ന്നു. എം.സി.റോഡില്‍ കരിക്കത്ത് മണ്ണിടിഞ്ഞുവീണു. കുളക്കട വൈദ്യുതി സെക്ഷനിലെ ഏഴ് ട്രാന്‍സ്‌ഫോര്‍മറുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം തകരാറിലായി. കല്ലടയാറ് കരകവിഞ്ഞൊഴുകുന്നതിനാല്‍ ഇവിടെ തോടുകളും നിറഞ്ഞൊഴുകുകയാണ്.
കരുനാഗപ്പള്ളിയില്‍ 600ഓളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തഴവയില്‍ ഒരിടത്തും ഓച്ചിറയില്‍ മൂന്നിടത്തും ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.

ചന്ദനത്തോപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ രണ്ടാഴ്ച മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കക്കൂസ് തോട്ടിലേക്ക് ഒഴുകിപ്പോയി. കെട്ടിടത്തിന്റെ അസ്തിവാരവും തകര്‍ന്നിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close