ജില്ലയില്‍ 16 ബ്ലേഡ് പലിശക്കാര്‍ അറസ്റ്റില്‍.

തിരുവനന്തപുരം: ജില്ലയില്‍ പോലീസ് നടത്തിയ വ്യാപക റെയ്്ഡില്‍ 16 ബ്ലേഡ് പലിശക്കാര്‍ പിടിയില്‍. ലക്ഷക്കണക്കിന് രൂപയുടെ മുദ്രപത്രങ്ങള്‍, ബ്ലാങ്ക് ചെക്കുകള്‍, റവന്യൂസ്റ്റാമ്പ് പതിപ്പിച്ച പേപ്പറുകള്‍, ആര്‍.സി.ബുക്കുകള്‍, രണ്ട് വാഹനങ്ങള്‍, മൂന്നേകാല്‍ ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. തിരുവനന്തപുരം നഗരത്തിലും മറ്റ് പ്രദേശങ്ങളിലുമായി 99 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ബ്ലേഡ് പലിശ മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടത്തിയത്.

മണ്ണന്തല ഭാഗത്ത് നിന്ന് ബോംബ് കണ്ണനെന്ന് അറിയപ്പെടുന്ന സതീഷ് കുമാര്‍, അരുണ്‍കുമാര്‍, സജിലാ ഗാന്ധി, കോവളം സ്വദേശി ബാബു, വഞ്ചിയൂര്‍ സ്വദേശികളായ രതീഷ്, അജിത്, ബാലനഗര്‍ സ്വദേശി ധനൂജ, കൊച്ചുവേളി സ്വദേശികളായ ജോണ്‍ ലോപ്പസ്, എല്‍സി, ശാന്തിനഗര്‍ ബാബു, പഴഞ്ചിറ സ്വദേശിനി ശോഭ, എന്നിവരെ പിടികൂടി. ജില്ലയുടെ മറ്റ് പ്രദേശങ്ങളായ വെഞ്ഞാറമൂട് സ്വദേശി അന്‍സലി, അരുവിക്കര വിജയകുമാര്‍, ആര്യനാട് ഷാജി, വിതുര സതീഷ്‌കുമാര്‍, നരുവാമൂട് സുരേന്ദ്രന്‍നായര്‍ എന്നിവരെയുമാണ് പിടികൂടിയത്. ജില്ല വിട്ടുള്ള ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ രേഖകള്‍, നിരവധി പ്രമാണങ്ങള്‍, മുദ്രപത്രങ്ങള്‍, ചെക്ക് ലീഫുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു.
ചാല മാര്‍ക്കറ്റ് പ്രദേശവുമായി ബന്ധപ്പെട്ട് ബ്ലേഡ് മാഫിയകളെ കണ്ടെത്താന്‍ അഞ്ചിടങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ചാല സ്വദേശി യേശുദാസ്, കുര്യാത്തി സ്വദേശികളായ ശക്തിവേല്‍, അസീം, അട്ടക്കുളങ്ങര ബൈപ്പാസിന് സമീപം മുത്തുകൃഷ്ണന്‍ എന്നിവര്‍ അടക്കമുള്ളവരുടെ വീടുകളില്‍ ഫോര്‍ട്ട് പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഒരു രേഖകളും കണ്ടെത്താനായില്ല. പോലീസ് എത്തും മുമ്പുതന്നെ റെയ്ഡ് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ഇവിടങ്ങളിലെ രേഖകള്‍ മുഴുവനും ഇവര്‍ മാറ്റിയത് എന്ന് പോലീസ് കണ്ടെത്തി. ജഗതിയിലെ അനധികൃത പണമിടപാട് കേന്ദ്രത്തിലും റെയ്ഡ് നടത്തി, ഇവര്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞു
99 ഓളം കേന്ദ്രങ്ങളില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി മാര്‍, അസിസ്റ്റന്‍ഡ് കമ്മീഷണര്‍മാര്‍, സി.ഐമാര്‍, എസ്. ഐ മാരടക്കമുള്ളവരും നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആര്യനാട് എന്നിവിടങ്ങളിലെ ഡിവൈ.എസ്.പിമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. പിടികൂടിയവര്‍ക്ക് എതിരെ മണിലെന്‍ഡ് ആക്ട് പ്രകാരവും ചതി, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയുമാണ് കേസെടുത്തത്. പിടികൂടിയ എല്ലാപ്രതികളെയും കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close