ടി.പി. കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ.

tp chandrashekaran49

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച് സി.ബി.ഐ.യുടെ റിപ്പോര്‍ട്ട് തയ്യാറായി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സി.ബി.ഐ.യുടെ റിപ്പോര്‍ട്ട്.

നേരത്തെ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാട് സി.ബി.ഐ. വ്യക്തമാക്കിയിരുന്നു. എന്നാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് വീണ്ടും കത്തയച്ചിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ കത്ത് പരിഗണിച്ച് കേസന്വേഷണം ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് വീണ്ടും പരിശോധിക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സി.ബി.ഐ. ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. വിചാരണ കഴിഞ്ഞ് വിധി പറഞ്ഞ കേസിന്റെ ഗൂഢാലോചന മാത്രം അന്വേഷിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സി.ബി.ഐ. അന്തിമമായി എടുത്തിട്ടുള്ളത്.

പ്രധാന കേസില്‍ ശിക്ഷ വിധിച്ച സാഹചര്യത്തില്‍ കേസിന്റെ ഗൂഢാലോചന മാത്രം അന്വേഷിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സി.ബി.ഐ. ആവര്‍ത്തിക്കുന്നത്. കൂടാതെ, ഇത്തരത്തില്‍ കേസ് ഏറ്റെടുത്ത കീഴ്വഴക്കവും നിലവിലില്ല.

നേരത്തെ കേസന്വേഷിച്ച സംസ്ഥാന പോലീസിന് ഗൂഢാലോചന കൂടി അന്വേഷിക്കാമായിരുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കേ, സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം പ്രസക്തമല്ലെന്നാണ് സി.ബി.ഐ.യുടെ നിഗമനം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിന്റെ ചുമതലയുള്ള ചെന്നൈയിലെ ജോയിന്റ് ഡയറക്ടര്‍ അരുണാചലം അടുത്തദിവസം തന്നെ, സി.ബി.ഐ. ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ടി.പി. കേസില്‍ ഉന്നത സി.പി.എം. നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രമയുടെ പരാതിയുടെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close