ട്രെയിന്‍ യാത്രാനിരക്ക് കൂട്ടി

irail

റെയില്‍വേ യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും ഉയര്‍ത്തി. പുതിയ നിരക്കുകള്‍ ബുധനാഴ്ച പ്രാബല്യത്തില്‍വരും. എല്ലാ ക്ലാസുകളിലേയും യാത്രക്കാര്‍ക്ക് വര്‍ധന ബാധകമാണ്. നേരത്തേ ബുക്കുചെയ്തവര്‍ പുതിയ നിരക്കുകള്‍ യാത്രാവേളയില്‍ നല്‍കേണ്ടിവരും. ചരക്കുകൂലിവര്‍ധന സാധനങ്ങളുടെ വില കൂടാന്‍ കാരണമാകും.

യാത്രാക്കൂലി 14.2 ശതമാനമാണ് ഉയര്‍ത്തിയതെങ്കിലും സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസുകളിലേതൊഴികെ ഉയര്‍ന്ന ക്ലാസുകളിലെ എല്ലാ യാത്രക്കാരും അതിനേക്കാള്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരും. എ.സി. ചെയര്‍ കാറിലും മറ്റെല്ലാ ഉയര്‍ന്ന ക്ലാസുകളിലും 3.78 ശതമാനം സര്‍വീസ് ചാര്‍ജ് വേറെയും കൊടുക്കണം. അപ്പോള്‍ യഥാര്‍ഥത്തിലുള്ള നിരക്കുവര്‍ധന ഏതാണ്ട് 20 ശതമാനത്തോളം വരും. 14.2 ശതമാനം വര്‍ധിപ്പിച്ച നിരക്ക്, റിസര്‍വേഷന്‍ നിരക്ക്, സൂപ്പര്‍ഫാസ്റ്റ് നിരക്ക് എന്നിവയെല്ലാം കൂട്ടിയാല്‍ കിട്ടുന്ന മൊത്തം തുകയുടെ 3.78 ശതമാനമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. കഴിഞ്ഞകൊല്ലത്തെ ബജറ്റിലാണ് ഉയര്‍ന്ന ക്ലാസുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ബാധകമാക്കിയത്.
വന്‍പ്രതീക്ഷ നല്‍കി അധികാരത്തിലെത്തിയ മോദി സര്‍ക്കാറിന്റെ പുതിയ തീരുമാനം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

എന്നാല്‍, മുന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ച വര്‍ധനയാണ് ഇപ്പോള്‍ തങ്ങള്‍ നടപ്പാക്കുന്നതെന്നാണ് റെയില്‍വേ മന്ത്രി സദാനന്ദഗൗഡയുടെ വിശദീകരണം.
യാത്രാ, ചരക്കുകൂലി കൂട്ടാന്‍ മെയ് 16ന് റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന ദിവസം പുറത്തിറക്കിയ ഉത്തരവ് അന്നത്തെ റെയില്‍വേമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ത്തിവെച്ചു. തീരുമാനം പുതിയ സര്‍ക്കാറിന് വിട്ട് അദ്ദേഹം ഉത്തരവിറക്കി. വര്‍ധന നിര്‍ത്തിവെക്കാന്‍ അന്നു നല്‍കിയ ഉത്തരവ് ഇപ്പോള്‍ പിന്‍വലിക്കുകയാണെന്ന് മന്ത്രാലയം വെള്ളിയാഴ്ച വൈകിട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഉയര്‍ന്ന ക്ലാസ് യാത്രക്കാരെയും ദീര്‍ഘദൂര യാത്രക്കാരേയുമാണ് നിരക്കുവര്‍ധന കാര്യമായി ബാധിക്കുക. ഉയര്‍ന്നക്ലാസ് യാത്രാ നിരക്കുകള്‍ കഴിഞ്ഞകൊല്ലം ഒക്ടോബറില്‍ കൂട്ടിയിരുന്നു. അതിനു തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ വീണ്ടും നിരക്ക് ഉയര്‍ത്തിയത്.
ചെറിയ ദൂരത്തില്‍ എ.സി.യില്‍ യാത്ര ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിരക്കുവര്‍ധന ദോഷകരമാവും. എ.സി. ചെയര്‍കാര്‍ ഒഴിച്ചുള്ള എല്ലാ ക്ലാസുകളിലും മിനിമം 300 കി.മീ. ദൂരത്തിന്റെ ചാര്‍ജാണ് ഈടാക്കുക. ഹ്രസ്വദൂരയാത്രക്കാരില്‍നിന്ന് ഇപ്പോള്‍ത്തന്നെ ഈടാക്കുന്നത് ഉയര്‍ന്ന നിരക്കാണ്.
നിരക്കുവര്‍ധന ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് റെയില്‍വേ മന്ത്രാലയം വിശദീകരിച്ചു. ഇപ്പോള്‍ ഒരുവര്‍ഷം 9000 കോടി രൂപയുടെ നഷ്ടമാണ് റെയില്‍വേക്ക് ഉണ്ടാവുന്നത്. ബജറ്റുമായി ഈ വര്‍ധനയ്ക്ക് ബന്ധമില്ല. റെയില്‍വേ നിരക്കുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ റെയില്‍വേ നിരക്ക് അതോറിറ്റി രൂപവത്കരിക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്ധനച്ചെലവ് ഉയരുമ്പോള്‍ അതിനാനുപാതികമായി നിരക്ക് വര്‍ധന ശുപാര്‍ശചെയ്യലാണ് അതോറിറ്റിയുടെ ചുമതല.

*യാത്രക്കൂലി എല്ലാ ക്ലാസുകളിലും 14.2 ശതമാനം വര്‍ധന.(എല്ലാ ക്ലാസുകളിലും 10 ശതമാനം അടിസ്ഥാന നിരക്കുവര്‍ധനവും 4.2 ശതമാനം ഇന്ധനവില ഏകീകരണവും).
*രണ്ടാംക്ലാസിലെ മാസത്തിലുള്ള സീസണ്‍ ടിക്കറ്റ് നിരക്ക് 30 ഒറ്റ യാത്രയുടെ അടിസ്ഥാനത്തില്‍ കണക്കാക്കും. നിലവില്‍ ഇത് 15 ഒറ്റ യാത്രയായിട്ടാണ് കണക്കാക്കുന്നത്.
*റിസര്‍വേഷന്‍ ഫീസ്,സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ്,സര്‍ ചാര്‍ജ് എന്നിവയില്‍ മാറ്റമില്ല.
*സേവനനികുതി നേരത്തേതുപോലെ ഈടാക്കും.
*നേരത്തേ ബുക്കു ചെയ്തവരില്‍നിന്ന് പുതിയ നിരക്കുകള്‍ ടി.ടി.ഇ. ഈടാക്കും.
*ചരക്കുകളുടെ കാര്യത്തില്‍ അഞ്ചു ശതമാനം അടിസ്ഥാന നിരക്കുവര്‍ധനവും 1.4 ശതമാനം ഇന്ധനവില ഏകീകരണവും.
*100 കി.മി.വരെയുള്ള ദൂരത്തേക്ക് ബുക്ക് ചെയ്ത ചരക്കുകള്‍ക്കുള്ള നിരക്കിളവ് പിന്‍വലിച്ചു. ചാര്‍ജ് ഈടാക്കുന്നതിനുള്ള കുറഞ്ഞദൂരം 125 കി.മി. ആക്കി.
*ചില സാധനസാമഗ്രികളുടെ കടത്തിന് ഇതുവരെ നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിച്ചു.

Show More

Related Articles

Close
Close