ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് ആകാമെന്ന് കോണ്‍ഗ്രസ്‌

 

ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് ആകാമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

അസംബ്ലി മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെ സുപ്രീം കോടതി കോണ്‍ഗ്രസ് നിലപാട് ആരാഞ്ഞിരുന്നു.

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഇരുപാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തയ്യാറാണോയെന്നും സുപ്രീം കോടതി ആരാഞ്ഞിരുന്നു.

ലോക് സഭാ തിരഞ്ഞെടുപ്പിനുശേഷം ബി ജെ പി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് ആകാമെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചത് എന്നാണ് സൂചന. വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ സമയമായില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് ഇതുവരെ സ്വീകരിച്ചിരുന്നത്.

ഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 32 സീറ്റുനേടിയ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 70 അംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റ് ലഭിച്ചിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപവത്കരിച്ചുവെങ്കിലും 49 ദിവസത്തിനുശേഷം രാജിവച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close