ഡി.വൈ.എഫ്.ഐ. നേതാക്കള്‍ പോലീസില്‍ കീഴടങ്ങി

അഴിമതി വിരുദ്ധ സമരപ്പന്തല്‍ ആക്രമിച്ച കേസിലെ പ്രതികളായ നാല് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ പോലീസില്‍ കീഴടങ്ങി.

കേസിലെ ഒന്നാം പ്രതിയും ഡി.വൈ.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എം. വരുണ്‍ ഭാസ്‌കര്‍, ജില്ലാ വൈസ് പ്രസിഡന്റ് സി.എം. ജംഷീര്‍, കെ.വി. പ്രമോദ്, എന്‍.വി. ഷാഫി എന്നിവരാണ് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. മുന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം. ഭാസ്‌കരന്റെ മകനാണ് വരുണ്‍ ഭാസ്‌കര്‍. ഭാസ്‌കരന്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കാലത്താണ് അക്രമമുണ്ടായത്.

ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് നേതാക്കള്‍ കീഴടങ്ങിയത്. വരുണ്‍ ഭാസ്‌ക്കര്‍ക്കെതിരെ 47 ഉം ജംഷീറിനെതിരെ 29 ഉം പ്രമോദിനെതിരെ എട്ടും കേസുകള്‍ നിലവിലുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷനിലെ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഴിമതി വിരുദ്ധ കാമ്പയിന്‍ കമ്മിറ്റി നടത്തിയ ജനകീയ സമരത്തിന്റെ പന്തല്‍ ജൂണ്‍ 30ന് ആക്രമിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ആക്രമണത്തില്‍, സമരപ്പന്തലില്‍ ഉണ്ടായിരുന്ന ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് അടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. വരുണ്‍ ഭാസ്‌ക്കര്‍ അടക്കമുള്ളവരെ പിന്നീട് പിടികൂടിയെങ്കിലും വാഹനത്തില്‍ നിന്ന് ഇവര്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശാനുസരണം ഇവരെ പോലീസ് വിട്ടയക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നു. ഇതിനെതിരെ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ സമരം നടക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി. ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് കണ്ണൂര്‍ റേഞ്ച് ഐ.ജി.യുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികള്‍ കീഴടങ്ങിയത്.

അഴിമതി വിരുദ്ധ സമരത്തെ ആക്രമിച്ചതും സാധാരണ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍ കിടക്കുമ്പോള്‍ നേതാക്കള്‍ മുങ്ങി നടക്കുന്നതും സി.പി.എമ്മിലും ഡി.വൈ.എഫ്.ഐ.യിലും വലിയ ഭിന്നതയ്ക്ക് വഴിവച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close