ഡി.സി.സി.യുടെ റെയില്‍വേ സ്‌റ്റേഷന്‍ ധര്‍ണ നേതാക്കള്‍ ബഹിഷ്‌കരിച്ചു

കൊല്ലം: കേന്ദ്ര പൊതുറെയില്‍വേ ബജറ്റുകളില്‍ കേരളത്തോടു കാട്ടിയ അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തിങ്കളാഴ്ച നടത്തിയ റെയില്‍വേ സ്‌റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും ഭൂരിഭാഗം നേതാക്കളും ഗ്രൂപ്പ് വ്യത്യാസമില്ലാതെ ബഹിഷ്‌കരിച്ചു. എന്നാല്‍ അണികള്‍ ആവേശപൂര്‍വം മാര്‍ച്ചിലും ധര്‍ണയിലും അണിചേര്‍ന്നു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജി.പ്രതാപവര്‍മ തമ്പാനോടുള്ള എതിര്‍പ്പാണ് ഭൂരിഭാഗം നേതാക്കളെയും പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ജനപങ്കാളിത്തംകൊണ്ട് ഈ എതിര്‍പ്പുകളെ അതിജീവിക്കാന്‍ തമ്പാന് കഴിഞ്ഞു.

29 ഡി.സി.സി. ഭാരവാഹികളില്‍ അഞ്ചുപേര്‍ മാത്രമാണ് ധര്‍ണയ്‌ക്കെത്തിയത്. കെ.സോമയാജി, അഡ്വ. പി.ജര്‍മിയാസ്, പ്രൊഫ. രമാരാജന്‍, ചാമക്കാല പ്രഭാകരന്‍ പിള്ള, കൈപ്പള്ളി മാധവന്‍കുട്ടി എന്നിവരാണ് പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുക്കരുതെന്ന, തമ്പാനോട് എതിര്‍പ്പുള്ള വിഭാഗം നേതാക്കളുടെ സന്ദേശം യഥാസമയം കിട്ടാത്തതുകൊണ്ടാണ് ഇവരില്‍ രണ്ടുപേര്‍ക്ക് പങ്കെടുക്കേണ്ടിവന്നതെന്നും സൂചനയുണ്ട്. അതേസമയം 22 ബ്‌ളോക്ക് പ്രസിഡന്റുമാരില്‍ ആരും ധര്‍ണയ്‌ക്കെത്തിയില്ല. 89 മണ്ഡലം പ്രസിഡന്റുമാരുള്ളതില്‍ വെറും രണ്ടുപേര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുത്തുള്ളൂ. മുതിര്‍ന്ന നേതാക്കളായ യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ഡോ. ശൂരനാട് രാജശേഖരന്‍ ആലപ്പുഴയിലും അഡ്വ. ഷാനവാസ്ഖാന്‍ കോട്ടയത്തും പോയിരിക്കുകയായിരുന്നു.

മാര്‍ച്ച് പരാജയപ്പെടുത്താന്‍ നേതാക്കള്‍ ശ്രമിക്കുന്നെന്നു കാട്ടി തമ്പാന്‍ കെ.പി.സി.സി. അധ്യക്ഷനയച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ജില്ലയില്‍നിന്നുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും മുന്‍ ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവരാണ് സമരം പൊളിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു തമ്പാന്റെ ആക്ഷേപം.

ഈ നേതാക്കള്‍ ജില്ലയിലെ പല ഭാഗത്തെയും നേതാക്കളെയും പ്രവര്‍ത്തകരെയും വിളിച്ച് സമരത്തില്‍ പങ്കെടുക്കരുതെന്നും പരമാവധി ആളെ കുറയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. തമ്പാനെതിരായ നീക്കത്തിന് ശക്തിപകരാന്‍ മാര്‍ച്ചിനും ധര്‍ണയ്ക്കും ആളെ കുറയ്ക്കണം. കെ.പി.സി.സി.യെ ബോധ്യപ്പെടുത്താനുള്ള അവസരമായി ഇതിനെ കാണണമെന്നും നേതാക്കള്‍ പ്രചാരണം നടത്തിയെന്നായിരുന്നു സുധീരന് നല്‍കിയ പരാതിയില്‍ തമ്പാന്‍ അറിയിച്ചത്. കെ.പി.സി.സി. ആഹ്വാനംചെയ്ത സമരത്തിന്റെ നടത്തിപ്പുമാത്രമാണ് ഡി.സി.സി. വഹിക്കുന്നത്. അതിന് ആളെ കുറയ്ക്കാനുള്ള ശ്രമം സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും തമ്പാന്‍ മുതിര്‍ന്ന നേതാക്കളെ ഫോണില്‍ അറിയിച്ചിരുന്നു. തമ്പാന്റെ പരാതിയില്‍ എ, ഐ, നാലാം ഗ്രൂപ്പുകളിലെ നേതാക്കളെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

തിങ്കളാഴ്ച നടന്ന ധര്‍ണയില്‍നിന്ന് നേതാക്കള്‍ കൂട്ടത്തോടെ വിട്ടുനിന്നത് തമ്പാന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതായി. അതോടൊപ്പം നേതാക്കളില്‍ ഭൂരിഭാഗവും തമ്പാനെതിരാണെന്നും അടിവരയിടുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ തന്റെ കൂടെയുണ്ടെന്ന് തെളിയിക്കാന്‍ പരിപാടിയിലെ വന്‍ ജനപങ്കാളിത്തത്തിലൂടെ തമ്പാനും കഴിഞ്ഞു.

അതേസമയം തമ്പാന്റെ നേതൃത്വത്തിനെതിരെ ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാരുടെ ബഹിഷ്‌കരണം തുടരുകയാണ്.

ഡി.സി.സി. പ്രസിഡന്റ് വിളിക്കുന്ന യോഗങ്ങളില്‍നിന്ന് രണ്ടുമാസമായി മണ്ഡലം പ്രസിഡന്റുമാര്‍ വിട്ടുനില്‍ക്കുന്നു. ബ്‌ളോക്ക് പ്രസിഡന്റുമാരുടെയും ഡി.സി.സി. ഭാരവാഹികളുടെയും സ്ഥിതിയും ഇതുതന്നെ. അവരില്‍ ഭൂരിഭാഗവും തമ്പാന്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാതെ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുനില്‍ക്കുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close