ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം രണ്ടാം ദിവസത്തില്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം രണ്ടാം ദിവസത്തിലേക്ക്. സര്‍ക്കാര്‍ പരിപാടികള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചുകൊണ്ടാണ് സമരം. എന്നാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചിട്ടില്ല. ഡോക്ടര്‍മാരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. സമരം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെങ്കിലും അധികസമയം ജോലി ചെയ്യാന്‍ തയ്യാറാകില്ലെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയം മാത്രമേ ജോലിയെടുക്കു. സമരം നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പളം നിഷേധിച്ചാല്‍ സമരത്തിന്റെ രൂപം മാറുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധപൂര്‍വ്വം മറ്റ് താത്ക്കാലിക നിയമനം നല്‍കുന്നതും, വിസമ്മതിക്കുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതും അംഗീകരിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പൊതുജന സേവനത്തിനുപകരം സര്‍ക്കാര്‍ സ്വകാര്യമേഖലയെ സഹായിക്കുന്നു, 14 മണിക്കൂര്‍ എന്ന ജോലി സമയം പിന്‍വലിക്കണം, അടിസ്ഥാന സൗകര്യം ലഭ്യമാക്കുന്നതിനുപകരം ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close