ഡോക്ടര്‍ അബിന്‍ സൂരിയെ ഡല്‍ഹിയിലെത്തിച്ചു.

കഠ്മണ്ഡുവില്‍ ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ മലയാളി ഡോക്ടര്‍ അബിന്‍ സൂരിയെ ഡല്‍ഹിയിലെത്തിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമാ കെയര്‍ യൂണിറ്റിലേക്ക് മാറ്റി. വ്യോമസേനയുടെ വിമാനത്തില്‍ പുലര്‍ച്ചെ അഞ്ചുമണിയ്ക്കാണ് അബിന്‍ ഡല്‍ഹിയിലെത്തിയത്.
അതേസമയം, ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം പതിനായിരം കവിയുമെന്നു നേപ്പാൾ പ്രധാനമന്ത്രി സുശീൽ കൊയ് രാള പറഞ്ഞു. ഇതുവരെ 5057 മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ 13 പേർ ഇന്ത്യക്കാരാണ്. 20,000 ഇന്ത്യക്കാരെ നേപ്പാളിൽ നിന്ന് ഒഴിപ്പിച്ചതായി വിദേശമന്ത്രാലയം അറിയിച്ചു. നേപ്പാള്‍ ഭൂകമ്പത്തില്‍ കാണാതായ രണ്ടു മലയാളി ഡോക്ടര്‍മാരും മരിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശി ദീപക് തോമസ്, കാസര്‍കോട് സ്വദേശി എ. എസ്. ഇര്‍ഷാദ് എന്നിവരാണ് മരിച്ചത്.ഡൽഹിക്കാരായ രണ്ട് ഉത്തരേന്ത്യൻ സുഹൃത്തുക്കൾക്കൊപ്പമാണു ദീപകും ഇർഷാദും അബിനും ശനിയാഴ്ച രാവിലെ കഠ്മണ്ഡുവിലെത്തിയത്. എംഡി പ്രവേശന നടപടികൾ പൂർത്തിയാക്കിയ ദീപകും ഇർഷാദും കോഴ്സ് തുടങ്ങുന്നതിനു മുൻപു യാത്ര പുറപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ഭൂകമ്പമുണ്ടായപ്പോൾ ഇവർ ബജറ്റ് ഇന്റർനാഷനൽ ഹോട്ടലിലായിരുന്നു. ഏതാനും മണിക്കൂറുകൾക്കുശേഷം അബിനെ രക്ഷാപ്രവർത്തകർ ത്രിഭുവൻ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ ദീപകിനെയും ഇർഷാദിനെയും എത്തിച്ചതായി ആശുപത്രി രേഖകളിലുണ്ട്. എന്നാൽ, ഇരുവരും മരണത്തിനു കീഴടങ്ങി.
ഇരുവരും സുരക്ഷിതരായിരിക്കുന്നുവെന്ന വാർത്ത നാട്ടിൽ പ്രചരിച്ചിരുന്നെങ്കിലും ബന്ധപ്പെടാനാകാതെ വന്നതോടെ ബന്ധുക്കൾ ഭയത്തിലായിരുന്നു. അവർ നേരിട്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണു തിരിച്ചറിയപ്പെടാതെ, ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളുടെ കൂട്ടത്തിൽ ദീപകിന്റെയും ഇർഷാദിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.