താത്കാലികമായി പേര് ചേര്‍ക്കുന്ന രീതി പി.എസ്.സി നിര്‍ത്തുന്നു

pscഉദ്യോഗാര്‍ത്ഥികളെ റാങ്ക്പട്ടികയില്‍ താത്കാലികാടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തുന്നരീതി പി.എസ്.സി അവസാനിപ്പിക്കുന്നു. ഇതോടെ റാങ്ക്പട്ടികയുടെ പ്രസിദ്ധീകരണം സമയബന്ധിതമായി വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് കമ്മീഷന്‍ കരുതുന്നത്. അതിനുള്ള മാര്‍ഗരേഖയ്ക്ക് പി.എസ്.സി അംഗീകാരം നല്‍കി. പരീക്ഷയും അഭിമുഖവും നല്ലമാര്‍ക്കോടെ വിജയിക്കുന്നവര്‍ രേഖകള്‍ (സര്‍ട്ടിഫിക്കറ്റുകള്‍) യഥാസമയം ഹാജരാക്കാതെ വരുമ്പോഴാണ് താത്കാലികമായി റാങ്ക്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇവരുടെ പേരിനു നേരെ പട്ടികയില്‍ provisional എന്ന് രേഖപ്പെടുത്തിയാണ് പ്രസിദ്ധീകരിക്കുന്നത്. നിശ്ചിതസമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കിയാല്‍ ഇവരെ അന്തിമമായി പട്ടികയില്‍ ഉള്‍പ്പെടുത്തി റാങ്ക് സ്ഥിരീകരിക്കും. അല്ലാത്തവരെ റാങ്ക്പട്ടികയില്‍ നിന്ന് ഒഴിവാക്കും. ഈ രീതിക്കാണ് പി.എസ്.സി മാറ്റം വരുത്തുന്നത്.

ഇനിമുതല്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചശേഷം നിശ്ചിത സമയത്ത് രേഖാപരിശോധന നടത്തും. എല്ലാ ജില്ലാകേന്ദ്രങ്ങളിലും അതിന് സൗകര്യമൊരുക്കും. ഈ സമയത്ത് രേഖകള്‍ ഹാജരാക്കാനാകാത്തവര്‍ക്ക് പത്ത് പ്രവൃത്തിദിവസം ഇതിനായി അനുവദിക്കും. അതിനു സാധിക്കാത്തവരെ തിരഞ്ഞെടുപ്പ് നടപടികളില്‍ നിന്ന് ഒഴിവാക്കും. അതായത് രേഖാപരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ ഇനി അഭിമുഖം നടത്തുകയുള്ളൂ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് ഈ രീതി പി.എസ്.സി പരീക്ഷിക്കുകയാണ്. അഭിമുഖത്തിനുള്ള ദിവസം തന്നെ രേഖാപരിശോധനയും നടത്തുന്ന സമ്പ്രദായമാണ് മാറ്റുന്നത്. ഇതോടെ രേഖാപരിശോധനയ്ക്കും പിന്നീട് അഭിമുഖത്തിനുമായി രണ്ടുതവണ ഉദ്യോഗാര്‍ത്ഥി നേരില്‍ ഹാജരാകേണ്ടിവരും. എന്നാല്‍ വിദേശത്ത് കഴിയുന്നവര്‍ക്ക് പ്രത്യേകം അപേക്ഷിക്കുകയാണെങ്കില്‍ അഭിമുഖവും രേഖാപരിശോധനയും ഒരേ ദിവസം നടത്തും. പക്ഷെ അവര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ പിന്നീട് അധികസമയം അനുവദിക്കില്ല.

രേഖകള്‍ ഹാജരാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ സമയം ചോദിക്കുന്നതും മറ്റുമാണ് പല തസ്തികയുടെയും റാങ്ക്പട്ടിക അനിശ്ചിതമായി വൈകാന്‍ കാരണം. ഒടുവില്‍, രേഖകള്‍ ഹാജരാക്കാത്തവരെ താത്കാലികമായി ഉള്‍പ്പെടുത്തി പട്ടിക പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. പുതിയ രീതി നടപ്പാകുന്നതോടെ അഭിമുഖം കഴിഞ്ഞാല്‍ ഉടന്‍ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാകുമെന്നാണ് പി.എസ്.സി കണക്കാക്കുന്നത്. അഭിമുഖമില്ലാത്ത തസ്തികകള്‍ക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിച്ച ശേഷം രേഖാപരിശോധന നടത്തും. അത് കഴിഞ്ഞ് പത്തു ദിവസത്തെ സമയം രേഖകള്‍ ഹാജരാക്കാന്‍ അനുവദിക്കും. ആ കാലാവധി കൂടി കഴിഞ്ഞാല്‍ ഉടന്‍ റാങ്ക്പട്ടിക തയ്യാറാക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close