താരെ താരമായി: മുംബൈക്ക് അവിശ്വസനീയ ജയം

ipl25-05

അവിശ്വസനീയമെന്നു വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ചു വിക്കറ്റിന് തോല്പിച്ച് മികച്ച റണ്‍നിരക്കില്‍ (+0.095)മുംബൈ ഇന്ത്യന്‍സ് ഏഴാം ഐ.പി.എല്‍ സീസണിന്റെ പ്ലേ ഓഫ് റൗണ്ടില്‍ കടന്നു. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 190 റണ്‍സ് ലക്ഷ്യം 14.3 ഓവറില്‍ നേടേണ്ടിയിരുന്ന മുംബൈ ഈ സമയത്ത് 189 റണ്‍സേ എടുത്തുള്ളൂവെങ്കിലും യോഗ്യത നേടാന്‍ അടുത്ത പന്തില്‍ ബൗണ്ടറിയോ സിക്‌സറോ അടിച്ചാല്‍ മതിയെന്ന നിലവന്നു. ഫോക്‌നര്‍ എറിഞ്ഞ ഓവറിലെ പന്ത് സിക്‌സറടിച്ച് താരെ മുംബൈയ്ക്ക് വിജയവും പ്ലേ ഓഫ് യോഗ്യതയും സമ്മാനിച്ചു. ഇതോടെ രാജസ്ഥാന്റെ നെറ്റ് റണ്‍നിരക്ക് +0.060 ആയി താഴുകയും അവര്‍ പുറത്താവുകയുമായിരുന്നു.

44 പന്തില്‍ ഒമ്പത് ബൗണ്ടറിയും ആറു സിക്‌സറും പറത്തി 95 റണ്‍സുമായി പുറത്താവാതെ നിന്ന കോറി ആന്‍ഡേഴ്‌സണാണ് കളിയിലെ താരം. സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ 4ന് 189; മുംബൈ 14.4 ഓവറില്‍ 5ന് 195.

ജയത്തോടെ ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാന്‍ മുംബൈ യോഗ്യത നേടി. ചൊവ്വാഴ്ച നടക്കുന്ന ഒന്നാം സെമിഫൈനലായ ക്വാളിഫയര്‍ ഒന്നില്‍ പഞ്ചാബ് കിങ്‌സ് ഇലവന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നേരിടും.

മലയാളി താരങ്ങളായ സഞ്ജു സംസണിന്റെയും (47 പന്തില്‍ 74) കരുണ്‍ നായരുടെയും (27 പന്തില്‍ 50) അര്‍ധശതകങ്ങളുട കരുത്തില്‍ രാജസ്ഥാന്‍ 189 റണ്‍സെടുത്തപ്പോള്‍ വിജയം ഉറപ്പിച്ചെന്ന് കരുതിയതാണ്. എന്നാല്‍, പിന്നീട് കണ്ടത് കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത കാഴ്ചയാണ്. ഒരറ്റത്ത് വിക്കറ്റു വീണുകൊണ്ടിരുന്നപ്പോഴും കൂറ്റന്‍ അടികളിലൂടെ മുംബൈയെ മുന്നില്‍ നിര്‍ത്തിയ ആന്‍ഡേഴ്‌സണ്‍ ടീം ജയിക്കുമ്പോള്‍ സെഞ്ച്വറിക്ക് അഞ്ചു റണ്‍സ് മാത്രം അകലെ ക്രീസിലുണ്ടായിരുന്നു. രാജസ്ഥാന്‍ ബൗളര്‍മാരുടെ ലക്കും ലഗാനുമില്ലാത്ത ബൗളിങ്ങാണ് മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. 15ാം ഓവര്‍ എറിഞ്ഞ ഫോക്‌നര്‍ ലെഗ് സൈഡ് ബൗണ്‍സറുകളിലൂടെ ബാറ്റ്‌സ്മാന് അടിച്ചു തകര്‍ക്കാന്‍ അവസരം നല്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close