താര സിംഹാസനം കാത്ത് ഇവര്‍

golden boot

ഈ ലോകകപ്പിന്റെ താരമാരാകും?

ചോദ്യത്തിനുമുന്നേ ഉത്തരം തയ്യാറാണ്.

മെസ്സി, റൊണാള്‍ഡോ,നെയ്മര്‍….

രാജ്യത്തിന് വേണ്ടി കളിയ്ക്കുമ്പോള്‍ കളി മറക്കുന്നവന്‍ എന്ന ദുഷ്പേര് അടുത്ത കാലത്ത് മെസ്സി മറികടന്നിരിക്കുന്നു. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അര്‍ജന്റീനയുടെ കുന്തമുനയായിരുന്നു മെസ്സി. 10 ഗോളുകളുമായി ലാറ്റിനമേരിക്കയില്‍ ടോപ്‌സ്കോറര്‍. പക്ഷെ ലോകകപ്പിനെത്തുമ്പോള്‍ മെസിയ്ക്ക് തെളിയിക്കാന്‍ ഒട്ടേറെയുണ്ട്. ആഫ്രിക്കന്‍ ലോകകപ്പില്‍ ഏറെ പ്രതീക്ഷയോടെയെത്തിയ മെസ്സി തികഞ്ഞ പരാജയമായിരുന്നു ഒരു ഗോള്‍ പോലും നേടാനാകാതെ തലതാഴ്ത്തി മടങ്ങിയ മെസിയുടെ മുഖം ആരാധകര്‍ മറന്നിട്ടില്ല. പക്ഷെ തിരിച്ചടിയില്‍ നിന്നും കൂടുതല്‍ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മെയ്യും മനസ്സും രാകി മിനുക്കിയ മെസിയാകും ബ്രസീലില്‍ പന്ത് തട്ടുക. ബാഴ്സലോണയുടെ ജേഴ്സിയില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ഈ അര്‍ജന്റീനക്കാരന്‍ നടത്തിയ പ്രകടനങ്ങള്‍ ആ പ്രതീക്ഷകളെ സാധൂകരിക്കുന്നു.

കാല്‍പ്പന്ത് കളിയെ സ്വന്തം കാലുകള്‍ കൊണ്ട് നിര്‍വചിച്ച താരമാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ, ഗോളുകളുടെ സ്വപ്ന കാമുകന്‍, റോണോയുടെ കാല്‍പ്പാദം തലോടിയ പന്തിനെ ചുംബിക്കാന്‍ എല്ലാം മറന്ന് കാത്ത് നില്‍ക്കുന്ന കാമുകിയുടെ ഹൃദയമാകും ഗോള്‍ വലകള്‍ക്ക്. പ്രതിഭയിലും പ്രകടനത്തിലും മെസ്സിയ്ക്ക് തുല്യനോ അല്‍പ്പം മീതെയോ ആണ് റൊണാള്‍ഡോ. അസാമാന്യമായ ഡ്രിബ്ലിംഗും ഫിനിഷിംഗും ആക്രമണോത്സുകതയില്‍ ഈ പോര്‍ച്ചുഗീസുകാരനെ വെല്ലാന്‍ മറ്റൊരു ഫുട്ബോളറില്ല. കാല്‍മടമ്പിന് തീപ്പിടിച്ച പോലുള്ള ആ കുതിപ്പില്‍ ‌ എതിരാളികള്‍ പോലും ആവേശം കൊള്ളും. അര്‍ധാവസരങ്ങള്‍ പോലും റൊണാള്‍ഡോയെ കാലിലെത്തിയാല്‍ സുവര്‍ണാവസരങ്ങളാക്കുന്ന ഈ മികവാണ് പോര്‍ച്ചുഗലിനെ ലോകകപ്പിലെത്തിച്ചത്. ‌സീസണില്‍ മികച്ച ഫോമിലുള്ള റൊണാള്‍ഡോ യൂറോപ്പിലെ ഗോള്‍ഡന്‍ ബൂട്ടും റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് കിരീടവും സമ്മാനിച്ചാണ് ബ്രസീലിലെത്തുന്നത്. ലോകകപ്പില്‍ പോര്‍ച്ചുഗല്‍ മുന്നേറിയാല്‍ സുവര്‍ണ പാദുകത്തിന് മറ്റൊരു പേര് നിര്‍ദേശിക്കാനുണ്ടാവില്ല.

പ്രായം 22 മാത്രമേ ഉള്ളൂവെങ്കിലും മാരക്കാന ദുരന്തം മറക്കാന്‍ ഒരുങ്ങുന്ന ബ്രസീലിന്റെ തേരാളിയാണ് നെയ്‌മര്‍. പ്രായത്തെ വെല്ലുന്ന കളി മികവുമായി ഇതിനോടകം തന്നെ ശ്രദ്ധേയമായ താരം. സ്ട്രൈക്കറായും വിംഗറായും ആവശ്യമെങ്കില്‍ അറ്റാക്കിംഗ് മിഡ്ഫീള്‍ഡറുടെ റോളിലും തിളങ്ങാന്‍ നെയ്മറിനാകും. ലോകകപ്പിന്റെ താരമായാലും ഇല്ലെങ്കിലും ഒരു നര്‍ത്തകന്റെ മെയ്‌വഴക്കത്തോടെ പന്തിനെ വരുതിയില്‍ നിര്‍ത്തുന്ന നെയ്മറിന്റെ നീക്കങ്ങള്‍ ഈ ലോകകപ്പിലെ ആവേശക്കാഴ്ചകളിലൊന്നാകും. ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ അല്‍പം പിന്നിലാണെങ്കിലും നൈസര്‍ഗീകതയും സാങ്കേതിക തികവും ഒപ്പം കഠിനാധ്വാനവും കൂടി ചേരുമ്പോള്‍ നെയ്മര്‍ തികഞ്ഞ പോരാളിയാകും. സ്വന്തം കാലില്‍ നിന്ന് പന്ത് നഷ്ടമായാല്‍ ആവേശത്തോടെ അത് വീണ്ടെടുക്കാനുള്ള ആവേശമാണ് നെയമറെ വ്യത്യസ്തനാക്കുന്നത്. സ്വന്തം നാട്ടില്‍ കളിയ്ക്കുന്നതിന്റെ മേധാവിത്വം പക്ഷെ സമ്മര്‍ദത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയും ശക്തമാണ്. ലോകകപ്പ് പോലുള്ള വലിയ മത്സരത്തിന്റെ സമ്മര്‍ദം താങ്ങാന്‍ കെല്‍പുണ്ടോയെന്ന സംശയങ്ങള്‍ക്ക് മൈതാനത്ത് മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നെയ്മര്‍.

ബ്രസീലിന്റെ മഞ്ഞക്കുപ്പായം വലിച്ചെറിഞ്ഞ് സ്പാനിഷ് ചെമ്പടയിലേക്ക് ചേക്കേറിയ ഡീഗോ കോസ്റ്റയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു താരം. അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടി നടത്തിയ ഗോളടിമികവ് കോസ്റ്റ ലോകകപ്പിലും തുടര്‍ന്നാല്‍ എതിരാളികളുടെ വലയില്‍ ഗോള്‍ നിറയും. ഇംഗ്ലണ്ടിന്റെ വെയ്ന്‍ റൂണി, ഓറഞ്ച് പടയോട്ടത്തിന് ചുക്കാന്‍ പിടിക്കുന്ന ആര്യന്‍ റോബന്‍, റോബിന്‍ വാന്‍പേഴ്സി ഇറ്റലിയുടെ ഉരുക്കു മനുഷ്യന്‍ മരിയോ ബലോടെല്ലി, അര്‍ജന്റീനയുടെ ഗോണ്‍സാലോ ഹിഗ്വെയ്ന്‍, അഗ്യൂറോ,കഴിഞ്ഞ ലോകകപ്പിലെ മികച്ച യുവതാരം ജര്‍മനിയുടെ തോമസ് മുള്ളര്‍…..

സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ഈ ലോകകപ്പിനെ ആവേശത്തിലാഴ്ത്താന്‍ ഇവരില്‍ ആര്‍ക്ക് വേണമെങ്കിലും ലോകകപ്പിന്റെ താരമാകും അല്ലെങ്കില്‍ സുവര്‍ണ താരങ്ങളെ ഇരുട്ടിലേക്ക് തള്ളി വിട്ട് മറ്റാരെങ്കിലും ആ സിംഹാസനം കയ്യടക്കാം. ഏതായാലും മാരക്കാനയില്‍ ലോംഗ് വിസില്‍ മുഴങ്ങുമ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും,

റിപ്പോര്‍ട്ട്: പി.കെ. ഫൈസല്‍മോന്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close