താഴംപള്ളിയില്‍ മീന്‍പിടിത്ത ബോട്ടുകള്‍ പുലിമുട്ടിലിടിച്ച് തകര്‍ന്നു

 താഴംപള്ളിയില്‍ 2 യന്ത്രവത്കൃത മീന്‍പിടിത്ത ബോട്ടുകള്‍ പുലിമുട്ടിലിടിച്ച് തകര്‍ന്നു. 3 മത്സ്യ ത്തൊഴിലാളികള്‍ക്ക് പരിക്ക്. ബോട്ടിന് കേടുപാട് പറ്റിയതില്‍ അഞ്ചുലക്ഷത്തിലധികം രൂപയുടെ നഷ്ടം. സംഭവത്തില്‍ പ്രതിഷേധിച്ച് തുറമുഖ വകുപ്പ് ഓഫീസ് തൊഴിലാളികള്‍ ഉപരോധിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ടിലിടിച്ച് വേളാങ്കണ്ണിമാതാ, സെന്റ് ജയിംസ് എന്നീ ബോട്ടുകള്‍ ഭാഗികമായി തകര്‍ന്നത്. സെന്റ് ജയിംസിലുണ്ടായിരുന്ന വിന്‍സന്റ്, അലോഷ്യസ്, യേശുദാസ് എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ ചിറയിന്‍കീഴ് താലൂക്ക് ആസ്​പത്രിയില്‍ ചികിത്സ തേടി. ആദ്യം വേളാങ്കണ്ണിമാതായും അതിന് പിന്നാലെ ഒരു മണിക്കൂറിനു ശേഷം സെന്റ് ജയിംസും അപകടത്തില്‍പ്പെട്ടു. തിരയില്‍പ്പെട്ട വേളാങ്കണ്ണിക്ക് വലിയ അപകടമില്ല. ഇതിലെ മത്സ്യത്തൊഴിലാളികള്‍ക്കും ആപത്തില്ല. എന്നാല്‍ പിന്നാലെ വന്ന സെന്റ് ജയിംസ് ബോട്ട് നിയന്ത്രണം തെറ്റി ഇടിച്ചു. ബോട്ടിന്റെ മുന്‍ഭാഗം കേടുപറ്റി. ഇതിലുണ്ടായിരുന്നവര്‍ കടലില്‍ വീണു. ഇവര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. താങ്ങുവള്ളങ്ങള്‍ എന്നാണ് അപകടത്തില്‍പ്പെട്ട ബോട്ടുകള്‍ അറിയപ്പെടുന്നത്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ ഭാഗമായാണ് കടലില്‍ പുലിമുട്ടുകള്‍ നിര്‍മ്മിച്ചത്. കടലില്‍ കല്ലുനിരത്തി നിര്‍മ്മിക്കുന്ന ഈ പുലിമുട്ടുകള്‍ നിര്‍മ്മിച്ചതില്‍ അളവില്‍ സംഭവിച്ച അപാകം കാരണം മീന്‍പിടിത്ത ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിന് ശേഷം തുറമുഖത്തിനടുത്തേക്കെത്താനാകുന്നില്ല. പുലിമുട്ടിലെ പിഴവുമൂലം തിരയടി ശക്തമായതാണ് കാരണം. ഇതുവരെയായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 12 ലധികം വള്ളങ്ങള്‍ തകര്‍ന്നു. നിരവധി തൊഴിലാളികള്‍ മരിച്ചു. കോടിക്കണക്കിന് രൂപ നഷ്ടമായി. ഈ സാഹചര്യത്തില്‍ പുലിമുട്ടിന്റെ പിഴവ് തീര്‍ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നിലവില്‍ പുലിമുട്ടിന്റെ പുനര്‍ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പണികള്‍ മുതലപ്പൊഴിയില്‍ നിലച്ച നിലയിലാണെന്ന് തൊഴിലാളികള്‍ പറയുന്നു. പുലിമുട്ടിന്റെ പിഴവുകള്‍ നീക്കി പണി തുടങ്ങണമെന്ന് കാട്ടി രണ്ട് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട ഉടന്‍ രോഷാകുലരായ തീരവാസികള്‍ ഇവിടത്തെ മുതലപ്പൊഴി ഫിഷിങ് ഹാര്‍ബര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസ് ഉപരോധിച്ചു. പണി നടത്തിയ വകയില്‍ കരാറുകാരന് കരാര്‍ തുക നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ച നടത്തി ഒരു മണിക്കൂര്‍ നീണ്ട ഉപരോധം പിന്‍വലിച്ച് പ്രതിഷേധക്കാര്‍ മടങ്ങി. 10 പേര്‍ ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട സെന്റ് ജയിംസ് വാങ്ങിയത്. പൂന്തുറ സ്വദേശി ലിജുവിന്റേതാണ് വേളാങ്കണ്ണി മാതാ.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close