തിരഞ്ഞെടുപ്പുതോല്‍വി പാഠമായി: സി.പി.എം

prakash karatt

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയസമീപനത്തിലും സംഘടനാരീതിയിലും സി.പി.എം. മാറ്റം വരുത്തുന്നു. തിരഞ്ഞെടുപ്പിലെ മോശം പ്രകടനം പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി ചര്‍ച്ച ചെയ്‌തെന്നും രാഷ്ട്രീയസമീപനവും സംഘടനാപ്രവര്‍ത്തനവും പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതായും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ പാര്‍ട്ടി നേതൃത്വം ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തിയെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ വിമര്‍ശം കാരാട്ട് തള്ളിയില്ല. വി.എസ്. കേന്ദ്രകമ്മിറ്റിയില്‍ തന്റെ അഭിപ്രായം പങ്കുവെച്ചെന്ന് അറിയിച്ച കാരാട്ട്, സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടാണ് കേന്ദ്രക്കമ്മിറ്റി പൊതുവായി പരിഗണിച്ചതെന്നും പറഞ്ഞു. പക്ഷേ, കേരളത്തില്‍ പ്രതീക്ഷിച്ചത്ര വിജയം പാര്‍ട്ടിക്കു നേടാനായില്ലെന്നും കേന്ദ്രക്കമ്മിറ്റി വിലയിരുത്തി.

പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി എം.എല്‍.എ. സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചു. ഇതു പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല.
പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകലം വര്‍ധിച്ചതും ജനകീയാടിത്തറയില്‍ ഇടിവുണ്ടായതും തിരഞ്ഞെടുപ്പുഫലത്തില്‍ പ്രതിഫലിച്ചു. അതു വീണ്ടെടുക്കാന്‍ ജനജീവിതം മെച്ചപ്പെടുത്താനുള്ള സമരങ്ങള്‍ ശക്തമാക്കാനും കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും കേന്ദ്രനേതൃത്വം ഏറ്റെടുത്തതായും കാരാട്ട് അറിയിച്ചു. നയരൂപവത്കരണം നടത്തി ജനകീയാടിത്തറ സൃഷ്ടിച്ചെടുക്കാനുള്ള ചുമതല കേന്ദ്രക്കമ്മിറ്റിക്കാണ്. അതില്‍ പിഴവു പറ്റിയതിനാലാണ് തിരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്വം കേന്ദ്രക്കമ്മിറ്റി ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ മുന്നേറ്റം മുന്‍കൂട്ടി കാണാനായില്ല. 64.4 ശതമാനം വോട്ടു നേടി രണ്ടു സീറ്റുകളിലും മികച്ച വിജയം വരിച്ച ത്രിപുര സംസ്ഥാന കമ്മിറ്റിയെ കേന്ദ്രക്കമ്മിറ്റി അഭിനന്ദിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close