തിരുനക്കര ക്ഷേത്രത്തിലെ അലങ്കാരഗോപുരപ്പണി നഗരസഭ തടഞ്ഞു

തിരുനക്കര മഹാദേവക്ഷേത്രത്തിനു മുന്നിലെ അലങ്കാരഗോപുര നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭാധികൃതര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. നിര്‍മാണപ്രവര്‍ത്തിയുടെ പ്ലാന്‍ സമര്‍പ്പിച്ച് അനുമതി വാങ്ങണമെന്നാവശ്യപ്പെട്ടാണ് നഗരസഭ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയത്. 15 ദിവസത്തിനുള്ളില്‍ പ്ലാന്‍ സമര്‍പ്പിക്കണമെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്.

അതേസമയം, സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെതിരെ ആരോപണവുമായി ബി.ജെ.പി. രംഗത്തെത്തി. എന്നാല്‍, പ്ലാന്‍ സമര്‍പ്പിച്ചശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ തടസ്സമില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.

കഴിഞ്ഞ ഫിബ്രവരിയിലാണ് തിരുനക്കര ക്ഷേത്രത്തിനു മുന്നിലെ അലങ്കാരഗോപുരങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായരാണ് പ്രവര്‍ത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നഗരസഭാ ചെയര്‍മാനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ദേവസ്വം ബോര്‍ഡാണ് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം. ഭക്തജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് നിര്‍മാണച്ചെലവ് വഹിക്കുന്നത്.
പണി പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് നഗരസഭാ എന്‍ജിനിയര്‍ ദേവസ്വത്തിന് കത്ത് നല്‍കിയത്. നടപടിക്രമങ്ങളുടെ ഭാഗമായാണ് കത്ത് നല്‍കിയതെന്നും അലങ്കാരഗോപുരത്തിന് തടസ്സം സൃഷ്ടിക്കാന്‍ നഗരസഭ ആഗ്രഹിക്കുന്നില്ലെന്നും ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍ പറഞ്ഞു. ഇക്കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് നിര്‍മാണം തടഞ്ഞതെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന്‍ ആരോപിച്ചു. സ്റ്റോപ്പ്‌മെമ്മോ പിന്‍വലിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close