കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് നാല് മരണം

സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന പേമാരിയും വെള്ളപ്പൊക്കവും ജനജീവിതം ദുരിതത്തിലാക്കി. കനത്ത മഴ ശനിയാഴ്ചയും തുടരുകയാണ്. അതിനിടെ, മഴക്കെടുതിയില്‍ നാലുപേര്‍ മരിച്ചു. നെയ്യാര്‍ ഡാം ഉള്‍പ്പടെ ഒട്ടേറെ ഡാമുകള്‍ തുറന്നുവിട്ടു.

സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ അധികൃര്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കോന്നി, പൂഞ്ഞാര്‍, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

ഇപ്പോഴത്തെ നിലയ്ക്ക് തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കന്യാകുമാരി മേഖലയില്‍ വ്യാഴാഴ്ച രൂപപ്പെട്ട ന്യൂമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. മീന്‍പിടുത്തക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് കോട്ടയം, ഇടുക്കി, വയനാട് തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കേരളത്തില്‍ 40 ശതമാനത്തോളം ജനവാസകേന്ദ്രങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളാണ്.

കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. കോഴിക്കോട് മിഠായി തെരുവില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു. നഗരത്തില്‍ പലയിടങ്ങളിലും വെള്ളം കയറിയത് ഗതാഗതകുരുക്കിന് കാരണമായി.

തിരുവനന്തപുരത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം കല്ലാര്‍, പൊന്‍മുടി എന്നീ മലയോരമേഖലകള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അതില്‍ ആദിവാസി മേഖലകളും ഉള്‍പ്പെടുന്നു. ഒട്ടേറെ റോഡുകളും തകര്‍ന്നിട്ടുണ്ട്. വാമനപുരം നദി കരകവിഞ്ഞൊഴുകി. 1992 ലുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം ഇത്രയും വലിയ മഴ ആദ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.

കൊല്ലം ജില്ലയില്‍ ശുരനാട് പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകി. കുന്നത്തൂരില്‍ ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ജില്ലയില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു.

കോഴിക്കോട് ജില്ലയിലെ അടിവാരം, ഈങ്ങാപ്പുഴ എന്നിവിടങ്ങളില്‍ വെള്ളം കയറി. താമരശ്ശേരി ചുരത്തില്‍ കഴിഞ്ഞ ദിവസം ഉരുള്‍പ്പൊട്ടിയത്വയനാട്ടിലേക്കുള്ള ഗതാഗതം താറുമാറാക്കിയിരുന്നു. തൊട്ടില്‍പ്പാലത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ സേനയെത്തി.

പത്തനംതിട്ട ജില്ലയില്‍ കൊടുമുടി, ചിറ്റാര്‍ എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ കനത്ത കൃഷിനാശത്തിന് ഇടയാക്കി. കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

വെള്ളിയാഴ്ച രാത്രിയിലെ കനത്ത മഴയില്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലും നാലമ്പലത്തിനകത്തും വെള്ളം കയറി.

മഴക്കെടുതി നേരിടാന്‍ ദ്രുതകര്‍മ സേനയെ നിയോഗിച്ചു. ആവശ്യമുള്ള ഇടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എത് സാഹചര്യവും നേരിടാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close