തീവ്രവാദികള്‍ ബാഗ്ദാദിന് 40 മൈല്‍ അകലെയെത്തി

ഇറാഖില്‍ ആക്രമണം നടത്തി മുന്നേറുന്ന ഐ എസ് ഐ എസ് തീവ്രവാദികള്‍ തലസ്ഥാന നഗരമായ ബാഗ്ദാദിന് 40 മൈല്‍ അകലെവരെ എത്തിയതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് – സിറിയ അര്‍ത്തിയിലെ ചെക്ക് പോസ്റ്റിന്റെയും വടക്കു പടിഞ്ഞാറന്‍ ഇറാഖിലെ രണ്ട് ചെറുപട്ടണങ്ങളുടെയും നിയന്ത്രണം ശനിയാഴ്ച തീവ്രവാദികള്‍ ഏറ്റെടുത്തിരുന്നു.

ഒരുദിവസം മുഴുവന്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 30 ഓളം സൈനികരെ കൊലപ്പെടുത്തിയ ശേഷമാണ് തീവ്രവാദികള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റിന്റെ നിയന്ത്രണം ഏറ്റെടുത്തതെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. യൂഫ്രട്ടീസ് നദിക്കരയിലുള്ള റാവാ, അനേഹ് പട്ടണങ്ങളാണ് കഴിഞ്ഞ ദിവസം തീവ്രവാദികള്‍ നിയന്ത്രണത്തിലാക്കിയത്.

അതിര്‍ത്തി ചെക്ക് പോസ്റ്റ് നിയന്ത്രണത്തിലാക്കിയ തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ വിവിധ മേഖലകളിലേക്ക് കൊണ്ടുപോകാന്‍ അനായാസം കഴിയുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. യൂഫ്രട്ടീസ് നദിക്കരയിലൂടെ വിവിധ സ്ഥലങ്ങളിലേക്ക് മുന്നേറാനും തീവ്രവാദികള്‍ക്ക് കഴിഞ്ഞേക്കും.

ഇറാഖിലെ പ്രധാന നഗരങ്ങളിലൊന്നായ മൊസൂല്‍ പിടിച്ചെടുത്ത തീവ്രവാദികള്‍ ചെറുപട്ടണങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് മുന്നേറുകയാണ്. ഔദ്യോഗിക സൈന്യത്തെക്കാള്‍ മികച്ച പരിശീലനം ലഭിച്ചവരെപ്പോലെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തുന്നതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. മികച്ച ആയുധങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ പോരാട്ടം നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Show More

Related Articles

Close
Close