തൂക്കൂപാലത്തിന് കമ്പകത്തടി ഏറ്റെടുക്കാന്‍ നടപടി

പുനലൂര്‍: രണ്ടാംഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ തൂക്കുപാലത്തില്‍ പാകാന്‍ വനം വകുപ്പിന്റെ കുളത്തൂപ്പുഴ ഡിപ്പോയില്‍നിന്ന് കമ്പകത്തടി ഏറ്റെടുക്കാന്‍ നടപടിയായി. തടി ഏറ്റെടുക്കുന്നതിന് മുന്നോടിയായി പുരാവസ്തു വകുപ്പ് അധികൃതര്‍ തിങ്കളാഴ്ച കുളത്തൂപ്പുഴ ഡിപ്പോയില്‍ എത്തി തടി പരിശോധിക്കും.

കെ.രാജു എം.എല്‍.എ. ആണ് ഇക്കാര്യം അറിയിച്ചത്. പുരാവസ്തു ഡയറക്ടര്‍ ഡോ. പ്രേംകുമാര്‍, വനം വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വി.ഗോപിനാഥ് എന്നിവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തടി ഏറ്റെടുക്കാന്‍ നടപടിയായതെന്നും എം.എല്‍.എ. അറിയിച്ചു. ബാക്കി ആവശ്യമായി വരുന്ന തടി പത്തനാപുരം ഡിപ്പോയില്‍നിന്ന് ഏറ്റെടുക്കും.

50 ക്യൂബിക് മീറ്റര്‍ കമ്പകത്തടി കുളത്തൂപ്പുഴയില്‍ നിന്ന് ഏറ്റെടുക്കാനാണ് തീരുമാനം. ഇതിനുള്ള വില നിശ്ചയിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുരാവസ്തു വകുപ്പ് വനം വകുപ്പിന് കത്തും നല്‍കിക്കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കിറ്റ്‌കോയ്ക്കാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല. പാലത്തില്‍ പാകാനായി ഏകദേശം 62 ക്യുബിക് മീറ്റര്‍ കമ്പകത്തടിയാണ് മൊത്തം വേണ്ടത്. തൂക്കുപാലം സംരക്ഷണസമിതി കവികളെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി കഴിഞ്ഞ ആഴ്ച പുനലൂരില്‍ നടത്തിയ ഉപവാസ സമരത്തിന്റെ പശ്ചാത്തലത്തിലാണ് എം.എല്‍.എ. അധികൃതരുമായി ചര്‍ച്ച നടത്തിയത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ പുരാവസ്തു വകുപ്പ് മന്ത്രി രണ്ടുതവണ യോഗം വിളിച്ചെങ്കിലും മാറ്റിവച്ചു. കൊല്ലം എം.പി. എന്‍.കെ.പ്രേമചന്ദ്രന്‍ വെള്ളിയാഴ്ച തൂക്കുപാലം സന്ദര്‍ശിക്കുന്നുണ്ട്.
137 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് പുനലൂര്‍ പട്ടണത്തില്‍ കല്ലടയാറിന് കുറുകെ നിര്‍മിച്ചതാണ് തൂക്കുപാലം. പുരാവസ്തു വകുപ്പ് പിന്നീട് ചരിത്രസ്മാരകമായി ഏറ്റെടുത്ത തൂക്കുപാലം പുനരുദ്ധരിക്കാന്‍ 2010 ല്‍ 78 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതില്‍ 28 ലക്ഷം രൂപ ചെലവഴിച്ച് ആദ്യഘട്ട പുനരുദ്ധാരണം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പാലത്തിന്റെ നടപ്പലകയായി പാകാനുള്ള കമ്പകത്തടി ലഭ്യമാകാത്തിനാല്‍ രണ്ടാംഘട്ട പുനരുദ്ധാരണം അനിശ്ചിതമായി നീളുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close