തെക്കേടത്ത് നമ്പിയെ പോലീസ് തടഞ്ഞു;

PADMANABHA TEMPLEശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാടി നടയിലൂടെ അകത്തേക്ക് കടന്ന നരസിംഹമൂര്‍ത്തീ മണ്ഡപത്തിലെ മേല്‍ശാന്തി തെക്കേടത്ത് നമ്പിയെ പോലീസ് തടഞ്ഞത് വിവാദമായി. പൂജയ്ക്കായി ദേഹശുദ്ധി വരുത്തിയെത്തിയ പുരോഹിതനെ പോലീസ് ദേഹപരിശോധന നടത്തിയെന്നാരോപിച്ച് ക്ഷേത്രത്തിലെ ഇരുന്നൂറോളം ജീവനക്കാര്‍ പ്രതിഷേധവുമായി എത്തി. ആരാധനയ്‌ക്കെത്തിയ ഭക്തരും ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ സംഘര്‍ഷാന്തരീക്ഷമായി. പ്രതിഷേധം കനത്തതോടെ അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും ക്ഷേത്രം കണ്‍ട്രോള്‍റൂം എസ്.പി. സുകുമാരപിള്ളയുമെത്തി പ്രതിഷേധക്കാരോട് മാപ്പുചോദിച്ചു. വ്യാഴാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. ശ്രീകോവിലിന് സമീപമുള്ള നരസിംഹമൂര്‍ത്തി കുടികൊള്ളുന്ന മണ്ഡപത്തിലെ മേല്‍ശാന്തി നീമണി പദ്മനാഭന്‍ വിഷ്ണുവിനെയാണ് പോലീസ് തടഞ്ഞത്. പദ്മതീര്‍ഥക്കുളത്തില്‍ ദേഹശുന്തി വരുത്തിയശേഷം പൂജയ്ക്കായി ക്ഷേത്രത്തിലെത്തിയതായിരുന്നു അദ്ദേഹം. കിഴക്കേനടയുടെ വലതുഭാഗത്തായി സന്ദര്‍ശകര്‍ക്ക് പ്രവേശന നിയന്ത്രണമുള്ള തിരുവമ്പാടി നടയിലൂടെയാണ് നമ്പി എത്തിയത്. എന്നാല്‍ ഇവിടൈവച്ച് പോലീസ് തടഞ്ഞു. പോലീസുകാര്‍ക്കൊപ്പം ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരുമുണ്ടായിരുന്നു. നടയിലെത്തിയത് തെക്കേടത്ത് നമ്പിയാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞിട്ടും അവര്‍ ദേഹപരിശോധന നടത്തുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. നമ്പിക്ക് പിന്നാലെയെത്തിയ കീഴ്ശാന്തി ശബരം വെങ്കിടാചലം രേമശിനെയും പോലീസ് തടഞ്ഞുനിര്‍ത്തി. തെക്കേടത്ത് നമ്പിയും കീഴ്ശാന്തിയും പലവട്ടം പറഞ്ഞിട്ടും കടത്തിവിടാന്‍ പോലീസ് വിസമ്മതിച്ചു. ദേഹശുദ്ധി വരുത്തിയെത്തിയ നമ്പിയെയും ശാന്തിയെയും ദേഹപരിശോധന നടത്തിയെന്ന പരാതി ഉയര്‍ന്നതോടെ ക്ഷേത്രത്തിലെ മുഴുവന്‍ ജീവനക്കാരും പ്രതിഷേധവുമായി ഇരച്ചെത്തുകയായിരുന്നു.

രാജകുടുംബാംഗങ്ങളും ഗവര്‍ണര്‍ ഉള്‍പ്പടെയുള്ള വിശിഷ്ടാതിഥികളും ക്ഷേത്രത്തില്‍ കറയുന്നതിനായാണ് പൊതുവേ തിരുവമ്പാടി നട ഉപയോഗിക്കുന്നത്. തെക്കേടത്ത് നമ്പിയെ തടയുന്നതിന് തൊട്ടുമുമ്പ് ആവഴി രാജകുടുംബാംഗങ്ങള്‍ ദര്‍ശനം നടത്തി മടങ്ങിയിരുന്നു. ദര്‍ശനംകഴിഞ്ഞ ഭക്തര്‍ക്ക് ഇതുവഴി പുറത്തേക്കിറങ്ങാന്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍ അകത്തേക്കുള്ള പ്രവേശനം കടുത്ത നിയന്ത്രണത്തിന് വിധേയമായാണ്. ഇവിടെ മെറ്റല്‍ഡിറ്റക്ടറുള്‍പ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. എന്നാല്‍ ക്ഷേത്രം ശാന്തിമാര്‍ക്ക് ഇതുവഴി എപ്പോഴും വരികയും പോകുകയും ചെയ്യാനുള്ള അനുമതിയുണ്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി തെക്കേടത്ത് നമ്പി പൂജാനടപടികളില്‍നിന്ന് പിന്മാറി തിരുവമ്പാടി നടയില്‍ നിലകൊണ്ടതോടെ ജീവനക്കാര്‍ക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തരും ഒപ്പംചേര്‍ന്നു. സംഭവം പുറംലോകമറിഞ്ഞതോടെ ചില രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്തെത്തി.

അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും എസ്.പി. ജെ. സുകുമാര പിള്ളയും സംഭവമറിഞ്ഞ് തിരുവമ്പാടി നടയിലെത്തി. പോലീസുകാര്‍ക്ക് നല്‍കിയ സന്ദേശത്തിലെ പാകപ്പിഴയാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും കാവല്‍ ഡ്യൂട്ടിചെയ്ത പോലീസിന്റെ പരിചയക്കുറവ് പ്രശ്‌നമുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പ്രതിഷേധക്കാരോട് മാപ്പ് പറഞ്ഞതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. കാവലിന് നിയോഗിച്ച എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനെ ശിക്ഷാനടപടിയെന്നോണം അവിടെനിന്ന് മാറ്റി ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിച്ചു. ക്ഷേത്രത്തിലെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിയുടെ നിരീക്ഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചാണ് ക്ഷേത്രത്തിന്റെ കാര്യങ്ങളിപ്പോള്‍. ക്ഷേത്രം ജീവനക്കാരെയുള്‍പ്പടെ പരിശോധനയ്ക്ക് വിധേയരാക്കിയാണ് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത്. ഇതുകാരണം ദീര്‍ഘനാളായി ഇവിടെ അസ്വസ്ഥത പുകയുകയുമാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close