തെലങ്കാന പിറന്നു

thelunkana

രാജ്യത്തെ 29-ാമത് സംസ്ഥാനമായി തെലങ്കാന ഔദ്യോഗികമായി നിലവില്‍വന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച തെലങ്കാന രാഷ്ട്രസമിതിയുടെ നേതാവ് കെ. ചന്ദ്രശേഖരറാവു സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം 11 മന്ത്രിമാരും അധികാരമേറ്റു. ചന്ദ്രശേഖരറാവുവിന്റെ മകന്‍ കെ.ടി. രാമറാവുവും മരുമകന്‍ കെ. ഹരീഷ് റാവുവും മന്ത്രിസഭയിലുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപംകൊള്ളുന്നത്. രാവിലെ 6.30-ന് ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ തെലങ്കാനാ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് സംസ്ഥാനപ്പിറവിയുടെ ഔദ്യോഗിക ചടങ്ങുകള്‍ തുടങ്ങിയത്. ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കല്യാണ്‍ ജ്യോതി സെന്‍ഗുപ്ത അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

രാവിലെ 8.15-നാണ് പുതിയ മന്ത്രിസഭ അധികാരമേറ്റത്. അതിന് മുന്നോടിയായി സംസ്ഥാനത്തെ രാഷ്ട്രപതിഭരണം പിന്‍വലിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം എത്തിയിരുന്നു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുസ്ലിം സമുദായത്തില്‍പ്പെട്ട മുഹമ്മദ് മഹമ്മൂദ് അലി, ദളിത് വിഭാഗത്തില്‍പ്പെട്ട രാജയ്യ എന്നിവരെ ഉപമുഖ്യമന്ത്രിമാരായാണ് റാവു മന്ത്രിസഭയിലെടുത്തത്. വനിതാ അംഗങ്ങളാരുമില്ല. എന്നാല്‍, ഈ മാസം എട്ടിന് മന്ത്രിസഭ വികസിപ്പിക്കാനിടയുണ്ട്.

സത്യപ്രതിജ്ഞയ്ക്കുശേഷം സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ സംസ്ഥാന രൂപവത്കരണ ആഘോഷച്ചടങ്ങില്‍ മുഖ്യമന്ത്രി പോലീസ് സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. തെലങ്കാനയെ രാജ്യത്തെ മാതൃകാ സംസ്ഥാനമാക്കുമെന്ന് ചന്ദ്രശേഖരറാവു ചടങ്ങില്‍ സംസാരിക്കവെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. അഴിമതിരഹിത ഭരണം കാഴ്ചവെക്കുമെന്ന് പറഞ്ഞ അദ്ദേഹം ഒട്ടേറെ ജനപ്രിയ തീരുമാനങ്ങളും പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, ക്ഷേമ പെന്‍ഷനുകള്‍ ആയിരം രൂപയാക്കും, വികലാംഗ പെന്‍ഷന്‍ 1500 രൂപയാക്കും, സംസ്ഥാന ജീവനക്കാര്‍ക്ക് പ്രത്യേക തെലങ്കാന ഇന്‍ക്രിമെന്‍റ് നല്‍കും തുടങ്ങിയവ പ്രഖ്യാപനങ്ങളിലുള്‍പ്പെടുന്നു. 119 അംഗ നിയമസഭയിലെ 63 സീറ്റുകള്‍ നേടിയാണ് റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആര്‍.എസ്. അധികാരത്തിലെത്തിയത്.
സത്യപ്രതിജ്ഞാച്ചടങ്ങില്‍നിന്ന് നിയുക്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം നേതാവുമായ ചന്ദ്രബാബു നായിഡു വിട്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാനാ സംസ്ഥാനത്തിന് ആശംസനേര്‍ന്നു. പുതിയ സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രം പിന്തുണനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാത്രിതന്നെ തെലങ്കാനയിലെങ്ങും ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങിയിരുന്നു. റാലികള്‍ നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ജനങ്ങള്‍ ആഹ്ലാദം പങ്കുവെച്ചത്.

റായലസീമയും സീമാന്ധ്രയും ചേര്‍ന്ന ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ജൂണ്‍ എട്ടിന് സത്യപ്രതിജ്ഞചെയ്യും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close