തെലുങ്കുദേശം എന്‍ .ഡി.എയില്‍ ചേര്‍ന്നു

BJP-TDP_Chandrababu_Naidu 360

പത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തെലുങ്കുദേശം എന്‍ .ഡി.എയില്‍ തിരിച്ചെത്തി. ഇരു പാര്‍ട്ടികളും മത്സരിക്കുന്ന ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെ ലോക്‌സഭാ, നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ഇരു കൂട്ടരും ധാരണയിലെത്തി. ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു, ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കര്‍ , അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍ എന്നിവര്‍ ചേര്‍ന്നാണ് സഖ്യ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രാദേശിക നേതാക്കളുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബി.ജെ.പി തെലുങ്കുദേശവുമായി ധാരണയിലായത്.

ധാരണയനുസരിച്ച് ബി.ജെ.പി തെലങ്കാന മേഖലയില്‍ എട്ട് ലോക്‌സഭാ സീറ്റിലും 47 നിയമസഭാ സീറ്റിലും സീമാന്ധ്ര മേഖലയില്‍ അഞ്ച് ലോക്‌സഭാ സീറ്റിലുമാണ് മത്സരിക്കുക. തെലുങ്കുദേശം തെലങ്കാന മേഖലയിലെ പത്ത് ലോക്‌സഭാ സീറ്റുകളിലും 74 നിയമസഭാ മണ്ഡലങ്ങളിലും സീമാന്ധ്രയിലെ 20 ലോക്‌സഭാ സീറ്റുകളിലും 160 നിയമസഭാ സീറ്റുകളിലും മത്സരിക്കും.

തെലങ്കാനയില്‍ പതിനേഴും സീമാന്ധ്രയില്‍ 25 ഉം ലോക്‌സഭാ സീറ്റുകളാണുള്ളത്. മെയ് ഏഴിനാണ് ഇവിടെ വോട്ടെടുപ്പ്. തെലങ്കാന മേഖലയില്‍ ബി.ജെ.പി-തെലുങ്കുദേശം സഖ്യം വന്‍ മുന്നേറ്റം നടത്തുമെന്ന് കഴിഞ്ഞ ദിവസം എന്‍ .ഡി.ടി.വി. നടത്തിയ അഭിപ്രായ സര്‍വേയില്‍ പറഞ്ഞിരുന്നു.

പ്രാദേശിക നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വഴിമുട്ടിയ സഖ്യ ചര്‍ച്ചകള്‍ ഇരു പാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ലക്ഷ്യം കണ്ടത്. നായിഡു, ജാവഡേക്കര്‍ , നരേഷ് ഗുജ്‌റാള്‍ എന്നിവര്‍ക്ക് പുറമെ ബി.ജെ.പി ട്രഷറര്‍ പീയുഷ് ഗോയല്‍ , ആര്‍ .എസ്.എസ്. പ്രതിനിധി സതീഷ്, തെലുങ്കുദേശം നേതാക്കളായ സുജന ചൗധരി, ഇ. ദയാകര്‍ റാവു, വൈ. രാമകൃഷ്ണുഡു, എം. നരസിംഗത്തുലു എന്നിവരും ചര്‍ചകളില്‍ പങ്കെടുത്തു. ശനിയാഴ്ച രാത്രി ജാവഡേക്കര്‍ രണ്ടു തവണ നായിഡുവുമായി ചര്‍ച്ച നടത്തി.

(ഫോട്ടോ കടപ്പാട് : NDTV)

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close