തൊഴില്‍മേഖലയില്‍ ഗുണപ്രദമായ വന്‍ പരിഷ്‌കരണത്തിന് ആലോചന

sathyameva jayathe

തൊഴില്‍മേഖലയില്‍ വന്‍പരിഷ്‌കരണം കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആലോചിക്കുന്നു. കൂടുതല്‍ ഉത്പാദനവും തൊഴിലവസരങ്ങളും ലക്ഷ്യമിട്ടാണ് വന്‍പരിഷ്‌കരണം   മുന്‍ സര്‍ക്കാറിന്റെ കാലത്ത്  തൊഴിലാളിസംഘടനകള്‍ ഒറ്റക്കെട്ടായി  ചെറുത്ത പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നീക്കം നടത്തുന്നത് . ഇതിനായി തൊഴിലാളിസംഘടനകളുടെ മനസ്സറിയാന്‍ കേന്ദ്ര തൊഴില്‍മന്ത്രി നരേന്ദ്രസിങ് തോമര്‍ ചൊവ്വാഴ്ച ഇവരുമായി കൂടിയാലോചന നടത്താന്‍ തീരുമാനിച്ചു .തൊഴില്‍പരിഷ്‌കരണമുള്‍പ്പെടെ മുന്‍ സര്‍ക്കാറിന്റെ നയപരിപാടികളുമായി മുന്നോട്ടുപോകരുതെന്ന് സംഘ് പരിവാറിന്റെ ജനകീയസംഘടനകള്‍ കഴിഞ്ഞയാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ട് അഭ്യര്‍ഥിച്ചിരുന്നു. തൊഴില്‍നിയമങ്ങള്‍ ഭേദഗതിചെയ്യില്ലെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നുവെങ്കിലും തൊഴില്‍പരിഷ്‌കരണമെന്ന പഴയ നിര്‍ദേശവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനമെന്നറിയുന്നു.

തൊഴില്‍വകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തില്‍ വ്യവസായപ്രോത്സാഹനവകുപ്പ് തൊഴില്‍നിയമങ്ങള്‍ മാറ്റേണ്ടതിന്റെ ആവശ്യകത അവതരിപ്പിച്ചിരുന്നു.ദേശീയ നിക്ഷേപ ഉത്പാദനമേഖലകളില്‍ തൊഴിലുടമകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ വ്യവസായതര്‍ക്കനിയമം, കരാര്‍ തൊഴിലാളിനിയമം എന്നിവ ഭേദഗതി ചെയ്യണമെന്നാണ് വ്യവസായപ്രോത്സാഹന വകുപ്പിന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര തൊഴിലാളി സംഘടനകളെ ചൊവ്വാഴ്ച ചര്‍ച്ചയ്ക്ക് വിളിച്ചത്. ചര്‍ച്ചയ്ക്ക് പ്രത്യേക അജന്‍ഡ നിശ്ചയിച്ചിട്ടില്ല. രാജ്യത്തെ തൊഴില്‍സ്ഥിതികളെക്കുറിച്ചുള്ള ചര്‍ച്ചയെന്നുമാത്രമേ ഇതുസംബന്ധിച്ച അറിയിപ്പില്‍ തൊഴില്‍മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളൂ.രാജസ്ഥാനില്‍ വസുന്ധരരാജെ സര്‍ക്കാര്‍ മൂന്നു പ്രധാന തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത് ഏറെ ഒച്ചപ്പാടിന് കാരണമായിരുന്നു.

വ്യവസായതര്‍ക്കനിയമം, കരാര്‍ തൊഴിലാളിനിയമം, ഫാക്ടറീസ് നിയമം എന്നിവയാണ് ഭേദഗതിചെയ്യുന്നത്. എല്ലാ തൊഴിലാളിസംഘടനകളും ഈ നീക്കത്തെ എതിര്‍ക്കുകയാണ്. അതേസമയം, സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് ശരിയാണെന്നാണ് കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന്റെ നിലപാട്. കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളുമാണ് മോദിസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിക്ഷേപകര്‍ക്കുവേണ്ടി തൊഴില്‍പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുമെന്ന് ബി.ജെ.പി. പ്രകടനപത്രികയിലും പറഞ്ഞിട്ടുണ്ട്. അതേസമയം, തൊഴില്‍ പരിഷ്‌കരണവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ കേന്ദ്ര തൊഴിലാളിസംഘടനകളില്‍നിന്ന് ശക്തമായ എതിര്‍പ്പ് കേന്ദ്രത്തിന് നേരിടേണ്ടിവരുമെന്ന് വ്യക്തമാണ്. കഴിഞ്ഞവര്‍ഷം എല്ലാ സംഘടനകളും ചേര്‍ന്ന് രണ്ടുദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു. ബി.ജെ.പി.യുടെ ബി.എം.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടാണ്.

Show More

Related Articles

Close
Close