ദാരിദ്ര്യമാണ് രാജ്യംനേരിടുന്ന പ്രധാന പ്രശ്നം:രാഷ്ട്രപതി

ദാരിദ്ര്യമാണ് രാജ്യംനേരിടുന്ന പ്രധാന പ്രശ്‌നമെന്നും സാമ്പത്തിക വളര്‍ച്ചയുടെ ഗുണങ്ങള്‍ പാവപ്പെട്ടവര്‍ക്കും ഉറപ്പുവരുത്തണമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആറ് പതിറ്റാണ്ടിനിടെ പട്ടിണി നിയന്ത്രിക്കാനായെങ്കിലും രാജ്യത്തെ മൂന്നിലൊന്ന് ജനങ്ങള്‍ ഇന്നും ദാരിദ്ര്യത്തില്‍ തുടരുകയാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. അസഹിഷ്ണുതയും കലാപവും ജനാധിപത്യത്തിന്റെ സത്തയെ ഒറ്റുകൊടുക്കും. ഭാരതത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയാത്തവരാണ് പ്രകോപനപരമായി വിഷം ചീറ്റുന്നത്. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ കലങ്ങിമറിയുകയാണ്. ഇതിന്റെ പ്രതിഫലനങ്ങള്‍ രാജ്യത്തും ഉണ്ടാകും.

സാമൂഹികസൗഹാര്‍ദവും വികസനവും നടപ്പാക്കാനാകുന്നവിധം മികച്ച ഭരണമെന്ന സങ്കല്‍പ്പത്തില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ടാകാണം മികച്ച ഭരണമെന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കേണ്ടത്. ഫലപ്രദമായ ഭരണത്തിന് നിലവിലുള്ള സംവിധാനത്തെ പുനഃസ്ഥാപിക്കുകയും വീണ്ടും കണ്ടെത്തുകയുമാണ് വേണ്ടത്-രാഷ്ട്രപതി പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചനിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണെങ്കിലും ശൂഭാപ്തിവിശ്വാസത്തിന്റെ സൂചനകള്‍ കാണാം. നിര്‍മ്മാണരംഗം തിരിച്ചുവരവിന്റെ പാതിയിലാണ്- അദ്ദേഹം പറഞ്ഞു.

പ്രാചീന സംസ്‌കാരമാണെങ്കിലും ഇന്ത്യ പുതിയ സ്വപ്‌നങ്ങളുള്ള ആധുനിക രാഷ്ട്രമാണ്. അസഹിഷ്ണുതയും കലാപവും ജനാധിപത്യത്തെ തകിടംമറിക്കും. സമാധാനമില്ലാതെ സാമൂഹിക സാമ്പത്തിക വളര്‍ച്ച പ്രാപിക്കാനാവില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയാം. മതേതര മൂല്യങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടതുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിന് പ്രഥമപരിഗണന നല്‍കണമെന്ന് രാഷ്ട്രപതി ഓര്‍മപ്പെടുത്തി. ഇത് ദേശീയ ലക്ഷ്യമായി ഓരോ പൗരനും കാണണം. പാര്‍പ്പിടവും വഴിയും ഓഫീസും വൃത്തിയായി സൂക്ഷിക്കാന്‍ നമുക്കാവണം. നമ്മളെ സംരക്ഷിക്കാന്‍ തുടര്‍ച്ചായായി പ്രകൃതിയെ തിരിച്ചും സംരക്ഷിക്കേണ്ടതുണ്ട്-രാഷ്ട്രപതി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close