ദിദിമോസ് പ്രഥമന്‍ വലിയബാവ കാലംചെയ്തു

didymos bava

പൗരസ്ത്യകാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയബാവ(93) കാലംചെയ്തു. പരുമല സെന്റ് ഗ്രിഗോറിയോസ് ആസ്പത്രിയില്‍ തിങ്കളാഴ്ച വൈകീട്ട് 7.30നായിരുന്നു അന്ത്യം. ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു.

അഞ്ചുവര്‍ഷം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷസ്ഥാനം വഹിച്ച അദ്ദേഹം 2010 ഒക്ടോബര്‍ 30ന് സ്ഥാനത്യാഗംചെയ്തു. തുടര്‍ന്ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. മലങ്കരയിലെ ഏഴാമത്തെ പൗരസ്ത്യകാതോലിക്കയും 20-ാമത് മലങ്കര മെത്രാപ്പോലീത്തയുമാണ് ദിദിമോസ് ബാവ.

ഭൗതികശരീരം തിങ്കളാഴ്ച രാത്രി 11.30വരെ പുതിയകാവ് കത്തീഡ്രല്‍ പള്ളിയില്‍ പൊതുദര്‍ശനത്തിന് കിടത്തി. തുടര്‍ന്ന് 12.30ഓടെ കോട്ടയം പഴയസെമിനാരി പള്ളിയിലേക്ക് കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ 9ന് ഭൗതികശരീരം ദേവലോകം അരമനയിലേക്കു കൊണ്ടുവന്ന് പൊതുദര്‍ശനത്തിനായി കിടത്തും. ഉച്ചയ്ക്ക് ഒരുമണിയോടെ റോഡുമാര്‍ഗം വിലാപയാത്രയായി പത്തനാപുരം മൗണ്ട് താബോര്‍ ദയറയിലേക്ക് കൊണ്ടുപോകും. അവിടെ ബുധനാഴ്ച രാവിലെ 11നാണ് കബറടക്കം.

1921 ഒക്ടോബര്‍ 29ന് തിരുവല്ലയ്ക്കടുത്ത് നെടുമ്പുറത്ത് മുളമൂട്ടില്‍ ഇട്ടിയവിര േതാമസിന്റെയും ശോശാമ്മയുടെയും മകനായി ജനിച്ചു. കോട്ടയം സി.എം.എസ്. കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായശേഷം തിരുച്ചിറപ്പള്ളി നാഷണല്‍ കോളേജ്, മദ്രാസ് മാസ്റ്റണ്‍ ട്രെയിനിങ് കോളേജ്, കാണ്‍പൂര്‍ ക്രൈസ്റ്റ് ചര്‍ച്ച് കോളേജ് എന്നിവിടങ്ങളില്‍നിന്ന് വിവിധ ബിരുദങ്ങള്‍ കരസ്ഥമാക്കി.

തിരുച്ചിറപ്പള്ളി പൊന്നയ്യ ഹൈസ്‌കൂള്‍, പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രഥമാദ്ധ്യാപകനായും പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗഌഷ് വിഭാഗം അധ്യാപകനായും സേവനമനുഷ്ഠിച്ചു.

1939ല്‍ 17-ാംവയസ്സില്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയറയില്‍ അംഗമായി സന്ന്യാസജീവിതം ആരംഭിച്ചു. 1950 ജനവരി 25ന് ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാേതാലിക്കാബാവ വൈദികപട്ടം നല്കി. 1965 മെയ് 16ന് ബസേലിയോസ് ഔഗേന്‍ ബാവയില്‍നിന്ന് റമ്പാന്‍സ്ഥാനമേറ്റു.

1965 ഡിസംബര്‍ 28ന് മെത്രാപ്പോലീത്തസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1966 ആഗസ്ത് 24ന് തോമസ് മോര്‍ തിേമാത്തിയോസ് എന്നപേരില്‍ മെത്രാഭിഷിക്തനായി. 1966 നവംബര്‍ 11ന് മലബാര്‍ ഭദ്രാസനാധിപനായി. 39 വര്‍ഷം ഭദ്രാസനഭരണച്ചുമതല വഹിച്ചു.

1992 സപ്തംബര്‍ 10ന് കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നിയുക്തകാതോലിക്കയായി തിരഞ്ഞെടുക്കപ്പെട്ടു. മാത്യൂസ് ദ്വിതീയന്‍ ബാവ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് 2005 ഒക്ടോബര്‍ 29ന് കാതോലിക്കാബാവയായി. ഒക്ടോബര്‍ 31ന് ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ എന്നപേരില്‍ വാഴിക്കപ്പെട്ടു. 2010 ഒക്ടോബര്‍ 29ന് 89 വയസ്സ് പൂര്‍ത്തിയായ വേളയില്‍ സ്ഥാനത്യാഗം പ്രഖ്യാപിച്ചു.

അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് നാല് അസോസിയേഷന്‍ യോഗങ്ങളില്‍ അദ്ധ്യക്ഷതവഹിച്ചു. ഏറ്റവും കൂടുതല്‍ മേല്‍പ്പട്ടക്കാരെ വാഴിച്ച് ചരിത്രംകുറിച്ചു-14 പേരെ. വനിതകള്‍ക്ക് പള്ളിപ്പൊതുയോഗങ്ങളില്‍ വോട്ടവകാശമില്ലാതെ സംബന്ധിക്കാന്‍ അനുവാദം നല്കിയതും ബാവയുടെ കാലത്താണ്. ‘മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭാ ശുശ്രൂഷാനടപടിച്ചട്ടങ്ങള്‍’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close