ധോണിക്ക് അറസ്റ്റ് വാറന്റ്‌

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ അറസ്റ്റ് വാറന്റ്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ മൂന്നു തവണ ഹാജരാകാത്തതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ധോണിയെ അറസ്റ്റ് ചെയ്ത് ജൂലായ് 16 ന് ഹാജരാക്കാനാണ് കോടതിയുടെ ഉത്തരവ്.

മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ധോണിയുടെ ചിത്രമാണ് കേസിനാധാരം. 2013 ഏപ്രില്‍ പതിപ്പിലെ ബിസിനസ് ടുഡേ മാസികയുടെ കവര്‍ പേജിലാണ് മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ധോണിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ നിരവധി കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വിഷ്ണുവിന്റെ രൂപത്തിലുള്ള ധോണി കയ്യില്‍പിടിച്ചിരിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഒരു ഹിന്ദു ദൈവത്തിന്റെ രൂപത്തിലുള്ള ധോനിയുടെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി വൈ.ശ്യാം സുന്ദര്‍ എന്ന പ്രാദേശിക വിശ്വഹിന്ദു പരിഷത് നേതാവാണ് ഫിബ്രവരിയില്‍ ഹര്‍ജി കൊടുത്തത്. കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി ധോണിക്ക് മൂന്നു തവണ സമന്‍സ് അയച്ചിരുന്നു. ഇത് മൂന്നും തിരിച്ചുവന്നതിനെത്തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

Show More

Related Articles

Close
Close