നരേന്ദ്ര മോദി വഡോദരയില്‍ പത്രിക നല്‍കി

modi vadodara

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദര ലോക്‌സഭാ മണ്ഡലത്തില്‍ പത്രിക നല്‍കി. ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയശേഷമാണ് വഡോദര കളക്ടറേറ്റിലെത്തി മോദി പത്രിക സമര്‍പ്പിച്ചത്. വഡോദരയിലെ ചായവില്‍പനക്കാരിയായ കിരണ്‍ മഹിദയും വഡോദര രാജകുടുംബാംഗമായ ഷുഭംഗിണിദേവി രാജെ ഗെയ്ക്‌വാദമാണ് മോദിയെ പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടിരിക്കുന്നത്. ഗുജറാത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ഓം മാഥുര്‍ , സംസ്ഥാന പ്രസിഡന്റ് ആര്‍ .സി. ഫാല്‍ദു, മുതിര്‍ന്ന ആര്‍ .എസ്.എസ് നേതാവ് സുരേഷ് ജെയിന്‍ എന്നിവര്‍ കളക്ടറേറ്റിലേയ്ക്ക് മോദിയെ അനുഗമിച്ചു. വഡോദരയിലെ സിറ്റിങ് എം.പി.യായ ബാല്‍കൃഷ്ണ ശുക്ലയാണ് മോദിയുടെ ഡമ്മി സ്ഥാനാര്‍ഥി.

കാലത്ത് പത്തരയോടെ വഡോദരയിലെത്തിയ മോദി കീര്‍ത്തി സ്തംഭത്തിന് സമീപത്തു നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാണ് കളക്ടറേറ്റിലെത്തിയത്.

വഡോദര തന്റെ കര്‍മഭൂമിയാണെന്നും സദ്ഭരണത്തിനുവേണ്ടി ഇവര്‍ വോട്ടവകാശം വിനിയോഗിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും പത്രിക സമര്‍പ്പിച്ചശേഷം മോദി പറഞ്ഞു.

വഡോദരയ്ക്ക് പുറമെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കൂടി മോദി മത്സരിക്കുന്നുണ്ട്.

വഡോദരയില്‍ ഇന്നായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ 30നാണ് ഇവിടെ വോട്ടെടുപ്പ്. എ. ഐ.സി.സി. ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രിയാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മിസ്ത്രി ഏപ്രില്‍ അഞ്ചിനു തന്നെ പത്രിക സമര്‍പ്പിച്ചിരുന്നു.

1998 മുതല്‍ ബി.ജെ.പി.യുടെ കുത്തക മണ്ഡലമാണ് വഡോദര. കഴിഞ്ഞ തവണ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥി ബാല്‍കൃഷ്ണ ശുക്ല വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വഡോദര ലോക്‌സഭാ മണ്ഡലത്തിലെ ഏഴില്‍ ആറു സീറ്റിലും ബി.ജെ.പി.യാണ് വിജയിച്ചത്. ശേഷിക്കുന്ന ഒരു സീറ്റില്‍ വിജയിച്ച സ്വതന്ത്ര്യന്‍ പിന്നീട് ബി.ജെ.പി.യില്‍ ചേരുകയും ചെയ്തു.

photo: Mathrubhumi

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close