നരേന്ദ്ര മോദി അധികാരമേറ്റു

ഇന്ത്യയുടെ 15-ാം പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

നരേന്ദ്രമോദിക്കൊപ്പം 23 കാബിനറ്റ് മന്ത്രിമാരും പത്ത് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 12 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലിട്ട ആദ്യ സന്ദേശത്തില്‍, ഇന്ത്യയുടെ ശോഭനമായ ഭാവിക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ മോദി ആഹ്വാനം ചെയ്തു.

നരേന്ദ്രമോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി. അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിന് ആഭ്യന്തരവകുപ്പ് ലഭിച്ചു. സുഷമാ സ്വരാജിന് വിദേശകാര്യം നല്‍കി. അരുണ്‍ ജെയ്റ്റ്‌ലിക്ക് ധനത്തിന് പുറമേ, പ്രതിരോധ മന്ത്രാലയത്തിന്റെ അധികച്ചുമതലയുമുണ്ട്. രവിശങ്കര്‍ പ്രസാദിന് നിയമകാര്യം, സദാനന്ദ ഗൗഡയ്ക്ക് റെയില്‍വേ, നിതിന്‍ ഗഡ്കരിക്ക് ട്രാന്‍സ്‌പോര്‍ട്ട്-ഷിപ്പിങ്, വെങ്കയ്യ നായിഡുവിന് നഗരവികസനം, സ്മൃൃതി ഇറാനിക്ക് മാനവവിഭവശേഷി, ഉമാഭാരതിക്ക് ജലം-ഗംഗാ ശുചീകരണം എന്നിവ ലഭിച്ചു.

ഘടകകക്ഷികളില്‍നിന്ന് എല്‍.ജെ.പി. നേതാവ് രാം വിലാസ് പസ്വാന്‍, തെലുങ്കുദേശം പാര്‍ട്ടിയിലെ അശോക് ഗജപതി രാജു, ശിവസേനയില്‍നിന്ന് അനന്ത് ഗീഥെ, അകാലിദളില്‍ നിന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന്റെ ഭാര്യ ഹര്‍സിമ്രത് കൗര്‍ എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

രാഷ്ട്രപതിഭവന്റെ അങ്കണത്തില്‍ എട്ട് ‘സാര്‍ക്ക്’ രാഷ്ട്രങ്ങളുടെ തലവന്‍മാരെയും 4,000 അതിഥികളെയും സാക്ഷിനിര്‍ത്തിയാണ് ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള നാലാം സര്‍ക്കാര്‍ അധികാരമേറ്റത്. വൈകിട്ട് ആറിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നരേന്ദ്രമോദിക്കും മന്ത്രിസഭയിലെ മറ്റംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

ബി.ജെ.പിയില്‍നിന്ന് 19 കാബിനറ്റ് മന്ത്രിമാരാണുള്ളത്. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ കൂടുതല്‍ ഉയര്‍ന്ന പദവികളിലേക്ക് പരിഗണിക്കുമെന്ന് ഉറപ്പായി. മന്ത്രിസഭയിലെ ന്യൂനപക്ഷ പ്രാതിനിധ്യം ന്യൂനപക്ഷ മന്ത്രിയായ നജ്മ ഹെപ്തുള്ളയില്‍ ചുരുങ്ങി. വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, ഉമാ ഭാരതി, മേനകാ ഗാന്ധി, അനന്ത്കുമാര്‍, രവിശങ്കര്‍ പ്രസാദ്, സ്മൃൃതി ഇറാനി തുടങ്ങിയവരും ബി.ജെ.പിയില്‍ നിന്ന് കാബിനറ്റ് മന്ത്രിമാരായി.

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദാ രാജപക്‌സെ, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹമീദ് കര്‍സായ്, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍കുമാര്‍ കൊയ്രാള, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തൊഗ്‌ബെ, മാലെദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍, മൗറീഷ്യസ് പ്രസിഡന്റ് നവീന്‍ചന്ദ്ര രാംഗുലം, ബംഗ്ലാദേശ് സ്പീക്കര്‍ ഷിറിന്‍ ഷര്‍മിന്‍ എന്നിവരും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ രാഷ്ട്രപതിമാരായ അബ്ദുള്‍ കലാം, പ്രതിഭാ പാട്ടീല്‍, സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

മോദി മന്ത്രിസഭയില്‍ പകുതിയിലധികം മന്ത്രിമാരും ഹിന്ദി ഹൃദയഭൂമിയില്‍നിന്നാണ്. കൂടുതല്‍ എം.പി.മാരെ സംഭാവന ചെയ്ത ഉത്തര്‍പ്രദേശില്‍ നിന്നാണ് മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും. മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കും മന്ത്രിസഭയില്‍ മികച്ച പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നും പശ്ചിമ ബംഗാളില്‍നിന്നും മന്ത്രിസഭയില്‍ ആരുമില്ല. എല്ലാ സീറ്റും ലഭിച്ച രാജസ്ഥാനില്‍ നിന്ന് കാബിനറ്റ് മന്ത്രിമാര്‍ ആരുമില്ല. ഒരു സഹമന്ത്രി മാത്രമാണ് രാജസ്ഥാനില്‍നിന്ന് സത്യപ്രതിജ്ഞ ചെയ്തത്.
ഘടകകക്ഷികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെയാണ് മോദി മന്ത്രിമാരെ തിരഞ്ഞെടുത്തതെന്ന് വ്യക്തം. കൂടുതല്‍ സീറ്റുകള്‍ നേടുന്ന കക്ഷികള്‍ക്ക് കൂടുതല്‍ മന്ത്രിമാരെന്ന രീതി പിന്തുടരാനും മോദി തയ്യാറായിട്ടില്ല. ഏഴ് വനിതകളും മന്ത്രിസഭയില്‍ ഇടം നേടി. പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് കാബിനറ്റ് പദവി നല്‍കി. കക്ഷിരാഷ്ട്രീയ താത്പര്യങ്ങളെക്കാള്‍ ഉപരി മെറിറ്റിന് പ്രാധാന്യം നല്‍കാനാണ് മോദി ശ്രമിച്ചത്.

നേതാക്കളുടെ മക്കള്‍ക്കും മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചിട്ടില്ല. പ്രമോദ് മഹാജന്റെ മകള്‍ പൂനം, യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ മകന്‍ അഭിഷേക് സിങ്, മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമലിന്റെ മകന്‍ അനുരാഗ് താക്കൂര്‍ എന്നിവരെയൊന്നുംതന്നെ പരിഗണിച്ചിട്ടില്ല.

 

umabharati ARUN JAITLY MANKA-Oqnp2 NAJMA NI-416dY NIRAMALA-NzMN1 PONN-QoRDJ Ramvilas paswan Sathanantha gauda

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close