നഴ്‌സുമാര്‍ക്ക് കുടിശിക ശമ്പളം ലഭ്യമാക്കും: മുഖ്യമന്ത്രി

cmiraqnurses

ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ നഴ്‌സുമാര്‍ക്ക് തത്കാലം സ്വകാര്യ ആശുപത്രികളില്‍ ജോലി നല്‍കുമെന്നും ശമ്പളക്കുടിശിക ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നഴ്‌സുമാരുടെ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ആസാദ് മൂപ്പന്റെ വിവിധ ആശുപത്രികളിലും കോഴിക്കോട് മിംസ് വയനാട് വിംസ് എന്നിവിടങ്ങളിലുമാണ് ജോലി. നഴ്‌സുമാര്‍ക്ക് ഇറാഖില്‍ നിന്നും ലഭിക്കാനുള്ള നാലുമാസത്തെ ശമ്പളം ഇന്ത്യന്‍ എംബസി മുഖേന നല്‍കും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നുണ്ട്. ലക്ഷങ്ങള്‍ മുടക്കി ഇറാഖിലെത്തിയവര്‍ പലരും ശമ്പളമൊന്നും കിട്ടാതെയാണ് നാട്ടിലേക്ക് മടങ്ങിയത്. അഞ്ചു മാസങ്ങള്‍ക്കു മുന്‍പ് ഇറാഖിലെത്തിയ 15 നഴ്‌സുമാക്ക് ഒരു രൂപ പോലും ശമ്പളം ലഭിച്ചിരുന്നില്ല.

ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇറാഖി അധികൃതരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ശമ്പളക്കുടിശിക ഇന്ത്യന്‍ എംബസിക്ക് കൈമാറുമെന്ന് ഇറാഖി ഭരണകൂടം അറിയിച്ചുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.

ഇറാഖില്‍ നിന്ന് ആദ്യമെത്തിയ പത്തു പേര്‍ക്ക് ടിക്കറ്റിന് ചെലവായ തുക നോര്‍ക്ക നല്‍കും. സര്‍ക്കാറിന്റെ പരിമിതിക്കുള്ളില്‍ നിന്നുള്ള സഹായങ്ങള്‍ ഇവര്‍ക്കും നല്‍കും. നഴ്‌സുമാരെ അലട്ടുന്ന പ്രധാന പ്രശ്‌നം നാട്ടിലെ കടബാദ്ധ്യതയാണ്.
ഓരോരുത്തര്‍ക്കും മൂന്ന് ലക്ഷം രൂപ വീതം സഹായം നല്‍കാമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ സി.കെ.മേനോന്‍ അറിയിച്ചിട്ടുണ്ട്. മടങ്ങിയെത്തിവരില്‍ വിദേശത്ത് പോകാന്‍ യോഗ്യതയുള്ള നഴ്‌സുമാരെ സര്‍ക്കാര്‍ സഹായിക്കുമെന്നും യോഗ്യത ഇല്ലാത്തവര്‍ക്ക് യോഗ്യത നേടും വരെ സര്‍ക്കാര്‍ ജോലി നല്‍കും.

സന്തോഷകരമായ സംഗമമാണിത്. എല്ലാവരുടെയും പ്രാര്‍ഥനയുടെ ഫലമാണ്. പ്രതിസന്ധി ഘട്ടത്തില്‍ പതറാതെ ആത്മസംയമനത്തോടെ പ്രവര്‍ത്തിച്ച 46 നഴ്‌സുമാര്‍ക്ക് തന്നെയാണ് ഇതിന്റെ ക്രഡിറ്റ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ കെ.എം.മാണി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, പി.ജെ ജോസഫ്, അടൂര്‍ പ്രകാശ്, ഷിബു ബേബി ജോണ്‍, ജോസ് കെ. മാണി എം.പി., മോയിന്‍കുട്ടി എം.എല്‍.എ ,നോര്‍ക്ക ഉന്നത ഉദ്യോഗസ്ഥര്‍ , ജോലിവാഗ്ദാനം ചെയ്ത വിവിധ ആശുപത്രികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ആഭ്യന്തരയുദ്ധം ശക്തമായ ഇറാഖില്‍ നിന്നും കഴിഞ്ഞ ജൂലായ് അഞ്ചിനാണ് നഴ്‌സുമാര്‍ മടങ്ങിയെത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close