നാട്ടിന്‍പുറങ്ങളിലും ബ്രസൂക്കന്‍ ആവേശം

ptpm brasuka

പത്തനാപുരം: ലോകശ്രദ്ധ മുഴുവനും ഒരു പന്തായി ബ്രസീലിന്റെ മണ്ണില്‍ ഉരുളുമ്പോള്‍ ആവേശം ചോര്‍ന്നുപോകാതെ മലയോര പട്ടണവും അതിനൊപ്പം ചേരുന്നു. കാല്‍പ്പന്തു കളിയുടെ വീര്യവും പ്രിയവും നെഞ്ചേറ്റിയവരാണ് നാട്ടിന്‍പുറത്തെ ഫുട്ബോള്‍ പ്രേമികള്‍. 64വര്‍ഷത്തെ കായികപരിചയമാണ് പത്തനാപുരത്തിനുള്ളത്. 1950ല്‍ അത് ലറ്റിക്കോ ക്ലബ്ബിന്റെ രൂപീകരണത്തോടെയാണ് ഫുട്ബോള്‍ ഭ്രാന്ത്‌ ഇവിടെ ആളുകളുടെ തലയ്ക്കുപിടിക്കുന്നത്‌. തുടര്‍ന്ന് മൗണ്ട് താബോര്‍ ദയര സ്ഥാപകനായ തോമ മാര്‍ ദീവന്നാസിയോസ് ഫുട്ബോള്‍ കളിക്കാര്‍ക്ക്‌ ആവശ്യമായ പരിശീലസ്ഥലം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കോളേജ് തലത്തില്‍ പരിശീലനം ആരംഭിച്ചതോടെ ഇന്റര്‍ കൊളീജിയറ്റ് മത്സരങ്ങളിലെ പേടിസ്വപ്നമായിമാറി പത്തനാപുരം. എന്നാല്‍ മലയോരപട്ടണം ശക്തമായൊരു ഫുട്ബോള്‍ മാമാങ്കത്തിന് ആതിഥേയരാകുന്നത് 1975ല്‍ ആയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ടൗണ്‍ ഫുട്ബോള്‍ ക്ലബ്ബും മാസ്സ് ക്ലബ്ബും ഉദയം ചെയ്യുന്നത്. പിന്നിങ്ങോട്ട് പോരാട്ടങ്ങളുടെയും തീപാറുന്ന മത്സരങ്ങളുടെയും സാക്ഷിയായി ഈ നാട് മാറി. കേരളത്തിലെ പ്രശസ്തമായ നിരവധി ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് വര്ഷം തോറും നടക്കുന്ന മത്സരങ്ങള്‍ നഗരത്തിന് സമ്മാനിക്കുന്നത് ഫുട്ബോളിന്റെ നാടെന്ന പ്രശസ്തിയാണ്. സെവന്‍സും, കുട്ടി ഫുട്ബോളും, വനിതാഫുട്ബോളുമെല്ലാം പ്രദര്‍ശനമത്സരത്തിനുമപ്പുറം പത്തനാപുരത്തിന്റെ സൗഹൃദമത്സരങ്ങള്‍ കൂടിയാണ്. കാലം മാറി നാടു മാറി നാട്ടുകാര്‍ മാറി എന്നിട്ടും കാല്‍പ്പന്തുകളിയുടെ ആവേശം മനസ്സില്‍ നിന്നും ജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ പത്തനാപുരത്തുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. രാജ്യങ്ങളെക്കാളും കളിക്കാരെക്കാളും മലയോരമേഖല കാത്തിരിക്കുന്നത് ലോകഫുട്ബോളിന്റെ മാസ്മരിക നിമിഷങ്ങള്‍ക്ക് വേണ്ടിയാണ്.

റിപ്പോര്‍ട്ട്: അശ്വിന്‍ പഞ്ചാക്ഷരി

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close