നാഫെഡ് അടയ്ക്കാന്‍ നീക്കം

nafed

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനും താങ്ങുവില നല്‍കിയ കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി നാഫെഡ് അടയ്ക്കാന്‍ നീക്കം.

കേന്ദ്രസര്‍ക്കാറിന്റെ നോഡല്‍ ഏജന്‍സിയായിട്ടാണ് സഹകരണസ്ഥാപനമായ നാഫെഡ് പ്രവര്‍ത്തിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് മാര്‍ച്ച് 31 വരെ 92 ജീവനക്കാരെ സ്വയം വിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്.) പ്രകാരം ഒഴിവാക്കി.

കൊപ്ര ഉള്‍പ്പെടെ രാജ്യത്തെ 29 കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നാഫെഡ് വിപണിയിലിടപെടുകയും താങ്ങുവിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങുകയും ചെയ്യുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് സ്ഥാപനം സാമ്പത്തികപ്രതിസന്ധിയിലകപ്പെട്ടത്. കാര്‍ഷികോത്പന്നങ്ങള്‍ താങ്ങുവിലയ്ക്ക് വാങ്ങുമ്പോള്‍, വിപണിവിലയുമായുണ്ടാവുന്ന വ്യത്യാസം നാഫെഡിന് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയിരുന്നു. ഈ ഇനത്തില്‍ സാമ്പത്തികനഷ്ടം വന്നിട്ടില്ലെന്നാണ് ജീവനക്കാരുടെ സംഘടന പറയുന്നത്. 2003-’04 കാലയളവില്‍ നാഫെഡ് പ്രഖ്യാപിതലക്ഷ്യത്തില്‍നിന്ന് വ്യതിചലിച്ച് ചില വന്‍കിട കമ്പനികളുമായി സഹകരിച്ച് കൂട്ടുകച്ചവടത്തിനും കയറ്റുമതി വ്യാപാരത്തിലും ഏര്‍പ്പെട്ടു. വന്‍ലാഭം പ്രതീക്ഷിച്ച് നടത്തിയ ഇത്തരം ഇടപാടുകളില്‍ 1800 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കിട്ടാക്കടവും പലിശയും സഹിതം ഇതിപ്പോള്‍ 4000 കോടി രൂപയായി ഉയര്‍ന്നു. കര്‍ണാടകത്തില്‍നിന്ന് ഇരുമ്പയിര് വാങ്ങിച്ച് കയറ്റിയയയ്ക്കുന്ന കച്ചവടത്തില്‍ ഒരു സ്വകാര്യ ഖനിലോബിയുമായി നാഫെഡ് ഇടപാട് നടത്തിയിരുന്നു. ഇതിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായതെന്ന് കണക്കാക്കുന്നു.

നഷ്ടം കുമിഞ്ഞുകൂടിയതോടെ നില്‍ക്കക്കള്ളി ഇല്ലാതായപ്പോഴാണ് ജീവനക്കാരെ വി.ആര്‍.എസ്. നല്‍കി ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നിലപാടിലേക്ക് നാഫെഡ് ഭരണസമിതി നീങ്ങിയത്. സീനിയര്‍ മാനേജര്‍ മുതലുള്ള തസ്തികയിലെ 92 ജീവനക്കാരെയാണ് ആദ്യഘട്ടമായി മാര്‍ച്ച് 31 വരെ പിരിച്ചുവിട്ടത്. വി.ആര്‍.എസ്സിന് അപേക്ഷിച്ച 78 ജീവനക്കാര്‍ ഏപ്രില്‍, മെയ് മാസങ്ങളിലായി പുറത്തുപോവും.

2014 ജനവരി മുതല്‍ ശമ്പളം 10 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, ജനവരി മുതല്‍ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കുന്നതും നിര്‍ത്തി. നാഫെഡില്‍ ജോലി ചെയ്തുവന്ന 400 കരാര്‍ത്തൊഴിലാളികളെ രണ്ടാഴ്ച മുമ്പ് പിരിച്ചുവിട്ടു. നേരത്തേ 520 ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ ആകെ 400-ല്‍ത്താഴെ പേര്‍ മാത്രമേ ഉള്ളൂ.

ഇതിനിടെ നാഫെഡ് പുനഃക്രമീകരിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കേന്ദ്രകൃഷിവകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ച പദ്ധതിരേഖയ്ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇതുമൂലം അവശേഷിക്കുന്ന ജീവനക്കാരും വി.ആര്‍.എസ്സിന് അവസരം കിട്ടിയാല്‍ പ്രയോജനപ്പെടുത്താനായി കാത്തിരിക്കയാണ്.

കേരളത്തില്‍ കൊപ്രവില ഗണ്യമായി കുറഞ്ഞപ്പോള്‍, താങ്ങുവിലയ്ക്ക് സംഭരിച്ച് കേരകര്‍ഷകന് ഏറെ ആശ്വാസം പകരാന്‍ നാഫെഡിന് സാധിച്ചിട്ടുണ്ട്. അതുപോലെ നാഫെഡിന്റെ പ്രവര്‍ത്തനത്തിന്റെ നേട്ടം രാജ്യത്തെ മറ്റ് കര്‍ഷകര്‍ക്കും ലഭിച്ചിട്ടുണ്ട്. നാഫെഡ് അടയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാവുമെന്നിരിക്കെ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കര്‍ഷകരും കാര്‍ഷിക സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close