നാലാം ദിനം

”സീതയെപ്പറ്റി എന്തുതന്നെ പറയേണ്ടൂ! ഭൂതകാലത്തെ സാഹിത്യത്തെ മുഴുവന്‍തന്നെ വായിച്ചുതീര്‍ത്തോളൂ. മറ്റൊരു സീതയെ കണ്ടെത്തുന്നതിന് പില്‍ക്കാല  ലോകസാഹിത്യം മുഴുവനും തിരഞ്ഞുനടക്കേണ്ടിവരുമെന്ന് ഞാന്‍ നിങ്ങളോട് ഉറപ്പു പറയാം. സീത അതുല്യയാണ്, അദ്വിതീയയാണ്; ആ കഥാപാത്രം ചിത്രീകരിയ്ക്കപ്പെട്ടിട്ടുള്ളത് എന്നെന്നേയ്ക്കുമായാണ്. ഒരുപക്ഷെ, രാമന്മാര്‍ പലരും ഉണ്ടായെന്നുവരാം. എന്നാല്‍ സീത ഒന്നില്‍ കൂടുതലുണ്ടാവില്ല. യഥാര്‍ത്ഥമായ ഒരു ഭാരതസ്ത്രീയുടെ തല്‍സ്വരൂപമാണവള്‍ . ആ ഒരു സീതയുടെ ജീവിതചര്യയില്‍ നിന്നാണ് പരിപൂര്‍ണ്ണത പ്രാപിച്ച ഭാരതസ്ത്രീകളുടെ ആദര്‍ശങ്ങള്‍ വളര്‍ന്നുവന്നിട്ടുള്ളത്. ആര്യാവര്‍ത്തത്തിന്റെ ദൈര്‍ഘ്യവും വിസ്താരവും മുഴുവനും ഓരോ പുരുഷന്റെയും ഓരോ സ്ത്രീയുടേയും ഓരോ ശിശുവിന്റേയും പൂജയാര്‍ജ്ജിച്ചുകൊണ്ട് സഹസ്രാബ്ദങ്ങളായി ഇതാ അവള്‍ ഇവിടെ നിലകൊള്ളുന്നു. ഇവിടെ അവള്‍ എന്നുമുണ്ടാവും- ഈ യശസ്‌കരിയായ സീത. അവള്‍ വിശുദ്ധിയേക്കാള്‍ കൂടുതല്‍ വിശുദ്ധിയുള്ളവള്‍, എല്ലാം ക്ഷമിക്കുന്നവള്‍, എല്ലാം സഹിക്കുന്നവള്‍!”

സ്വാമി വിവേകാനന്ദന്‍ (സമ്പൂര്‍ണ്ണകൃതികള്‍, വാല്യം-3)

changethu ad

top banner

4

ദുര്‍ഗാ മനോജ്

നേരം പുലര്‍ന്നു. പ്രഭാതകൃത്യങ്ങള്‍ കഴിച്ച് രാമലക്ഷ്മണന്മാര്‍ വിശ്വാമിത്രമഹര്‍ഷിയ്‌ക്കൊപ്പം ജനകരാജസദസ്സില്‍ എത്തിച്ചേര്‍ന്നു. മൂവരേയും ജനകരാജാവ് യഥോചിതം സ്വീകരിച്ച് ആനയിച്ചു. കുശലാന്വേഷണങ്ങള്‍ കഴിഞ്ഞ് വിശ്വാമിത്രന്‍ രാജാവിനോടു പറഞ്ഞു: ”ഇവര്‍ ദശരഥപുത്രന്മാരും വീരക്ഷത്രിയന്മാരുമാണ്. ഇവിടുത്തെ അതിപ്രശസ്തമായ ശൈവചാപം കാണുവാന്‍ ഇവര്‍ക്ക് ആഗ്രഹമുണ്ട്. അതിന് അനുവദിച്ചാലും.” അതുകേട്ട് ജനകന്‍ പറഞ്ഞു: “മഹാമുനേ, അവിടുത്തേക്ക് അറിയുമല്ലോ. ഈ ശൈവചാപം സാക്ഷാല്‍ പരമേശ്വരന്‍, നിമിയുടെ ജ്യേഷ്ഠന്‍ ദേവരാതന്‍ എന്ന പ്രശസ്തനായ രാജാവിന്റെ പക്കല്‍ ന്യാസമായി ഏല്പിച്ചതാണ്. എന്റെ പൂര്‍വ്വികരില്‍ നിന്ന് എന്നിലേക്കും ഈ ചാപം എത്തിച്ചേര്‍ന്നു. ഭീമാകാരമായ ഈ ശൈവചാപം ഞങ്ങള്‍ എല്ലാവിധ ഭക്തി ബഹുമാനത്തോടുമൊപ്പം ആരാധിക്കുന്നു. അങ്ങേക്ക് അറിയുമല്ലോ. പണ്ട്, ഉഴവുചാലില്‍ നിന്നും എനിക്ക് ലഭിച്ച പെണ്‍കുട്ടിയെക്കുറിച്ച്. സീത എന്ന പേരില്‍ അവള്‍ എന്റെ മകളായി വളരുന്നു.

സീതയുടെ ബാല്യം
സീതയുടെ ബാല്യം

എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ അവള്‍ക്ക് യോജിച്ച ഒരു വരനെ തേടുകയാണു ഞാന്‍. പക്ഷേ, വരുന്നയാള്‍ യഥാര്‍ത്ഥ യോദ്ധാവാണ് എന്ന് ബോധ്യം വരുവാന്‍ ഞാനൊരു പരീക്ഷ വച്ചിട്ടുണ്ട്. അത് ഈ ശൈവചാപം എടുത്ത് കുലയ്ക്കുക എന്നതാണ്. ധാരാളം യോദ്ധാക്കള്‍ ഇതിനകം ഇവിടെ വന്നു പരാജിതരായി മടങ്ങിയിരിക്കുന്നു. രാമന്‍ ഈ പരീക്ഷണത്തില്‍ വിജയിച്ചാല്‍ സീതയെ ഞാന്‍ രാമനു നല്കും.”
ജനകന്‍ പറഞ്ഞതുകേട്ട് രാമലക്ഷ്മണന്മാര്‍ വില്ലിനടുത്തേക്ക് നടന്നു. ഭീമാകാരമായ ആ വില്ലിനു മുന്നില്‍ രാമനെത്തി.  ആ ഭീമന്‍ വില്ല് ഒരു പുല്‍ക്കൊടി പോലെ അദ്ദേഹം എടുത്തുയര്‍ത്തി. പിന്നെ ഞാണ്‍ വലിച്ചുകെട്ടി. അതോടെ ആ വില്ല് നടുഭാഗംകൊണ്ട് രണ്ടായ് പിളര്‍ന്നു.

രാമന്‍ ശൈവചാപം ഒടിക്കുന്നു. (രാജാ രവിവര്‍മ്മ)
രാമന്‍ ശൈവചാപം ഒടിക്കുന്നു. (രാജാ രവിവര്‍മ്മ)

ആ ശബ്ദം കേട്ട് സര്‍വലോകങ്ങളും വിറച്ചു. ആളുകള്‍ ബോധംകെട്ട് വീണു.

ബഹളങ്ങള്‍ ഒന്നടങ്ങിയപ്പോള്‍ ജനകരാജാവ് സന്തോഷാശ്രുക്കളോടെ രാമനോട് തന്റെ മകള്‍ സീതയെ പത്‌നിയായി സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. രാമന്‍ നടത്തിയ അത്ഭുതകൃത്യത്തെക്കുറിച്ചും, തന്റെ പുത്രി സീതയെ രാമന് പാണിഗ്രഹണം നടത്തിക്കൊടുക്കുവാന്‍  ആഗ്രഹിക്കുന്നു എന്നും, അതില്‍ പങ്കെടുക്കാന്‍ അയോധ്യയില്‍ നിന്ന് ഏവരും വരണമെന്നും ഉള്ള വിവരങ്ങള്‍ ദശരഥമഹാരാജാവിനെ അറിയിക്കുവാനായി, മഹര്‍ഷിയുടെ അനുവാദത്തോടെ  ദൂതന്‍മാരെ ജനകന്‍ അയോധ്യയിലേക്ക് അയച്ചു.
മൂന്നുനാള്‍ കൊണ്ട് ദൂതന്‍മാര്‍ അയോധ്യയിലെത്തി. അവര്‍ വിവരങ്ങള്‍ ദശരഥനെ അറിയിച്ചു. രാമന്‍ നടത്തിയ വീരകൃത്യത്തില്‍ ദശരഥന് അഭിമാനം തോന്നി. ഒപ്പം ജനകരാജാവിന്റെ മകളെ രാമന്‍ വിവാഹം ചെയ്യുന്നതിലും അദ്ദേഹം സന്തോഷിച്ചു. ഉടനെതന്നെ സദസ്സ് വിളിച്ചുകൂട്ടി മന്ത്രിമാരോടും ഗുരു വസിഷ്ഠനോടും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എല്ലാവര്‍ക്കും ഒരേപോലെ സമ്മതം. പിന്നെ യാത്ര വൈകിക്കുന്നതെന്തിന്? പിറ്റേന്നുതന്നെ ജനകരാജാവിനടുത്തേക്ക് പോകുവാന്‍ തയ്യാറാകുവാന്‍ ദശരഥന്‍ ഉത്തരവിട്ടു. ബ്രാഹ്മണരും താപസശ്രേഷ്ഠരും കാലാള്‍പ്പടയും അമൂല്യ കാഴ്ചവസ്തുക്കളും പൗരപ്രമുഖന്മാരും മന്ത്രിമാരും ഒക്കെ തന്നെ അനുഗമിക്കണമെന്ന് ദശരഥന്‍ കല്പനയായി. അങ്ങനെ പിറ്റേന്നുതന്നെ ദശരഥനും, ഭരതശത്രുഘ്‌നന്മാരും ഒത്ത് ഏവരും ജനകരാജാവിനടുത്തേക്ക് യാത്ര ആരംഭിച്ചു.
അയോധ്യാപതിയുടെ ആഗമനം ജനകരാജന്‍ അറിഞ്ഞു. വേഗം, അദ്ദേഹം വൃദ്ധനായ ദശരഥനടുത്തേക്ക് ചെന്ന് ഉപചാരം പറഞ്ഞ് സ്വീകരിച്ച് ആനയിച്ചു. ആ രാത്രി ഇരുണ്ട് പുലര്‍ന്നപ്പോള്‍ ജനകരാജാവ് പുരോഹിതന്മാരും ഒക്കെയായി ദശരഥന് സമീപമെത്തി. ദശരഥ രാജാവിനെക്കുറിച്ചും, ആ വംശമഹിമയെക്കുറിച്ചും ഗുരു വസിഷ്ഠന്‍ വിശദീകരിച്ചു. അതിനുശേഷം ജനകരാജാവിന്റെ പരമ്പരയെക്കുറിച്ചും വിശദീകരണം ഉണ്ടായി. അങ്ങനെ അതിമഹത്തായ പാരമ്പര്യം അവകാശപ്പെടാവുന്ന രണ്ട് വംശങ്ങള്‍ തമ്മിലുള്ള സഖ്യമായി ആ വിവാഹം മാറി. അനന്തരം വിവാഹദിനം വേഗം കുറിക്കപ്പെട്ടു. ഒപ്പം ജനകന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചു. രാമന്‍ സീതയെ വിവാഹം കഴിക്കുമ്പോള്‍ തന്റെ മകള്‍ ഊര്‍മ്മിളയെ ലക്ഷ്മണന്‍ സ്വീകരിക്കണം. ഒപ്പം തന്റെ സഹോദരന്റെ പുത്രിമാരായ മാണ്ഡവിയെ ഭരതനും, ശ്രുതകീര്‍ത്തിയെ ശത്രുഘ്‌നനും വിവാഹം ചെയ്യണം. ഏവര്‍ക്കും അതും സമ്മതമായി.  ഉത്രം നക്ഷത്രത്തില്‍ നാല് വിവാഹങ്ങളും അതികേമമായി നടത്തപ്പെട്ടു. ദേവകള്‍ പുഷ്പവൃഷ്ടി നടത്തി. അപ്‌സരസ്സുകള്‍ നൃത്തം ചെയ്തു.

വിവാഹം
വിവാഹം

ആ രാവ് പുലര്‍ന്നപ്പോള്‍ മുനി വിശ്വാമിത്രന്‍ ഏവരോടും വിടപറഞ്ഞ് ഉത്തരപര്‍വ്വതത്തിലേക്ക് പോയി. ദശരഥനും പുത്രന്മാരും അവരുടെ വധുക്കളുമായി സ്വരാജ്യത്തേക്കും മടക്കമായി….

യാത്ര മുന്നേറവേ നിരവധി അശുഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പെട്ടെന്ന് ഭാര്‍ഗ്ഗവരാമന്‍ തീപോലെ അവരുടെ മുന്നില്‍ പ്രത്യക്ഷനായി. തന്റെ ഗുരുവായ പരമേശ്വരന്റെ വില്ലൊടിച്ച രാമനെ, വൈഷ്ണവചാപം എടുത്ത് വില്ല് കുലയ്ക്കുവാന്‍ വെല്ലുവിളിച്ചു. രാമന്‍ ആ വെല്ലുവിളി സ്വീകരിച്ച് വൈഷ്ണവചാപം ആ നിമിഷം എടുത്ത് ഞാണ്‍ കെട്ടി അമ്പു കുലച്ചു. പിന്നെ പരശുരാമനോടായി പറഞ്ഞു: ”ഇതാ, ഞാന്‍ അമ്പുകുലച്ചു കഴിഞ്ഞു ആയതിനാല്‍ ഈ ബാണം പാഴാകാന്‍ പാടില്ല. എന്നാല്‍ താങ്കളെ കൊല്ലുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ താങ്കള്‍ തപസിനാല്‍ നേടിയ സിദ്ധികള്‍ ഈ അമ്പിനാല്‍ നശിപ്പിക്കുകയാണ്.” വൈഷ്ണവചാപം എടുത്ത് നിസ്സാരമായി കുലച്ച രാമന്‍ വെറും സാധാരണക്കാരനല്ല എന്ന് ഭാര്‍ഗ്ഗവരാമന് മനസ്സിലായി. അദ്ദേഹം രാമനോട് തന്റെ സിദ്ധികള്‍ നശിപ്പിക്കരുത് എന്നും പകരം തന്റെ തപസിനാല്‍ സൃഷ്ടിച്ച ലോകങ്ങള്‍ നശിപ്പിക്കുവാനും അപേക്ഷിച്ചു, രാമന്‍ അപ്രകാരം ചെയ്തു. കാര്‍മേഘം മാറി ഭൂമി തെളിഞ്ഞു. ദേവതകള്‍ രാമനെ വാഴ്ത്തി. ഭാര്‍ഗ്ഗവരാമന്‍ ദശരഥപുത്രനെ വലംവച്ച് തന്റെ വഴിക്ക് പോയി. രാമന്‍ വൈഷ്ണവചാപം വരുണന് നല്കി. പിന്നെ അയോധ്യയിലേക്ക് യാത്ര തുടര്‍ന്നു.

അയോധ്യയിലേക്ക്
അയോധ്യയിലേക്ക്

അയോധ്യയില്‍ ആഘോഷത്തിമിര്‍പ്പിനിടയില്‍ ഏവരും എത്തിച്ചേര്‍ന്നു. മൂന്ന് മാതാക്കളും പുത്രവധുക്കളെ സ്വീകരിച്ചു. ഏവരും സന്തുഷ്ടരായി കഴിഞ്ഞു.

ഇതിനിടയില്‍ കൈകേയിയുടെ അച്ഛന്റെ ദൂതുമായി സഹോദരന്‍ യുധാജിത്ത് അവിടെ എത്തിയിട്ടുണ്ടായിരുന്നു. ഭരതനെ കാണണം എന്ന ആഗ്രഹം അച്ഛന്‍ പ്രകടിപ്പിച്ചതനുസരിച്ച് ഭരതനെ അവിടേക്ക് കൂട്ടുവാനായാണ് യുധാജിത്ത് എത്തിയത്. വിവാഹമൊക്കെ കഴിഞ്ഞപ്പോള്‍ യുധാജിത്ത് ഭരതനെ കാണുവാനുള്ള കൈകേയിയുടെ അച്ഛന്റെ ആഗ്രഹം വീണ്ടും ദശരഥനോട് പറഞ്ഞു. അങ്ങനെ ദശരഥന്‍ മുത്തച്ഛനെ കണ്ടുവരുവാന്‍ ഭരതനോട് ആവശ്യപ്പെട്ടു. ഭരതനൊപ്പം ശത്രുഘ്‌നനും അവിടുന്ന് യാത്രപോകാന്‍ തയ്യാറായി.

രാമലക്ഷ്മണന്മാര്‍ ഭരതശത്രുഘ്‌നന്മാരുടെ അഭാവം അറിയിക്കാതെ, മാതാപിതാക്കളെ ശുശ്രൂഷശിച്ച്, സീതയോടും ഊര്‍മ്മിളയോടും ഒപ്പം സന്തോഷത്തോടെ കഴിഞ്ഞു.

                                                                                           ബാലകാണ്ഡം സമാപ്തം


അയോധ്യാകാണ്ഡം

കുറേ ദിവസങ്ങളായി ദശരഥന് ഒരു ചിന്ത. തനിക്ക് പ്രായമേറെ ആയിരിക്കുന്നു. സര്‍വ്വഗുണങ്ങളും തികഞ്ഞ് രാമന്‍ രാജ്യഭാരം ഏറ്റെടുക്കുന്നത് കാണണം. രാമനെ യുവരാജാവായി വാഴിക്കണം. ചിന്ത മുറുകിയപ്പോള്‍ രാജാവ് മന്ത്രിമാരോടും ഗുരു വസിഷ്ഠനോടും ആലോചിച്ചു. അവര്‍ക്കും സമ്മതം. പിന്നെ രാജ്യത്തെ പ്രമുഖരെ വിളിച്ചുകൂട്ടി അവരോടും ആലോചിച്ചു. നൂറുവട്ടം സമ്മതം അവര്‍ക്ക്. പിന്നെ എന്തിന് അമാന്തം? നാളെ പുഷ്യം നക്ഷത്രം. അതിവിശിഷ്ഠം. ശുഭസ്യശീഘ്രം എന്നാണല്ലോ. മാത്രവുമല്ല, ഭരതനും അവിടില്ല. അഥവാ എന്തെങ്കിലും ഒരെതിര്‍പ്പ് ഭരതനില്‍നിന്ന് ഉണ്ടാകാനിടയുണ്ടെങ്കില്‍ത്തന്നെ, യുവരാജാഭിഷേകം നടന്നുകഴിഞ്ഞാല്‍ പിന്നെ ആ അപകടവുമില്ല. ഇല്ല, ആ ശങ്കയ്ക്ക് കാര്യമില്ല. രാമന് രാജ്യാധികാരം കിട്ടിയാല്‍ ഭരതന്‍ സന്തോഷിക്കുകയേ ഉള്ളൂ. ഏതായാലും ഇനി വൈകണ്ട രാമനോട് കാര്യം പറയണം. അച്ഛന്‍ പറഞ്ഞത് രാമന്‍ വിനയത്തോടെ കേട്ടുനിന്നു. ഗുരു വസിഷ്ഠന്‍ അന്നുരാത്രി ഉപവസിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു. രാമന്‍ സീതയോടുകൂടി ചെന്ന് അമ്മ കൗസല്യയെ കണ്ട് ആശീര്‍വാദം നേടി. പിന്നെ സ്വന്തം അരമനയിലേക്കു പോകുകയും ചെയ്തു.

അയോധ്യയിലെ ജനങ്ങള്‍ രാമന്റെ അഭിഷേകവാര്‍ത്ത അത്യധികം സന്തോഷത്തോടെ സ്വീകരിച്ചു. വീടുകള്‍ ദീപങ്ങളാല്‍ അലങ്കരിച്ചു. വീഥികളില്‍ കൊടിതോരണങ്ങള്‍ കെട്ടി. പാതകള്‍ കഴുകി പൂക്കള്‍ വിരിച്ചു.

ഈ സമയം കൈകേയിയുടെ ദാസിയായ മന്ഥര എന്ന വൃദ്ധയായ കൂനി അന്തഃപ്പുരമട്ടുപ്പാവില്‍ നിന്ന് തെരുവിലേക്ക് നോക്കുകയായിരുന്നു. പെട്ടെന്ന് രാജ്യത്ത് എന്താണ് സംഭവിച്ചത്. ഒടുവില്‍ അവള്‍ക്ക് കാര്യം പിടികിട്ടി. ങ്‌ഹേ, രാമന്‍ യുവരാജാവാകുകയോ? ദേഷ്യംകൊണ്ട് ചുവന്ന മന്ഥര കൈകേയിയുടെ അടുത്തേക്ക് വേഗമെത്തി കാര്യം പറഞ്ഞു: ”രാമന് അഭിഷേകമോ? ഇത്രയും സന്തോഷകരമായ ഒരു വാര്‍ത്ത വേറെ കേള്‍ക്കുവാനില്ല. ഭരതനേക്കാളേറെ പ്രിയപ്പെട്ടവനാണ് എനിക്ക് രാമന്‍. ഇതാ മന്ഥരേ ഈ രത്‌നഹാരം നിനക്കാണ്” എന്നുപറഞ്ഞ് വിലകൂടിയ ഒരു രത്‌നഹാരം മന്ഥരയ്ക്ക് നല്കി. എന്നാല്‍ തല്‍ക്ഷണം മന്ഥര ആ മാല തട്ടിയെറിഞ്ഞു. എന്നിട്ട് പറഞ്ഞു: “കഷ്ഠം! സ്വന്തം മകനെ ഇവിടുന്ന് മാറ്റിനിര്‍ത്തിയിട്ട് രാമനെ അഭിഷേകം ചെയ്യുന്നത് കണ്ട് രസിക്കാന്‍ നിനക്കല്ലാതെ ആര്‍ക്കും സാധിക്കില്ല കൈകേയി….. രാമന്‍ യുവരാജാവായാല്‍ പിന്നെ, നീ  കൗസല്യയുടെ വെറും ദാസി. ലക്ഷ്മണന്‍ നിഴലുപോലെ കൂടെയുള്ളതുകൊണ്ട് അവന് ദോഷം വരില്ല. പക്ഷേ, ഭരതനേയും ശത്രുഘ്‌നനേയും രാമന്‍ നശിപ്പിക്കും.”

മന്ഥരയുടെ ഈ വിഷം ചീറ്റുന്ന വാക്കുകള്‍ കേട്ടു കേട്ട് പതിയെ കൈകേയിയുടെ മനസ്സ് മാറി. ഒടുവില്‍ കൈകേയി മന്ഥരയോട് എങ്ങനെയെങ്കിലും രാമന്റെ അഭിഷേകം തടയുവാനായി ഒരു ഉപായം പറയുവാന്‍ ആവശ്യപ്പെട്ടു. മന്ഥര അതിന് വഴിയും ഉപദേശിച്ചു: ”പണ്ട് ദേവാസുരയുദ്ധത്തില്‍ ദേവേന്ദ്രനെ സഹായിക്കുന്നതിനിടയില്‍ ഒരപകടത്തില്‍ നിന്നും കൈകേയീ, നീ ദശരഥനെ രക്ഷിച്ചിരുന്നു. പകരം അദ്ദേഹം നിനക്ക് രണ്ട് വരങ്ങള്‍ നല്കിയിരുന്നല്ലോ. ആ വരങ്ങള്‍ ഇപ്പോള്‍ ചോദിക്കുക. ആദ്യത്തേത് ഭരതനെ യുവരാജാവാക്കുക എന്നതും രണ്ടാമത്തേത് രാമന്‍ പതിനാലുവര്‍ഷം വനത്തില്‍ കഴിയട്ടെയെന്നുമാകണം.”

അത് തന്നെ വഴി എന്ന് നിശ്ചയിച്ച് കൈകേയി ആഭരണങ്ങളെല്ലാം അഴിച്ചുവച്ച് വെറും നിലത്ത്, അഴിച്ചിട്ട മുടിയുമായി ആര്‍ത്തലച്ചുകരഞ്ഞുകൊണ്ട് ദശരഥന്‍ വരുന്നതും കാത്ത് കിടന്നു.

 

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close