നാല് അണക്കെട്ടുകളും കേരളത്തിന്റേതുതന്നെയെന്ന് മുഖ്യമന്ത്രി

oommen chandy

മുല്ലപ്പെരിയാറടക്കം നാല് അണക്കെട്ടുകളുടെ ഉടമസ്ഥത കേരളത്തിന് തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഉന്നതതലയോഗം ഡിസംബറില്‍ ചേര്‍ന്നപ്പോള്‍ ഇവയുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന തരത്തില്‍ എടുത്ത തീരുമാനം നിലവില്‍ വന്നിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. മുന്‍ യോഗത്തിന്റെ മിനിറ്റ്‌സ് അടുത്ത യോഗത്തിലേ അംഗീകരിക്കൂ. ഇതിനകം വിവാദ തീരുമാനത്തിനെതിരെ കേരളം പരാതി നല്‍കിയിട്ടുമുണ്ട്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2009 ല്‍ ഈ അണക്കെട്ടുകള്‍ തമിഴ്‌നാടിന്റെ പട്ടികയില്‍പ്പെടുത്തിയിരുന്നു. അതിനെതിരെ കത്ത് നല്‍കി അവ കേരളത്തിന്റെ തന്നെയാക്കി മാറ്റിയത് യു.ഡി.എഫ്. സര്‍ക്കാരാണ്. ഇതില്‍ തമിഴ്‌നാടിന് നിരാശയുണ്ടാകാം. പഴയ അവകാശവാദം അവര്‍ അപ്രതീക്ഷിതമായി ഉന്നയിക്കുകയായിരുന്നു. തമിഴ്‌നാടിന്റെ ഈ നീക്കത്തിനെതിരെ കേരളത്തിന്റെ പ്രതിനിധി കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. നടപടികള്‍ സ്തംഭിച്ചതിനെതുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി സഭയില്‍വെച്ച രേഖകള്‍ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട നിയമസഭാ സബ്ജക്ട് കമ്മിറ്റി പരിശോധിക്കാന്‍ ധാരണയായി. ഈ വിഷയം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്ന ജമീല പ്രകാശം ഈ സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരിക്കും. ഇക്കാര്യം സ്പീക്കര്‍ പ്രഖ്യാപിച്ചതിനുശേഷമാണ് സഭ പുനരാരംഭിച്ചത്.

മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ് എന്നീ അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച ദേശീയ സമിതി യോഗത്തില്‍ വെച്ച് തമിഴ്‌നാട് സ്വന്തമാക്കിയെന്നത് രേഖ സഹിതം ജമീലപ്രകാശമാണ് കഴിഞ്ഞദിവസം സഭയില്‍ ഉന്നയിച്ചത്. പ്രതിപക്ഷം ഇത് പ്രശ്‌നമാക്കിയപ്പോള്‍ മുഖ്യമന്ത്രി വ്യാഴാഴ്ച വിശദീകരണം നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. 2009 ല്‍ കേന്ദ്ര ജലകമ്മീഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഈ അണക്കെട്ടുകള്‍ കേരളത്തിന്റേതായിരുന്നില്ലെന്നും തമിഴ്‌നാടിന്റെതായിരുന്നുവെന്നും മുഖ്യമന്ത്രി രേഖകള്‍ സഹിതം പറഞ്ഞു. ഇതിന്റെ അടിക്കുറിപ്പില്‍ പെരിയാര്‍ അണക്കെട്ട് കേരളത്തിലാണെന്നും തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണെന്നും പറഞ്ഞിരുന്നു.

2012 ല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തിരുത്ത് വേണമെന്ന് ആവശ്യപ്പെട്ടു. തിരുത്തുകയും ചെയ്തു. 2012 ല്‍ ഇക്കാര്യം സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രജലകമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയതുകൊണ്ടാണ് അണക്കെട്ടുകളുടെ ഉടമസ്ഥാവാകാശം വീണ്ടും കേരളത്തില്‍ നിക്ഷിപ്തമായതെന്ന് ഈ രേഖകള്‍ തെളിയിക്കുന്നു മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ദേശീയ അണക്കെട്ട് സുരക്ഷാസമിതിയുടെ യോഗം ചേര്‍ന്നപ്പോള്‍ നാല് അണക്കെട്ടുകളുടെയും ഉടമസ്ഥാവകാശവും നിയന്ത്രണവും അറ്റകുറ്റപ്പണിക്കുള്ള അവകാശവും തങ്ങള്‍ക്കാണെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. എന്നാല്‍ രേഖകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഉടമസ്ഥാവകാശം സംബന്ധിച്ച വാക്ക് അടിക്കുറിപ്പില്‍ നിന്നൊഴിവാക്കി. ഈ നാല് അണക്കെട്ടുകളും തമിഴ്‌നാടിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

യോഗത്തിന്റെ മിനിറ്റ്‌സ് ലഭിച്ചപ്പോള്‍ ഈ അണക്കെട്ടുകളുടെയെല്ലാം ഉടമസ്ഥാവാകാശം കേരളത്തിനാണെന്ന് ജലകമ്മീഷനെ അറിയിച്ചു. ഇപ്പോഴും അവരുടെ വെബ്‌സൈറ്റില്‍ ഉടമസ്ഥാവകാശം കേരളത്തിനാണ്. ഡിസംബറില്‍ നടന്ന സമിതിയോഗത്തിന്റെ മിനിറ്റ്‌സ് അന്തിമമായി അംഗീകരിക്കുന്നത് അടുത്ത യോഗത്തിലായിരിക്കും. മിനിറ്റ്‌സിന്റെ ഉള്ളടക്കത്തോടുള്ള എതിര്‍പ്പ് കേരളം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത യോഗത്തില്‍ ഇക്കാര്യം കൂടുതല്‍ ശക്തമായി ഉന്നയിക്കും. മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ താന്‍ ഉന്നയിച്ച കാര്യങ്ങളിലെ ദുരൂഹതയകറ്റുന്നതല്ല മുഖ്യമന്ത്രിയുടെ മറുപടിയെന്ന് ജമീല പ്രകാശം പറഞ്ഞു. യോഗത്തിലെ കേരളത്തിന്റെ പ്രതിനിധിയുടെ നാവ് കെട്ടിയത് ആരാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ചോ
ദിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഡിസംബറിലെ യോഗത്തിന്റെ അജന്ഡയില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് അങ്ങനെ പറ്റിയതെന്നും യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് അണക്കെട്ടുകളും കേരളത്തിന്റെ പട്ടികയില്‍തന്നെ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മാത്യു ടി. തോമസ് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ സമ്മതിച്ചില്ല. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. തുടര്‍ന്ന് സഭ തത്കാലത്തേക്ക് നിര്‍ത്തിവെയ്ക്കുകയായിരുന്നു. പിന്നീട് കക്ഷിനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച രേഖകള്‍ സബ്ജക്ട് കമ്മിറ്റി പരിശോധിക്കാന്‍ ധാരണയായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close