നാഷണല്‍ ഹെറാള്‍ഡ് കേസില്‍ താത്കാലിക സ്‌റ്റേ

നാഷണല്‍ ഹെറാള്‍ഡ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ആഗസ്ത് ഏഴിന് ഹാജരാകണമെന്ന മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ആഗസ്ത് 13 വരെ സ്‌റ്റേ ചെയ്തു

ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവരടക്കം ഏഴുപേര്‍ക്ക് ഡല്‍ഹി കോടതി സമന്‍സയച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ഒസ്‌കാര്‍ ഫെര്‍ണാണ്ടസ്, മോട്ടിലാല്‍ വോറ, പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശകന്‍ സാം പിട്രോഡ, ഗാന്ധി കുടുംബവുമായി അടുപ്പമുള്ള മുന്‍ മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ ദുബെ എന്നിവര്‍ക്കാണ് സമന്‍സ് അയച്ചിട്ടുള്ളത്.

2008ല്‍ പൂട്ടിയ ‘നാഷണല്‍ ഹെറാള്‍ഡ്’ ദിനപത്രത്തിന്റെ ഡല്‍ഹി ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ കെട്ടിടം സോണിയാ ഗാന്ധിക്കും കുടുംബത്തിനും ഭൂരിപക്ഷമുള്ള സ്വകാര്യകമ്പനിയായ ‘യംഗ് ഇന്ത്യന്‍’ തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. ഈ ഇടപാടിനെ ക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു 1938ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിയിരുന്നത് ‘അസോസിയേറ്റഡ് ജേണല്‍സ്’ ആണ്. ഈ സ്ഥാപനത്തിന്റെ കടബാധ്യത തീര്‍ക്കുന്നതിന് 2011ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി 90 കോടി രൂപ വായ്പ നല്‍കിയിരുന്നു. പത്രം വീണ്ടും പ്രസിദ്ധീകരിക്കാന്‍ വേണ്ടിയായിരുന്നു വായ്പ.

എ.ഐ.സി.സി ഖജാന്‍ജികൂടിയായ മോട്ടിലാല്‍ വോറയാണ് ‘അസോസിയേറ്റഡ് ജേണല്‍സി’ന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍. മുന്‍മന്ത്രി ഒസ്‌കാര്‍ ഫെര്‍ണാണ്ടസ് ഡയറക്ടര്‍മാരില്‍ ഒരാളാണ്. ഇരുവരും സോണിയാഗാന്ധിക്കും രാഹുലിനും ഭൂരിപക്ഷ ഓഹരിയുള്ള ‘യംഗ് ഇന്ത്യന്‍’ എന്ന കമ്പനിയുടെയും ഡയറക്ടര്‍മാരുമാണ്.

എല്ലാവരും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമായി 90 കോടി രൂപയുടെ വായ്പ കിട്ടാക്കടമായി എഴുതിത്തള്ളിയെന്നാണ് ആരോപണം. ഇതോടൊപ്പം, ‘അസോസിയേറ്റഡ് ജേണല്‍സി’ന്റെ 99.1 ശതമാനം ഓഹരികളും ‘യംഗ് ഇന്ത്യ’നിലേക്ക് മാറ്റി. ഈ സ്ഥാപനത്തില്‍ 76 ശതമാനം ഓഹരിയുള്ള സോണിയയും രാഹുലും നാഷണല്‍ ഹെറാള്‍ഡിന്റെ 2000 കോടിരൂപ വിലയുള്ള സ്വത്തുവകകള്‍ ഈ ഇടപാടിലൂടെ കൈക്കലാക്കിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമിയുടെ സ്വകാര്യ അന്യായത്തില്‍ ആരോപിക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close