നിതീഷ്‌കുമാര്‍ രാജി പിന്‍വലിക്കില്ല: തീരുമാനം അന്തിമമെന്ന് ശരദ് യാദവ്‌

nitish kumar

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്വമേറ്റ് രാജിവെച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രാജി പിന്‍വലിക്കില്ലെന്ന് ജെ.ഡി.യു അധ്യക്ഷന്‍ ശരദ് യാദവ്. നിതീഷിന്റെ തീരുമാനം അന്തിമമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുനന്മയും പാര്‍ട്ടിയുടെ ഭാവിയും കണക്കിലെടുത്താണ് രാജി. ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും അത് ഉചിതവും അന്തിമവുമാണ്-ശരദ് യാദവ് പറഞ്ഞു. നിതീഷിന്റെ രാജി പാര്‍ട്ടി അംഗീകരിച്ചു. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തിരഞ്ഞെടുക്കും. ആര്‍.ജെ.ഡിയുമായി സഖ്യമുണ്ടാക്കുന്നത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

തന്റെ വിശ്വസ്തനും ഊര്‍ജവകുപ്പുമന്ത്രിയുമായ ബിജേന്ദര്‍ യാദവിനെ മുഖ്യമന്ത്രി സ്ഥാനത്തുകൊണ്ടുവരാനുള്ള നീക്കങ്ങളാണ് ശരത് യാദവ് നടത്തുന്നത്. ബിജേന്ദര്‍ യാദവ് മുഖ്യമന്ത്രിയാകുന്നതിനെ ഭൂരിപക്ഷം എം.എല്‍.എമാരും എതിര്‍ത്തു. നിതീഷ് കുമാര്‍ ബിഹാറിനെ സല്‍ഭരണത്തിലേക്കും വികസനത്തിലേക്കും നയിച്ച നേതാവാണെന്നും രാജിവെക്കേണ്ടതില്ലെന്നുമാണ് ഭൂരിഭാഗം എം.എല്‍.എമാരും പറയുന്നത്. ജെ.ഡി-യുവിന്റെ 117 എം.എല്‍.എമാരില്‍ 89 പേരും നിതീഷിനൊപ്പം ഉറച്ചുനിന്നു. ഭിന്നത മറനീക്കുകയും പാര്‍ട്ടി പിളര്‍പ്പിലെത്തുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ജെ.ഡി-യു പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തില്‍ നിതീഷ് രാജിപിന്‍വലിക്കണമെന്ന് ഭൂരിപക്ഷം എം.എല്‍.എമാരും ആവശ്യപ്പെട്ടിരുന്നു തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ നിതീഷ് ഒരുദിവസത്തെ സമയം ആവശ്യപ്പെട്ടു. എന്നാല്‍ നിതീഷ് അടുത്ത അനുയായികളുമായി നടത്തിയ കൂടിക്കാഴ്ചയിലും പാര്‍ട്ടിയിലെ ഭിന്നത ചര്‍ച്ചയായി. മതേതരസഖ്യത്തിനായി ലാലുവുമായി കൂട്ടുകൂടാനുള്ള ശരദ് യാദവിന്റെ തിടുക്കത്തിലുള്ള നീക്കത്തില്‍ നിതീഷ് കുമാര്‍ അസ്വസ്ഥനായിരുന്നു.

മുപ്പത്തിയഞ്ചോളം എം.എല്‍.എമാര്‍ ജെ.ഡി.യു. വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ നീക്കം നടത്തുന്നതിനിടയിലാണ് നിതീഷ് കുമാര്‍ രാജിക്കത്തു നല്‍കിയത്. നിതീഷിനെതിരെ ശബ്ദമുയര്‍ത്തിയ റവന്യൂ മന്ത്രി റമൈദാനെ ഒരു സംഘം പാര്‍ട്ടിപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ മര്‍ദിച്ചത് കുറച്ചുനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വലിയ നേട്ടമാണ് ബിഹാറില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും ലഭിച്ചത്. നാല്‍പ്പതില്‍ 31 സീറ്റും എന്‍.ഡി.എ. കൊണ്ടുപോയി. ഇതോടെയാണ് നിതീഷ് രാജിവെക്കാന്‍ തീരുമാനിച്ചത്.

ബി.ജെ.പി. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് 17 വര്‍ഷം നീണ്ട സഖ്യത്തില്‍ നിന്ന് നിതീഷിന്റെ ജെ.ഡി-യു. പിന്മാറിയത്. അതോടെ 243 അംഗസഭയില്‍ 117 എം.എല്‍.എമാര്‍ മാത്രമുള്ള ജെ.ഡി-യുവിന്റെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. ഒരു വര്‍ഷമായി കോണ്‍ഗ്രസ്സിന്റെയും സി.പി.ഐയുടെയും രണ്ടുസ്വതന്ത്രരുടെയും പിന്തുണയിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യം പുനരുജ്ജീവിച്ചപ്പോഴും നിതീഷിനുള്ള പിന്തുണ കോണ്‍ഗ്രസ് തുടര്‍ന്നു. ഇന്നലെ ചിരവൈരിയായ ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവ് ജെ.ഡി-യുവിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സും ജെ.ഡി-യു മന്ത്രിസഭയ്ക്ക് പിന്തുണ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് ദേശീയതലത്തില്‍ പുതിയ മതേതര സഖ്യത്തിന് തുടക്കം കുറിച്ചേക്കും. ഇപ്പോള്‍ ജെ.ഡി.യുവിന് ആര്‍.ജെ.ഡി കൂടി പിന്തുണ നല്‍കുകയാണെങ്കില്‍ അത് ബിഹാറില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് തുടക്കമാവും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close