നിയമതടസ്സമില്ല, ബാറുകള്‍ ഈ വര്‍ഷം തന്നെ പൂട്ടും: ഉമ്മന്‍ ചാണ്ടി

അടുത്ത ഗാന്ധിജയന്തി ദിനം മുതല്‍ എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ. 39 ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഈ വര്‍ഷം പൂട്ടും. മദ്യത്തിന് അഞ്ചുശതമാനം സെസ്. മദ്യവില കൂടും

യുഡിഎഫ് ഇന്നലെ പുറത്തുവിട്ട മദ്യനയം വെള്ളിയാഴ്ച്ച ചേര്‍ന്ന സര്‍ക്കാരിന്റെ ഉന്നതതല യോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അടുത്ത ഏപ്രില്‍ മുതല്‍ ബാറുകള്‍ പൂട്ടുമെന്നായിരുന്നു ഇന്നലെ പറഞ്ഞിരുന്നതെങ്കിലും, നിയമതടസ്സമില്ലാത്തതിനാല്‍ ബാറുകള്‍ ഈ വര്‍ഷം തന്നെ പൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാറുകള്‍ പൂട്ടുന്നത് സംബന്ധിച്ച് നിയമോപദേശം സര്‍ക്കാരിന് ലഭിച്ചു.

ഇന്നത്തെ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും പുറമെ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ബാറുകള്‍ മാത്രമല്ല, വര്‍ഷംതോറും പൂട്ടുമെന്ന് പറഞ്ഞ പത്തുശതമാനം ബിവറേജസ് ഔട്ട്‌ലറ്റുകളും അടുത്ത ഒക്ടോബര്‍ രണ്ട് മുതല്‍ പൂട്ടും. 39 ബിവറേജസ് ഔട്ട്‌ലറ്റുകളാണ് ഈ വര്‍ഷം പൂട്ടുക. അതില്‍ അഞ്ചെണ്ണം കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന വില്‍പ്പനശാലകളായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി.

എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കാനും പുതിയ മദ്യനയത്തില്‍ നിര്‍ദേശമുണ്ട്. അതുപ്രകാരം, ഈ ഗാന്ധിജയന്തിക്ക് ശേഷമുള്ള ആദ്യ ഞായറാഴ്ച മുതല്‍ ഇത് നടപ്പില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാത്രമല്ല, മദ്യത്തിന് അഞ്ച് ശതമാനം സെസ് ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. അതിനാല്‍, സംസ്ഥാനത്ത് മദ്യത്തിന്റെ വില ഇനിയും കൂടുംയ

പുതിയ മദ്യനയം നിലവില്‍ വരുന്ന സാഹചര്യത്തില്‍ കോടതി ഉത്തരവിട്ട ബാര്‍ പരിശോധനയ്ക്ക് ഇനി പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ബാറുകളില്‍ നടക്കുന്ന നിലവാര പരിശോധന ആഗസ്ത് 26 വരെ തുടരും.

പൂട്ടിയിട്ട ബാറുകളില്‍ നിലവാര പരിശോധന നടത്താനും ആഗസ്ത് 26 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍ക്കാര്‍ പുട്ടിയിട്ട ബാറുകളില്‍ പരിശോധന തുടങ്ങിയത്.

സംസ്ഥാനത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാനാണ് ഇന്നലെ യുഡിഎഫ് അംഗീകരിച്ച മദ്യനയത്തിലുള്ളത്. ഇപ്പോള്‍ പൂട്ടിയിരിക്കുന്ന 418 ബാറുകള്‍ക്കു പുറമെ പ്രവര്‍ത്തിക്കുന്ന 312 ബാറുകളും പൂട്ടാനാണ് നിര്‍ദേശം.

ബിവറേജസ് കോര്‍പ്പറേഷനിലെ വില്പന കേന്ദ്രങ്ങളില്‍ 10 ശതമാനം വീതം എല്ലാ വര്‍ഷവും പൂട്ടുമെന്നും നയത്തില്‍ പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close