നിറക്കൂട്ടുകള്‍

nirakkoottukal 2

ആരതിയെ ഞാനെപ്പോഴോ മറന്നുപോയി. അവള്‍ എനിെക്കാരു സുഹൃത്ത്‌ മാത്രമായിരുന്നില്ല, അതിനേക്കാളുപരി ആരൊക്കെയോ ആയിരുന്നു. എന്നിട്ടും എങ്ങനെ മറന്നുപോയി എന്നാവാം, അല്ലേ? അങ്ങനെ വിശ്വസിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌ ഞാന്‍. എത്ര ശ്രമിച്ചിട്ടും അതിനാവുന്നില്ല, എങ്കിലും.

രണ്ടുദിവസം മുന്‍പ്‌ അച്ഛനോട്‌ സംസാരിക്കുമ്പോള്‍, നീ ഗള്‍ഫില്‍ പോയ കാര്യം അവേളാട്‌ പറയാതിരുന്നതെന്തേ എന്ന അച്ഛന്റെ ചോദ്യത്തിന്‌, അവളുടെ ഫോണ്‍നമ്പര്‍ എഴുതിവച്ചത്‌ കണ്ടില്ല എന്ന നിര്‍ദ്ദോഷമായ നുണ മറുപടിയായെത്തി. കഴിഞ്ഞ ദിവസം അവളുടെ അനിയനെ കണ്ടിരുന്നു, നമ്പര്‍ ഞാന്‍ വാങ്ങിയിട്ടുണ്ട്‌ തരാമെന്ന്‌ അച്ഛന്‍ പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാന്‍ തോന്നിയില്ല. അവള്‍ നാട്ടില്‍ത്തന്നെയായിരിക്കുമെന്നാണ്‌ കരുതിയത്‌. അവള്‍ ഭര്‍ത്താവിന്റെ നാട്ടിലേക്ക്‌ ജോലിമാറ്റം കിട്ടി പോയിട്ട്‌ ഒരു വര്‍ഷം കഴിഞ്ഞത്രെ. അച്ഛന്‍ വിശേഷങ്ങള്‍ പറയുന്നത്‌ വെറുതെ കേട്ടുകൊണ്ടിരുന്നു.

മുന്‍പ്‌ ഒരു ദിവസം കാണാതിരുന്നാല്‍ വിഷമിച്ചിരിക്കുന്നവരാണ്‌. കാലം എല്ലാവരിലും മാറ്റങ്ങള്‍ വരുത്തുന്നത്‌ എത്ര പെട്ടെന്നാണ്‌! ഇന്നിപ്പോള്‍ ഓരോന്നോര്‍ത്തിരിക്കുമ്പോള്‍ മനസ്സ്‌ എവിടെയാെക്കെയോ ചെന്നെത്തുന്നു. അഞ്ചാം ക്ലാസ്‌ മുതല്‍ എന്റെ കൂടെ പഠിക്കാന്‍ തുടങ്ങിയ ആരതിയെ ഹൈസ്‌കൂളിലെത്തിയപ്പാേഴേക്കും ഞാന്‍ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. ക്ലാസിലും പുറത്തും എപ്പോഴും ഞങ്ങളൊന്നിച്ചായിരുന്നു. അവള്‍ക്കറിയാത്തതായി ഒന്നും എന്റെ മനസ്സിലോ, എനിക്കറിയാത്തതായി ഒന്നും അവളുടെ മനസ്സിലോ ഉണ്ടായിരുന്നില്ല.

പഠനകാര്യങ്ങളിലുള്ള ഇഷ്‌ടങ്ങളുടെ വ്യത്യാസത്തില്‍ പ്രീഡിഗ്രിക്ക്‌ ഞങ്ങള്‍ വേറെ വേറെ ക്ലാസുകളിലായി. സെക്കന്റ്‌ ലാംഗ്വേജ്‌ ക്ലാസിനായി സയന്‍സ്‌ ഗ്രൂപ്പും, മാത്സ് ഗ്രൂപ്പും ഒന്നിച്ചുചേരുമ്പോള്‍ ഞങ്ങള്‍ അതൊരു ആഘോഷമാക്കി. രാവിലെ എട്ടുമണിക്കുള്ള ബസില്‍ കേറാനുള്ള ഓട്ടത്തിനിടയില്‍ തുടങ്ങുന്നു ഞങ്ങളൊന്നിച്ചുള്ള ഒരു ദിവസം. ഏതെങ്കിലും ദിവസം അവള്‍ വരാതിരുന്നാല്‍ വല്ലാത്തൊരു കുറവുപോലെയാണ്‌. നിന്റെ “കത്തി’യില്ലെങ്കില്‍ ഏറ്റവും ബോറ്‌ ഈ ബസ്‌യാത്രയാകുമായിരുന്നു എന്ന എന്റെ പ്രസ്‌താവന കേള്‍ക്കുമ്പോള്‍, ഒരു പുഞ്ചിരിേയാടെ അവള്‍ അടിക്കാനായി കൈ ഉയര്‍ത്തും. വിശാലമായി, വിശേഷങ്ങളുടെ കെട്ടഴിക്കുന്നത്‌ കോളേജ്‌ ഗേറ്റില്‍ ബസ്‌ എത്തുമ്പോഴും തീരാറില്ല. ബാക്കി വൈകുന്നേരത്തേക്കായി കരുതിവയ്‌ക്കും. വീട്ടിലെയും ക്ലാസിലെയും വിശേഷങ്ങളെല്ലാമുണ്ടാകും അക്കൂട്ടത്തില്‍. പിന്നെ ബസിലെ സ്ഥിരം യാത്രക്കാരായ ചില കൂട്ടുകാരുടെ വിശേഷങ്ങളും. അത്തരം കൂട്ടുകാര്‍ അവള്‍ക്കായിരുന്നു കൂടുതല്‍. ഞാനെന്നും, ആരോടും പെട്ടെന്ന്‌ അടുക്കാത്ത പ്രകൃതവും.

ഒരാഘോഷത്തോടെ പ്രീഡിഗ്രിക്കാലം കടന്നുപോകുമ്പോള്‍, അതിനുശേഷമുള്ള ദിനങ്ങളെക്കുറിച്ച്‌ ഓര്‍ത്തതേയില്ല. ചെറുപ്പത്തിലെപ്പൊഴോ ഞങ്ങളുടെ മനസ്സില്‍ കടന്നുകൂടിയ ടീച്ചര്‍ സങ്കല്‌പത്തില്‍ നിന്ന്‌ മാറിത്തുടങ്ങിയിരുന്നു ഞാന്‍. സ്‌കൂളില്‍ കണക്കു പഠിപ്പിച്ച തങ്കമണിടീച്ചറോടുള്ള സ്‌നേഹം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന എനിക്ക്‌, അന്നെന്തേ അങ്ങനെ തോന്നിയത്‌ എന്നറിയില്ല ഇപ്പോഴും. ആ സങ്കല്‌പത്തിനൊപ്പം നിന്ന്‌ അവള്‍ ഡിഗ്രിക്കു ചേര്‍ന്നപ്പോള്‍, എനിക്കു നിറങ്ങളോട്‌ കൂട്ടുകൂടാനായിരുന്നു ഇഷ്‌ടം. എന്റെ ആ തീരുമാനം പറഞ്ഞുകേട്ടപ്പോള്‍ അന്നവള്‍ ദേഷ്യപ്പെട്ടതും, ഒടുവില്‍ കരഞ്ഞതും എല്ലാം ഓര്‍ക്കുമ്പോള്‍……..

ചെറിയ പ്രായം മുതല്‍ക്കേ നിറങ്ങളോട്‌ ഒരുപാടിഷ്‌ടമായിരുന്നു എനിക്ക്‌. ഓണക്കാലത്ത്‌, ക്ലാസില്‍ പോകുന്നതിനു മുന്‍പ്‌ പൂക്കളമൊരുക്കാന്‍ കിട്ടുന്ന ഇത്തിരി സമയത്തില്‍ പകുതിയും, ഓരോ നിറമുള്ള പൂവും എവിടെയാെക്കെയിടണം എന്നാലോചിച്ച്‌ അന്തംവിട്ടിരുന്ന എന്നെ നോക്കി എത്ര ദേഷ്യപ്പെട്ടിരിക്കുന്നു അമ്മ! നീയെന്താ ഈ സ്വപ്‌നം കാണുന്നത്, പെട്ടെന്നാവട്ടെ എന്ന്‌ അമ്മയുടെ വാചകം ഇപ്പോഴും എവിടുന്നോ കേള്‍ക്കാറുണ്ട്‌ ഞാന്‍. അങ്ങനെ ഒരു വാചകത്തിനൊടുവിലാണ്‌ ആരതി ആദ്യമായി വീട്ടില്‍ വന്നത്‌. അവളുടെ അച്ഛന്‍ ജോലിമാറ്റത്തില്‍ എന്റെ അയല്‍ക്കാരിയാവുകയായിരുന്നു അവള്‍. അതോടെ ഓണക്കാലം കഴിഞ്ഞുള്ള ദിനങ്ങളും നിറങ്ങളുടേതായി. പാലക്കാട്ടുനിന്നെത്തിയ അവരുടെ മുറ്റത്ത്‌ എന്നും നിറങ്ങള്‍ കാഴ്‌ചയായി.

രാവിലെ കുളിച്ചൊരുങ്ങി, മുറ്റത്ത്‌ കോലം വരയ്‌ക്കുന്ന ആരതിയുടെ അമ്മ. കടുംനിറത്തിലുള്ള കസവുസാരിയുടുത്ത്‌, മുടിയില്‍ മുല്ലപ്പൂ ചൂടി, നെറ്റിയില്‍ വലിയ കുങ്കുമപ്പൊട്ടുതൊട്ട്‌….. സുഖമുള്ള ഒരോര്‍മ്മയായി ഇന്നും മനസ്സിലുണ്ട്‌. നിന്റെ അമ്മയെ കാണുമ്പോള്‍ മഴവില്ലിനെയാണ്‌ ഓര്‍മ്മവരിക, എല്ലാ നിറങ്ങളുമുണ്ട്‌ എന്നൊരിക്കല്‍ തമാശയായി പറഞ്ഞുപോയതിന്‌ ദേഷ്യപ്പെട്ട്‌ രണ്ടുദിവസം എന്നോട്‌ മിണ്ടാതെ നടന്നു അവള്‍. അവളുടെ അമ്മയെ ഞാന്‍ കണ്ണുവച്ചു എന്നതായിരുന്നു അവളതിന്‌ കണ്ടെത്തിയ കാരണം. എന്നെ മനസ്സിലാക്കാന്‍ അവള്‍ക്കു കഴിയില്ല എന്നു തിരിച്ചറിയാനുള്ള വിവരം അന്നെനിക്കും ഇല്ലാതെ പോയി. അതുകൊണ്ടാണല്ലോ വീണ്ടും ഞാനവളെ സ്നേഹിച്ചുകൊണ്ടേയിരുന്നത്‌.

ഇന്ന്‌ നിറങ്ങളുടെയും ഡിസൈനുകളുടെയും ലോകത്ത്‌, ഭാവനകള്‍ക്കൊപ്പം നീങ്ങുമ്പോള്‍ പലേപ്പാഴും ആരതിയെ ഓര്‍ത്തുപോവാറുണ്ട്‌. അവളുടെ അമ്മ വരയ്‌ക്കുന്ന കോലങ്ങളില്‍ നിന്നാണ്‌ നിറങ്ങളുടെയും ഡിസൈനുകളുടെയും ഭംഗി ഞാനാദ്യമായി അറിയുന്നത്‌. ഇപ്പോഴും ഓരോ വസ്‌ത്രത്തിനും നിറങ്ങള്‍ക്കായി പരതുമ്പോള്‍ ആ നിറക്കൂട്ടുകള്‍ എന്റെ മുന്നില്‍ ഓടിയെത്താറുണ്ട്‌. ആ ഓര്‍മ്മകള്‍ക്കൊടുവില്‍ അതൊരു ഫോണ്‍വിളിയായി അവളിലെത്താറുമുണ്ട്‌. ഓരോ പ്രാവശ്യം വിളിക്കുമ്പോഴും തിരിച്ചുവിളിക്കാത്തതില്‍ അവളോടുള്ള പരിഭവം ദേഷ്യമായി പുറത്തുവരുേമ്പാള്‍, ഒരു ചിരിയോടെ, ഇനി വിളിക്കാം എന്നവള്‍ സമ്മതിക്കുകയാണ്‌ പതിവ്‌. ഒരിക്കല്‍പ്പോലും ആ വാക്കു പാലിച്ചില്ലെങ്കിലും. തിരക്കുകൊണ്ടായിരിക്കാം എന്നാശ്വാസം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴും ഒരു ടീച്ചര്‍ക്ക്‌ ഇത്രേയറെ തിരക്കോ എന്നൊരു ചോദ്യം ആരോ ചോദിക്കുന്നതുേപാലെ തോന്നും. ശനി, ഞായര്‍ ദിവസങ്ങളും പിന്നെ മറ്റുള്ള അവധി ദിവസങ്ങളും എന്നെ ഒരുപാട്‌ പരിഹസിച്ചിട്ടുണ്ടാവാം.

ഭാവനയിലെ നിറക്കൂട്ടുകള്‍ വളരുന്നതിനൊപ്പം ജീവിതത്തിലെ നിറങ്ങള്‍ മങ്ങിത്തുടങ്ങിയിരുന്നു. ഇതിനിടയില്‍ രോഗങ്ങള്‍ വേഷപ്പകര്‍ച്ചക്കൊരുങ്ങുമ്പോള്‍ ആദ്യം ഞെട്ടലായിരുന്നു. പിന്നീടത്‌ പേടിയും വിഷമവുമാെക്കെയായി രൂപം മാറുമ്പോള്‍, ഏറെ പ്രതീക്ഷിച്ചിരുന്നു അവളുടെ ഒരാശ്വാസവാക്കിനായി. അവനവനു വരുമ്പോളല്ലാതെ, മറ്റുള്ളവരെ മനസ്സിലാക്കാന്‍ ആര്‍ക്കുമാവില്ല എന്നതുകൊണ്ടാവാം ഒരിക്കല്‍പ്പോലും അവള്‍ വിളിക്കുകയുണ്ടായില്ല. ഇന്നോര്‍ക്കുമ്പോള്‍ എന്നില്‍ നാണക്കേട്‌ ജനിപ്പിക്കുന്ന വിധം, ഞാനവളെ വീണ്ടും വീണ്ടും വിളിച്ചുകാേണ്ടെയിരുന്നു. അങ്ങോട്ട്‌ വിളിച്ച്‌ വിവരം പറയുമ്പോഴാണെങ്കിലും, സാരമില്ല എല്ലാം ശരിയാകും എന്ന അവളുടെ വാക്കുകളില്‍ ഒരു സുഹൃത്തിന്റെ സ്‌നേഹം കണ്ടെത്തിയിരുന്നു ഞാന്‍. ഇടയ്ക്കെപ്പൊഴോ ഫോണ്‍വിളികളുടെ മേല്‍, എന്റെ ആരോഗ്യം കൈവച്ചു തുടങ്ങിയതോടെ അതും ഇല്ലാതായി. നീണ്ട പകലുകളും രാത്രികളും അറിഞ്ഞും അറിയാതെയും കടന്നുപോയിക്കൊണ്ടിരുന്നു. ഒടുവില്‍ ഡോക്‌ടറുടെ വാക്കുകളില്‍ പ്രത്യാശയായി വെല്ലൂര്‍ ഹോസ്‌പിറ്റലില്‍ കടന്നുവന്നപ്പോള്‍ കൈവന്ന ഊര്‍ജ്ജം ദിവസങ്ങളെ പ്രതീക്ഷാഭരിതമാക്കി. ഒരാള്‍ക്കുവേണ്ടി മറ്റൊരാള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, അതാണ്‌ ദൈവത്തിനേറെ പ്രിയം എന്ന വിശ്വാസത്തെ അര്‍ത്ഥവത്താക്കുവാന്‍ എനിക്കു പ്രിയപ്പെട്ട എല്ലാവരെയും (ഞാന്‍, അവര്‍ക്ക്‌ പ്രിയപ്പെട്ടവളായിരുന്നോ എന്നെനിക്കറിയില്ല) ഞാന്‍ വിളിച്ച്‌ വിവരം പറഞ്ഞു. അവരുടെയെല്ലാം പ്രാര്‍ത്ഥന എന്റെ കൂടെയുണ്ടായിരുന്നു എന്നു വിശ്വസിക്കാനാണെനിക്കിഷ്‌ടം. അന്ന്‌ ആരതിയെ വിളിച്ച്‌ ഇക്കാര്യം പറഞ്ഞപ്പോള്‍, “നീ വെല്ലൂര്‍ക്ക്‌ പോയി തിരിച്ചുവാ, ഞാന്‍ വ്യാഴാഴ്‌ച വിളിക്കാം.’ എന്ന അവളുടെ വാക്കുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും എന്റെ കാതില്‍ മുഴങ്ങിക്കേള്‍ക്കാറുണ്ട്‌. പിന്നീട്‌ എത്രയോ വ്യാഴാഴ്‌ചകള്‍ എന്നെനോക്കി പുഞ്ചിരി തൂകി കടന്നുേപായി.

ഫോണ്‍നമ്പര്‍ എടുത്തുതരാമെന്ന്‌ അച്ഛന്‍ പറഞ്ഞിട്ട്‌ രണ്ടുദിവസമായി. ഒരുപക്ഷേ, മറന്നിരിക്കാം ഞാനത്‌ ഓര്‍മ്മപ്പെടുത്തിയതുമില്ല. എനിക്കാവശ്യമില്ലാത്ത ഒരു ഫോണ്‍നമ്പര്‍ നോക്കിയെടുക്കാന്‍, വെറുതെയെന്തിന്‌ അച്ഛന്റെ സമയം നഷ്‌ടപ്പെടുത്തണം. എന്റെ അഡ്രസ്‌ ബുക്കിലെ “എ’ എന്ന അക്ഷരത്തിന്റെ പേജില്‍ ഇനിയൊരിക്കല്‍ക്കൂടി ആരതി എന്ന പേര്‌ ഞാനെഴുതാനിടയില്ല, മറ്റൊരു ആരതിയെ കണ്ടെത്തുന്നതുവരെ. കാരണം അവളെ ഞാനൊരുപാട്‌ സ്‌നേഹിച്ചിരുന്നു. അതുകൊണ്ടാവാം ഇന്ന്‌ അവളെ ഇത്രയേറെ വെറുക്കാന്‍ തോന്നുന്നതും. എന്നിട്ടും എന്റെ ഓര്‍മ്മകളിലിന്നും, ഞങ്ങള്‍ ഒരേനിറമുള്ള പട്ടുപാവാടയണിയാറുണ്ട്‌, ഒരുമിച്ച്‌ ദീപാരാധന തൊഴാറുണ്ട്‌, സ്‌കൂളിലെ ഉച്ചഭക്ഷണത്തിനൊപ്പം തൈരുമുളകിന്റെ എരിവും പേരയ്‌ക്കയുടെ മധുരവും നുണയാറുണ്ട്‌, ബോറടിപ്പിക്കുന്ന മലയാളം ക്ലാസുകളില്‍ പൂജ്യം വെട്ടിക്കളിക്കാറുണ്ട്‌…………

 

പ്രസീത രജി

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close