നീര വിപണിയിലേക്ക്‌

neera

കേര കര്‍ഷകര്‍ക്ക് നല്ലകാലത്തിന്റെ സൂചന നല്‍കി നീര ഡ്രിങ്ക് വിപണിയിലേക്കെത്തുന്നു. ആദ്യ വര്‍ഷം ഏതാണ്ട് 1,150 കോടി രൂപയുടെ നീരയാകും വിപണി പിടിക്കുക. മദ്യാംശം തീരെയില്ലാത്ത പോഷക പാനീയം എന്ന നിലയിലാണ് വിപണനം. കേരളത്തിലെ 173 നാളികേരോത്പാദക ഫെഡറേഷനുകളുടെ നേതൃത്വത്തില്‍ ഏതാണ്ട് 2.59 ലക്ഷം തെങ്ങുകളില്‍ നിന്നാവും നീര എടുക്കുക. ഫെഡറേഷനുകള്‍ക്ക് കീഴില്‍ 12 ഉത്പാദക കമ്പനികളാണ് നീര വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ തയ്യാറായിരിക്കുന്നത്.
ഒരു തെങ്ങില്‍ നിന്ന് ശരാശരി ഒന്നര ലിറ്റര്‍ നീര ലഭിക്കുമെന്നാണ് കണക്ക്. ഇതനുസരിച്ച് 2,59,500 തെങ്ങുകളില്‍ നിന്നായി പ്രതിദിനം 3.89 ലക്ഷം ലിറ്റര്‍ നീര ഉത്പാദിപ്പിക്കാനാകും. ലിറ്ററിന് 100125 രൂപയായിരിക്കും വിപണിവിലയെന്നാണ് സൂചന. വിപണനവിതരണ ചെലവുകള്‍ കഴിച്ച് 3.89 ലക്ഷം ലിറ്ററിന്റെ വില്‍പ്പനയിലൂടെ ഒരു വര്‍ഷം 1,150 കോടി രൂപ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ പകുതിയും കേരകര്‍ഷകര്‍ക്കാണ് ലഭിക്കുക. ഒരു ലിറ്റര്‍ നീര എടുക്കുമ്പോള്‍ കര്‍ഷകന് 50 രൂപ നല്‍കണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് 10 തെങ്ങുകള്‍ നീര ഉത്പാദിപ്പിക്കാനായി നല്‍കുന്ന ഒരു കര്‍ഷകന് 15,000 രൂപ മുതല്‍ 30,000 രൂപ വരെ ലഭിക്കും.
നീരയുടെ ഉത്പാദനം വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിക്കുന്നതോടെ വന്‍തോതില്‍ തൊഴിലവസരവും തുറക്കപ്പെടും. തെങ്ങില്‍ കയറി നീര എടുക്കുന്ന നീര ടെക്‌നീഷ്യന്മാര്‍ക്കാണ് ഏറ്റവുമധികം തൊഴിലവസരമുള്ളത്. ആദ്യ ഘട്ടത്തില്‍ തന്നെ 13,000 ത്തിനടുത്ത് നീര ടെക്‌നീഷ്യന്മാരെ ആവശ്യമായി വരും. ഒരു ലിറ്റര്‍ നീര എടുക്കുന്നതിന് 25 രൂപയാണ് ഇവരുടെ വേതനം. ദിവസേന 20 തെങ്ങില്‍ കയറുന്ന ഒരു ടെക്‌നീഷ്യന് 30,000 രൂപവരെ മാസവരുമാനം ലഭിക്കുമെന്നാണ് പ്രാഥമിക കണക്ക്.
ഇതിന് പുറമെയാണ് നീര സംസ്‌കരണ യൂണിറ്റുകളിലെ തൊഴിലവസരങ്ങള്‍. ഉത്പാദനം, പായ്ക്കിങ് എന്നിവയ്ക്കും വന്‍തോതില്‍ തൊഴിലാളികളെ ആവശ്യമായി വരും. വിതരണം, വിപണനം എന്നിവയ്ക്കും ജീവനക്കാരെ വേണ്ടിവരും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍ എന്നിവയിലൂടെയാവും നീര ഡ്രിങ്ക് മുഖ്യമായും വിപണനം ചെയ്യുക. കൂടാതെ, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, പാര്‍ക്കുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലൊക്കെ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാനും നീര ഉത്പാദകര്‍ക്ക് പദ്ധതിയുണ്ട്. നീര ഡ്രിങ്കില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ വിപണി. നീരയില്‍ നിന്ന് തന്നെയുള്ള ഒരു ഡസനിലേറെ മൂല്യവര്‍ധിത ഉത്പന്നങ്ങളും വിപണിയിലെത്തിക്കാന്‍ പദ്ധതിയുണ്ട്.
പഞ്ചസാരയുടെ അംശം തീരെയില്ലാത്ത നീര കേക്ക്, ജിലേബി, ചോക്ലേറ്റ്, ഗുലാബ് ജാമുന്‍, ശര്‍ക്കര, നീര ജാം, നീര ക്രിസ്റ്റല്‍ ഷുഗര്‍ എന്നിവ ഇതില്‍ പെടുന്നു. നാളികേര വികസന ബോര്‍ഡിന്റെ കീഴിലുള്ള ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റര്‍ വികസിപ്പിച്ച ഈ ഉത്പന്നങ്ങളുടെ സാങ്കേതിക വിദ്യ നീര ഉത്പാദകര്‍ക്ക് സൗജന്യമായി ലഭ്യമാക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close