നെയ്മറിന്റെയും സംഘത്തിന്റെയും ചങ്കിടിപ്പേറ്റി മാരക്കാന

1950 final

1950 ലോകകപ്പ് ഫൈനല്‍,  മാരക്കാനയില്‍ ബ്രസീല്‍ ഉറുഗ്വെയെ നേരിടുന്നു. ബ്രസീലിനു വേണ്ടി ആര്‍ത്തലയ്ക്കുന്നത് 2 ലക്ഷത്തോളം  കാണികള്‍, ഒരു സമനില മാത്രമായിരുന്നു ബ്രസീലും കിരീടവും തമ്മിലുള്ള അകലം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫ്രിയാസ ബ്രസീലിനെ മുന്നിലെത്തിച്ചതോടെ ആവേശം അണപൊട്ടി. പക്ഷെ ഒരു മഹാദുരന്തത്തിന്റെ മുമ്പുള്ള ശാന്തത മാത്രമായിരുന്നു അത്. രണ്ട് ഗോള്‍ തിരിച്ചടിച്ച് ഉറുഗ്വെ ബ്രസീലിനെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ചു.

ആര്‍പ്പുവിളികള്‍ നിശബ്ദതയിലേക്ക് വഴി മാറി. മാരക്കാനയിലെ ഇരിപ്പിടങ്ങള്‍ കണ്ണീരുകൊണ്ട് നനഞ്ഞു.

ചരിത്രത്തിലാദ്യമായി നിശബ്ദതയില്‍ ഉറുഗ്വെ കിരീടം ഏറ്റുവാങ്ങി.‌

ആ ദുരന്തത്തിന് ശേഷം 6 തവണ ബ്രസീല്‍ ഫൈനലിലെത്തി അതില്‍ 5 തവണയും കിരീടമുയര്‍ത്തി. പക്ഷെ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആ ദുരന്തത്തില്‍ നിന്നും കാനറികള്‍ ഇനിയും മുക്തരായിട്ടില്ല. ബ്രസീലിലെ ഓരോ അമ്മമാരും തങ്ങളുടെ മക്കള്‍ക്ക് ആദ്യം പറഞ്ഞു കൊടുക്കുന്ന കഥ മാരക്കാനയുടേതാകും.

ആ തിരിച്ചടിയില്‍ നിന്നുള്ള ഊര്‍ജ്ജമായിരുന്നു പിന്നീടുള്ള ബ്രസീലിയന്‍ ഫുട്ബോളിന്റെ ചാലക ശക്തി, പെലെയും ഗാരിഞ്ചയും റൊമാരിയോയുമെല്ലാം ആ ഓര്‍മയില്‍ നിന്നാണ് ഊര്‍ജം സംഭരിച്ചത്.

ഇത്തവണ മാരക്കാനയിലേക്കുള്ള ബ്രസീലിന്റെ പ്രയാണത്തിന് ഇന്ന് സാവോപോളോയില്‍ കിക്കോഫ് മുഴങ്ങുമ്പോള്‍. ഈ സമ്മര്‍ദം തന്നെയാണ് നെയ്മര്‍ അടക്കമുള്ള താരങ്ങളുടെ ചങ്കിടിപ്പ് കൂട്ടുന്നതും. മാരക്കാനയ്ക്ക് മുമ്പോ മാരക്കാനയിലോ ഒരു ദുരന്തം നടന്നാല്‍ ഫുട്ബോള്‍ ജീവവായുവായ രാജ്യം എങ്ങനെ പ്രതികരിക്കുമെന്ന് കണക്കു കൂട്ടാനാവില്ല.

1950 ലെ ഫൈനലില്‍ മാരക്കാനയില്‍ ഉറുഗ്വെയോട് തോറ്റ ടീം ജീവിതം മുഴുവന്‍ അതിന്റെ പാപം ഏല്‍ക്കേണ്ടി വന്നത് തന്നെ ചരിത്രം. അന്ന് ബ്രസീലിയന്‍ വല കാത്ത ബാര്‍ബോസയ്ക്ക് അപ്രഖ്യാപിത ഭ്രഷ്ട് വരെ നേരിടേണ്ടി വന്നു ഫൈനല്‍ കഴിഞ്ഞ് 43 വര്‍ഷത്തിന് ശേഷം പോലും മാരക്കാനയിലേക്ക് ബാര്‍ബോസയെ കടത്തി വിട്ടില്ല. ബ്രസീലിലെ ഏറ്റവും വലിയ ശിക്ഷയായ 30 വര്‍ഷം പിന്നിട്ടിട്ടും തനിക്ക് ദയ ലഭിച്ചില്ലെന്ന് ബാര്‍ബോ ഓര്‍മിക്കുന്നു. ഈ ഓര്‍മകള്‍ തന്നെയാകും മാരക്കാനയിലേക്ക് പട നയിക്കുമ്പോള്‍ നെയ്മറിനുള്ള പ്രചോദനവും വെല്ലുവിളിയും 22 കാരനായ നെയ്മറിന് അതിനെ അതിജീവിക്കാനാകുമോ എന്ന് കാത്തിരിക്കാം.

റിപ്പോര്‍ട്ട് : പി.കെ ഫൈസല്‍മോന്‍

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close