പഞ്ചാബ് കുതിക്കുന്നു

ipl09-05

ബംഗലുരുവിനെ അവരുടെ നാട്ടില്‍ 32 റണ്‍സിന് തറപറ്റിച്ച പഞ്ചാബ് കിംഗ്സ് ഇലവന്‍ എട്ടു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 14 പോയിന്റുമായി ലീഗില്‍ ഒന്നാമതാണ്. പഞ്ചാബ് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ബംഗലുരുവിന് 20 ഓവറില്‍ ഒമ്പതിന് 166 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അര്‍ദ്ധസെഞ്ച്വറി നേടിയ ഡേവിഡ് മില്ലറും മൂന്നു വിക്കറ്റെടുത്ത സന്ദീപ് ശര്‍മ്മയുമാണ് പഞ്ചാബിന്റെ വിജയശില്‍പ്പികള്‍. ക്രിസ് ഗെയ്‌ല്‍, വിരാട് കൊഹ്‌ലി, പാര്‍ഥിവ് പട്ടേല്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയ സന്ദീപ് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്കോര്‍- പഞ്ചാബ് കിംഗ്സ് ഇലവന്‍ 20 ഓവറില്‍ എട്ടിന് 198,   ബംഗലുരു റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ ഒമ്പതിന് 166

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബ് മില്ലറുടെ അര്‍ദ്ധസെഞ്ച്വറിയുടെ മികവിലാണ് 20 ഓവറില്‍ എട്ടിന് 198 റണ്‍സെടുത്തത്. 29 പന്തില്‍ മൂന്നു സിക്സറും എട്ട് ബൗണ്ടറിയും ഉള്‍പ്പടെ മില്ലര്‍ 66 റണ്‍സാണ് എടുത്തത്. മില്ലറെ കൂടാതെ 30 റണ്‍സെടുത്ത സെവാഗും 25 റണ്‍സെടുത്ത മാക്സ്‌വെല്ലുമാണ് പഞ്ചാബ് ഇന്നിംഗ്സില്‍ തിളങ്ങിയത്. ബംഗലുരുവിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷല്‍ പട്ടേല്‍, ചഹല്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. തുടക്കം മുതലേ പഞ്ചാബ് ബാറ്റ്സ്മാന്‍മാരുടെ തല്ല് വാങ്ങിക്കൂട്ടിയ ബംഗലുരു ബൗളര്‍മാര്‍ക്ക് അവസാന മൂന്നോവറില്‍ മാത്രമാണ് അല്‍പ്പമെങ്കിലും ആശ്വസിക്കാനായത്. 16 ഓവറില്‍ നാലിന് 166 എന്ന നിലയില്‍നിന്നാണ് പഞ്ചാബ് 20 ഓവറില്‍ എട്ടിന് 198 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. അതായത് അവസാന നാലോവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് മാത്രമാണ് പഞ്ചാബിന് ലഭിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന പഞ്ചാബിന് വേണ്ടി ഓപ്പണര്‍മാരായ സെവാഗും മാന്‍ദീപ് സിംഗും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.5 ഓവറില്‍ 60 റണ്‍സ് നേടി. 24 പന്തില്‍ അഞ്ചു ബൗണ്ടറി ഉള്‍പ്പടെ 30 റണ്‍സെടുത്ത സെവാഗിനെ യുസ്‌വേന്ദ്ര ചഹലാണ് പുറത്താക്കിയത്. പിന്നീടെത്തിയ മാക്സ്‌വെല്‍ വെള്ളിടികളുമായി തുടങ്ങിയപ്പോള്‍ ബംഗലുരുവിന്റെ ചങ്കിടിപ്പേറി. എന്നാല്‍ യുവരാജിനെ ഓരോവറില്‍ രണ്ടു സിക്സറിന് ശിക്ഷിച്ചെങ്കിലും 11 പന്തില്‍ 25 റണ്‍സെടുത്ത മാക്സ്‌വെല്‍ ചഹലിന്റെ പന്തില്‍ പുറത്താകുയായിരുന്നു. തൊട്ടുപിന്നാലെ നായകന്‍ ബെയ്‌ലി ഒരു റണ്‍സെടുത്ത് പുറത്തായി.
പിന്നീടായിരുന്നു മില്ലറുടെ വെടിക്കെട്ട്. ബംഗലുരു ബൗളര്‍മാരെ നിര്‍ദ്ദയം അടിച്ചുതകര്‍ത്ത മില്ലര്‍ വരുണ്‍ ആരോണിന്റെ ഓരോവറില്‍ 14 റണ്‍സും ഹര്‍ഷല്‍ പട്ടേലിന്റെ ഒരോവറില്‍ 20 റണ്‍സുമാണ് അടിച്ചെടുത്തത്. ഓസ്ട്രേലിയക്കാരനായ സ്റ്റാര്‍ക്കിന്റെ ഒരോവറില്‍ 13 റണ്‍സും മില്ലര്‍ നേടി. ഒടുവില്‍ ആരോണിന്റെ പന്തില്‍ ചഹലിന് പിടികൊടുത്ത് മില്ലര്‍ മടങ്ങിയതോടെയാണ് ബംഗലുരു നായകന്‍ കോഹ്‌ലിക്ക് ശ്വാസം നേരെ വീണത്.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലേ ഗെയ്‌ല്‍(നാല്), കൊഹ്‌ലി(പൂജ്യം), പാര്‍ഥിവ് പട്ടേല്‍(13), സച്ചിന്‍ റാണ(18), യുവരാജ്(മൂന്ന്) എന്നീ മുന്‍നിരക്കാരെ നഷ്ടപ്പെട്ടു. ക്രിസ് ഗെയ്‌ല്‍, വിരാട് കൊഹ്‌ലി, പാര്‍ഥിവ് പട്ടേല്‍ എന്നിവരെ പുറത്താക്കിയ സന്ദീപ് ശര്‍മ്മയാണ് ബംഗലുരു മുന്‍നിരയെ തകര്‍ത്തത്. ഒരറ്റത്ത് നങ്കൂരമിട്ട ഡിവില്ലിയേഴ്സ് വമ്പനടികളുമായി കളം നിറഞ്ഞെങ്കിലും ടീമിനെ ജയിപ്പിക്കാനാകാതെ ആ പോരാട്ടം അവസാനിക്കുകയായിരുന്നു. 26 പന്തില്‍ അഞ്ചു സിക്സര്‍ ഉള്‍പ്പടെ 53 റണ്‍സെടുത്ത ഡിവില്ലിയേഴ്സ് ബാലാജിയുടെ പന്തില്‍ പുറത്തായതോടെ ബംഗലുരു തോല്‍വി സമ്മതിക്കുകയായിരുന്നു. വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്കും(29) വരുണ്‍ ആരോണുമൊക്കെ തകര്‍ത്തടിച്ചെങ്കിലും ടീമിന്റെ വിജയം ഏറെ അകലെയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close