പതിനഞ്ചാം ദിനം

15

ദുര്‍ഗാ മനോജ്

മാനത്ത് മുകില്‍ നീങ്ങി, മഴക്കാലമൊഴിഞ്ഞു. രാത്രി നിറഞ്ഞ നിലാവില്‍ സര്‍വ്വചരാചരങ്ങളും ആനന്ദിച്ചു. എന്നാല്‍ രാമന്‍ മാത്രം മൈഥിലിയെ ഓര്‍ത്ത് വിരഹത്താല്‍ കണ്ണീര്‍ വാര്‍ത്തു. ”കഷ്ടം! ആ വാനരനുമായി സഖ്യം ചെയ്തിട്ട് എന്തുണ്ട് കാര്യം? അവന്‍ രാജ്യവും ഭാര്യയും കിട്ടിയപ്പോള്‍ ചെയ്ത പ്രതിജ്ഞ മറന്നിരിക്കുന്നു. സീതാന്വേഷണം കാര്‍ത്തിക മാസത്തില്‍ ആരംഭിക്കണം എന്നത് ആ ദുര്‍ബുദ്ധി മറന്നിരിക്കുന്നു. ”കാര്യം സാധിച്ചശേഷം മിത്രങ്ങളെ മറക്കുന്നവന്‍ നിന്ദ്യനാണ്. ബാലി പോയ വഴി അടഞ്ഞിട്ടില്ല. അധര്‍മ്മം പ്രവര്‍ത്തിക്കുന്ന അവനെ ഞാന്‍ ബാലിയുടെ വഴിയില്‍ എത്തിക്കും.” ഈ വിധം രാമന്‍ സുഗ്രീവനെക്കുറിച്ചോര്‍ത്ത് കോപംകൊണ്ടു.
ഇതുകേട്ട് ലക്ഷ്മണന്‍ ക്രുദ്ധനായി വില്ലുമെടുത്ത് സുഗ്രീവന്റെ വാസസ്ഥലമായ കിഷ്‌കിന്ധയിലേക്ക് പുറപ്പെട്ടു. ക്രുദ്ധനായ ലക്ഷ്മണന്റെ വരവുകണ്ട് കിഷ്‌കിന്ധയിലെ ആനകള്‍ക്കൊപ്പം വലിപ്പമുള്ള കുരങ്ങന്മാര്‍ ഓടിമറഞ്ഞു. ഒടുവില്‍ എല്ലാം തട്ടിമാറ്റി ലക്ഷ്മണന്‍ കിഷ്‌കിന്ധാപുരിയിലെത്തി. ലക്ഷ്മണന്റെ വരവറിഞ്ഞ അംഗദന്‍ വേഗംതന്നെ ലക്ഷ്മണന്റെ മുന്നിലെത്തി സ്വീകരിച്ചു. പിന്നെ വേഗം വിവരം അറിയിക്കുവാനായി സുഗ്രീവന്റെ അടുത്തേക്ക് പാഞ്ഞു. ഈ സമയം സുഗ്രീവന്‍ ഭാര്യമാര്‍ക്കൊപ്പം കഴിയുകയായിരുന്നു. വേഗം കടന്നുവന്ന അംഗദന്‍ ആദ്യം സുഗ്രീവന്റെയും പിന്നെ മാതാവ് താരയുടേയും പിന്നെ രുമയുടേയും പാദം വന്ദിച്ച് കാര്യം പറഞ്ഞു. ലക്ഷ്മണന്‍ കോപത്തിലാണെന്ന് കേട്ട് സുഗ്രീവന്‍ ഒന്ന് പകച്ചു. പിന്നെ ഭാര്യ താരയോട് ലക്ഷ്മണന്റെ കോപം ശമിപ്പിക്കുവാന്‍ എന്തെങ്കിലും വഴി ആരാഞ്ഞു. ഒടുവില്‍ താരതന്നെ ലക്ഷ്മണന്റെ മുന്നിലെത്തി. അവര്‍ ചോദിച്ചു ”പ്രഭോ അവിടുന്ന് എന്തിനാണ് കോപിക്കുന്നത്? സുഗ്രീവന്‍ തെറ്റ് ഒന്നും ചെയ്തിട്ടില്ല. മഹാമുനികള്‍ പോലും കാമക്രോധങ്ങളില്‍ കുടുങ്ങിപ്പോകുന്നു. അപ്പോള്‍ പിന്നെ വാനരന്മാരായ തങ്ങളുടെ കാര്യം പറയുവാനാകുമോ? മാത്രവുമല്ല സീതാന്വേഷണത്തിനായി എല്ലാ വാനരന്മാരും കിഷ്‌കിന്ധയിലേക്ക് എത്തുവാനുള്ള ആജ്ഞ സുഗ്രീവന്‍ നല്കിയതിന്‍ പ്രകാരം വാനരന്മാര്‍ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. ആയതിനാല്‍ അദ്ദേഹത്തോട് ക്ഷമിച്ച് അങ്ങ് കോപം അടക്കിയാലും.”
താരയുടെ സ്‌നേഹത്തോടെയും വിനയത്തോടെയുമുള്ള വാക്കുകള്‍ കേട്ട് ലക്ഷ്മണന്‍ കോപമടക്കി. പിന്നെ സുഗ്രീവന്റെ സദസിലേക്ക് എഴുന്നള്ളി.

ലക്ഷ്മണന്‍ കടന്നുവന്നത് കണ്ട് സുഗ്രീവന്‍ വേഗംതന്നെ സിംഹാസനംവിട്ട് എഴുന്നേറ്റ് അദ്ദേഹത്തിനുമുന്നില്‍ തൊഴുകൈയ്യോടെ നിലകൊണ്ടു.
സുഗ്രീവനെ കണ്ട് കോപം തോന്നിയെങ്കിലും ലക്ഷ്മണന്‍ രാമന്റെ ദൂത് സുഗ്രീവനെ അറിയിച്ചു. അതുകേട്ട് സുഗ്രീവന്‍ തന്നെ നന്ദികെട്ടവനെന്ന് കരുതരുത് എന്ന് ലക്ഷ്മണനോട് യാചിച്ചു. പിന്നെ സുഗ്രീവന്‍ സീതാന്വേഷണത്തിനായി നടത്തിയ തയ്യാറെടുപ്പിനെക്കുറിച്ച് ലക്ഷ്മണനോട് വിശദീകരിച്ചു. അതുകേട്ട് ലക്ഷ്മണന്‍ കോപം അടക്കി.

നാനാ ഭാഗങ്ങളിലേക്കും സുഗ്രീവകല്പന എത്തിക്കുവാന്‍ പോയ വാനരന്മാര്‍ കാഴ്ചകളുമായി സുഗ്രീവന്റെ മുന്നിലെത്തി. അതില്‍ വടക്കുദിക്കില്‍ നിന്നും കൊണ്ടുവന്ന വിശിഷ്ടമായ ഫലങ്ങളും ഉണ്ടായിരുന്നു. ഒരിക്കല്‍ ഭക്ഷിച്ചാല്‍ ഒരുമാസത്തേക്ക് വിശപ്പു തോന്നിക്കാത്ത അത്ഭുത പഴങ്ങള്‍ നിറയെ പറിച്ചുകൊണ്ടാണ് ആ ദിക്കില്‍നിന്നുള്ളവര്‍ എത്തിയത്. തിരുമുല്‍ക്കാഴ്ചകള്‍ ഒക്കെ കൈക്കൊണ്ട ശേഷം പല്ലക്കില്‍ ലക്ഷ്മണനൊപ്പമാണ് സുഗ്രീവന്‍ വാനരന്മാരോടൊപ്പം രാമന് അടുത്തേക്ക് യാത്രയായി.

രാമസവിധത്തില്‍ എത്തിയ അവര്‍ പല്ലക്കില്‍ നിന്നിറങ്ങി. തൊഴുകൈകളോട് അദ്ദേഹത്തിനു മുന്നില്‍ നിന്നു.
പിന്നെ പ്രമുഖവാനരന്മാരോടുകൂടി ആലോചിച്ച് തന്റെ വാനരസേനയെ നാലായി പകുത്ത് ആദ്യം ”വിനതന്‍” എന്ന സേനാനിയോട് നൂറായിരം വാനരന്മാരോടൊത്ത് കിഴക്കു ദിക്കില്‍ സീതാന്വേഷണം നടത്തുവാനായി ആവശ്യപ്പെട്ടു. ഭാഗീരഥിനദി, സരയൂ, കൗശകി, കാളിന്ദി, യമുന, സരസ്വതി തുടങ്ങിയ നദികളും കാലമഹി, ബലമാല, വിദേഹം, മാളവം, കാശി, കോസലം, മാഗധം, മഹാഗ്രാമം, പുണ്ഡ്രം, അംഗം തുടങ്ങിയ രാജ്യങ്ങളും അവയിലെ പട്ടണങ്ങളും പര്‍വ്വതങ്ങളും ഗുഹകളും ഒക്കെ വിശദമായി പരിശോധിക്കുവാന്‍ സുഗ്രീവന്‍ ആവശ്യപ്പെട്ടു.
പിന്നെ ‘നീലന്‍’ എന്ന സേനാനിയോട് തെക്ക് ദിക്കിലേക്ക് വാനരസംഘത്തെ നയിക്കുവാന്‍ ആവശ്യപ്പെട്ടു. ഹനുമാന്‍, ജാംബവാന്‍, അംഗദന്‍, ഗജന്‍, ഗവയന്‍, സുഷേണന്‍, പൃഷഭന്‍ തുടങ്ങിയ വീരന്മാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
അതിനുശേഷം താരയുടെ പിതാവായ ‘സുഷേണന്റെ’ നേതൃത്വത്തില്‍ ഒരു സംഘത്തെ പടിഞ്ഞാറ് ദിക്കിലേക്ക് നിയോഗിച്ചു. അതുപലെ ‘ശതബലി’യുടെ നേതൃത്വത്തില്‍ ഒരു സംഘം വടക്കുദിക്കിലേക്കും യാത്രയായി.

രാവണന്‍ സീതയുമായി പോയത് തെക്കുദിക്കിലേക്കാണ് എന്ന് കണ്ടതിനാല്‍ തെക്ക് ദിക്കിലേക്ക് യാത്രയാകുന്ന സംഘത്തില്‍പ്പെട്ട ഹനുമാനെ രാമന്‍ പ്രത്യേകം വിളിച്ച് സീതയെ കണ്ടെത്തുന്നപക്ഷം കാട്ടിക്കൊടുക്കുവാനായി അടയാളമോതിരം ഏല്‍പ്പിച്ചു. പിന്നെ ഏവരും അവനവന്റെ ദിക്കിലേക്ക് യാത്രയായി. ഒരുമാസത്തെ സമയമാണ് എല്ലാവര്‍ക്കും സുഗ്രീവന്‍ നല്കിയത്. ഒരുമാസത്തിനകം തിരികെ എത്താത്തവര്‍ക്ക് ശിക്ഷ മരണമായിരിക്കും എന്ന മുന്നറിയിപ്പും നല്കിയിരുന്നു.

സീതാന്വേഷണത്തിന് നിയുക്തരായവര്‍ കാടും മലയും, പുഴയും, ഒക്കെ അന്വേഷിച്ച് അലഞ്ഞ് എങ്ങും കണ്ടെത്താനാകാതെ ഒരുമാസംകൊണ്ട് മടങ്ങിയെത്തിത്തുടങ്ങി. വിനതന്‍ കിഴക്കെല്ലാം തേടി സീതയെ കാണാതെ മടങ്ങി. അതുപോലെ സുഷേണനും ശതബലിയും ഒക്കെ മടങ്ങി.

തെക്ക് ദിക്കിലേക്ക് പോയവര്‍ കാടായ കാടും പുഴയായ പുഴയും കുന്നും, പാറക്കെട്ടും വിജനമായ വനങ്ങളും താപസാശ്രമങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളുമൊക്കെ ചുറ്റിമടുത്ത് ഒടുവില്‍ ക്ഷീണിതരായി കിടന്നു. അതുകണ്ട് അംഗദന്‍ അവരെ ഓര്‍മ്മിപ്പിച്ചു ”മടിപിടിച്ച് കിടക്കാതെ കൂട്ടരേ വരുവിന്‍ നമുക്ക് അന്വേഷിക്കാം” അങ്ങനെ അവര്‍ വിന്ധ്യന്റെ ഗുഹകളിലും കാടുകളിലും ഒക്കെ അന്വേഷിച്ച് അന്വേഷിച്ച് ഒടുവില്‍ വലിയ ഗുഹയുടെ മുന്നിലെത്തി. അവര്‍ അതിന്റെ മുന്നിലെത്തിയപ്പോള്‍ ധാരാളം ഹംസങ്ങളും കൊക്കുകളും ആ ഗുഹാമുഖത്തുനിന്നും പറന്ന് പുറത്തേക്കു പോയി. അതുകണ്ട് ആ ഗുഹയ്ക്കുള്ളില്‍ തടാകമോ നീരുറവയോ കണ്ടേക്കാമെന്നുകരുതി വാനരന്‍ അതിലേക്കു പ്രവേശിച്ചു.
അതിനുള്ളില്‍ അവര്‍ അഗ്നിപോലെ വിളങ്ങുന്ന പൊന്മയങ്ങളായ മരങ്ങള്‍ കണ്ടു. പക്ഷികള്‍ നിറഞ്ഞ നീല വൈഡ്യൂര്യവര്‍ണ്ണങ്ങളായ പൊയ്കകളാലും സ്വര്‍ണ്ണമത്സ്യങ്ങളോടുകൂടിയ തടാകങ്ങളും ഒക്കെച്ചേര്‍ന്ന ഒരു അത്ഭുതലോകമാണ് അവിടെ വാനരന്മാരെ കാത്തിരുന്നത്. പൊന്‍നിറമാര്‍ന്ന വണ്ടുകള്‍ നിറഞ്ഞ തേന്‍പൊഴിക്കുന്ന മരങ്ങള്‍ നിറഞ്ഞ, അവിടവിടെ കൂട്ടിയിട്ടിരിക്കുന്ന തനി തങ്കക്കൂട്ടങ്ങള്‍!
ഇങ്ങനെ പൊന്നിന്‍ പ്രഭയോടെ വിലസിയ ആ ഗുഹയ്ക്കുള്ളില്‍ അവര്‍ ഒരു മാന്‍തോലും മരവുരിയും ധരിച്ചു താപസിയെ കണ്ടെത്തി. അവളെ കണ്ട് വിസ്മയ്ച്ച ഹനുമാന്‍ ‘ഭവതി ആരാണ്?’ ഈ ഗുഹ ആരുടേതാണ്? ഈ രത്‌നങ്ങള്‍ ആരുടേത്? എന്തൊക്കെ ആ താപസിയോട് അന്വേഷിച്ചു.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close