പതിനാറാം ദിനം

16

ദുര്‍ഗാ മനോജ്

രവുരിയും മാന്‍തോലുമണിഞ്ഞ ആ തപസ്വിനി ആ ഗുഹയുടെ പ്രത്യേകത വാനരര്‍ക്ക് പറഞ്ഞുകൊടുത്തു. ”വാനരോത്തമാ, പണ്ട് മയന്‍ എന്നൊരസുരന്‍ തപസ്സുചെയ്ത് മഹാശില്പിയാകണം എന്ന് വരം സമ്പാദിച്ചു. അങ്ങനെ അവന്‍ നിര്‍മ്മിച്ച മായനഗരിയാണിത്. പിന്നീട് ഹേമയെന്ന അപ്‌സരസ്സില്‍ ആകൃഷ്ടനായ അവനെ പോരില്‍ പുരന്ദരന്‍ കൊന്നു. അതില്‍ പിന്നീട് ഹേമയുടേതായി ഈ മായാനഗരി. ഹേമക്ക് വേണ്ടി ഞാന്‍ ഇവിടം കാത്ത് സൂക്ഷിക്കുന്നു.”

ഇതുകേട്ട് ഹനുമാന്‍ പറഞ്ഞു: ”ഞങ്ങള്‍ സുഗ്രീവാജ്ഞ അനുസരിച്ച് ദശരഥപുത്രനായ ശ്രീരാമപത്‌നിയായ സീതയെ കണ്ടെത്തുവാനായി ഇറങ്ങിയതാണ്. രാക്ഷസരാജാവായ രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. സീതയെ കണ്ടെത്തി ആ വിവരം രാജാവിനെ അറിയിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. എന്നാല്‍ ഈ ഗുഹയില്‍ അകപ്പെട്ട ഞങ്ങള്‍ അനുവദിക്കപ്പെട്ട ഒരുമാസം സമയം കഴിഞ്ഞത് അറിഞ്ഞില്ല. അതിനാല്‍ ദയവായി ഞങ്ങളെ ഈ മായാപുരിയില്‍നിന്ന് പുറത്തേക്ക് എത്തിക്കുവാന്‍ കനിവുണ്ടാകണം.”
ഹനുമാന്റെ വാക്കുകേട്ട് ആ തപസ്വിനി അവരുടെ തപശ്ശക്തി ഉപയോഗിച്ച് ആ ഗുഹയില്‍ നിന്നും ഏവരേയും പുറത്തെത്തിച്ചു.

ഗുഹയില്‍ നിന്ന് പുറത്തുകടന്ന വാനരര്‍ ആകെ ദുഃഖത്തിലായി. സുഗ്രീവന്റെ ആജ്ഞ ധിക്കരിച്ചാല്‍ ഫലം മരണമാണ്. ഇവിടിപ്പോള്‍ സീതയെ കണ്ടെത്താനുമായില്ല. പറഞ്ഞസമയം കഴിയുകയും ചെയ്തു. സുഗ്രീവനാല്‍ വധിക്കപ്പെടുന്നതിലും നല്ലത് സ്വയം മരിക്കുകയാണ് എന്ന് അംഗദന്‍ നിശ്ചയിച്ചു. എന്നിട്ട് കടലിനടുത്ത് ദര്‍ഭ വിരിച്ച് തല തെക്കോട്ടും വച്ച് കിടപ്പായി. ഇതുകണ്ട് ദുഃഖിതരായ മറ്റ് വാനരരും അംഗദന്റെ ഒപ്പം കൂടി.
ഈ കോലാഹലങ്ങളൊക്കെ ദൂരെ ഒരാള്‍ കാണുന്നുണ്ടായിരുന്നു. ജടായുവിന്റെ സഹോദരനായ സമ്പാതി. സമ്പാതിക്ക് രണ്ട് ചിറകുകളും നഷ്ടമായിരുന്നു. പണ്ട് ജടായുവിനോട് പന്തയം വച്ച് പറക്കുമ്പോള്‍ സൂര്യന്റെ താപത്തില്‍ നിന്നും ജടായുവിനെ രക്ഷിക്കാന്‍ ശ്രമിച്ച് ചിറകുകള്‍ എരിഞ്ഞുപോയതാണ് സമ്പാതിക്ക്. അതിനാല്‍ തന്നെ പറക്കുവാന്‍ ആകാത്ത സമ്പാതിക്ക് മുന്നില്‍ ഒരുകൂട്ടം കുരങ്ങന്മാരെ കണ്ടപ്പോള്‍ ആഹ്ലാദം തോന്നി. സമ്പാതി പറഞ്ഞു. ”കൊള്ളാം ഇതുപോലൊരു വിരുന്ന് ആദ്യമാണ്. പറക്കാനാകാത്ത എനിക്ക് വിധി കരുതിവച്ച വിരുന്ന്!”
ഗുഹയില്‍ നിന്ന് ഇറങ്ങിവന്ന സമ്പാതി പറഞ്ഞ വാക്കുകള്‍ കേട്ട് വാനരര്‍ ദുഃഖിച്ചു. ഈ പക്ഷിക്ക് ഭക്ഷണമായിത്തീരുവാനാണല്ലോ തങ്ങളുടെ വിധിയെന്ന് അവരോര്‍ത്തു. പിന്നെപ്പറഞഞു, ”കൈകേയിയുടെ ദുര്‍വാശി കാരണമാണല്ലോ ദശരഥമരണവും രാമന്റെ വനവാസവും സീതാപഹരണവും അത് തടയുവാന്‍ ശ്രമിച്ച ജടായുവിന്റെ മരണവും. ഇപ്പോള്‍ ഇതാ സുഗ്രീവന്റെ കോപത്തില്‍ നിന്ന് രക്ഷതേടി സ്വയം മരിക്കാന്‍ തീരുമാനമെടുക്കുന്ന നമ്മളും ഒക്കെ.”

”ജടായു!” ഈ വാക്ക് സമ്പാതി കേട്ടു. ”എന്ത്? ജടായു രാവണനാല്‍ കൊല്ലപ്പെട്ടു എന്നോ?” കൂടുതല്‍ അറിയുവാനായി സമ്പാതി വാനരന്മാരുടെ അടുത്തെത്തി. എന്നിട്ട് പറഞ്ഞു, ”ഭയക്കേണ്ട നിങ്ങള്‍ പറഞ്ഞത് ജടായുവിനെക്കുറിച്ച് തന്നെയാണോ? അവന്‍ രാവണനാല്‍ കൊല്ലപ്പെട്ടുവെന്നോ? അവന്‍ എന്റെ സഹോദരനാണ്. നിങ്ങള്‍ എന്നെ വിധിയാംവണ്ണം അവനുവേണ്ട ഉദകക്രിയകള്‍ ചെയ്യുവാന്‍ സഹായിക്കുമോ?” സമ്പാതിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആദ്യം വാനരന്മാര്‍ കൂട്ടാക്കിയില്ല. പക്ഷേ, പിന്നീട് അവന്‍ തങ്ങളെ ആക്രമിക്കില്ല എന്ന് മനസ്സിലാക്കി ജടായുവിന് വേണ്ട ഉദകക്രിയകള്‍ ചെയ്യുവാന്‍ അവര്‍ സമ്പാതിയെ സഹായിച്ചു. പിന്നെ സമ്പാതി തന്റെ അകക്കണ്ണുകൊണ്ട് സീത കടല്‍ത്തീരത്തുനിന്ന് നൂറ് യോജേന അകലെ ദ്വീപില്‍ സുരക്ഷിതമായിരിക്കുന്നു എന്ന കാര്യം അവരെ അറിയിച്ചു.

സമ്പാതി പറഞ്ഞു: ”ചിറക് കരിഞ്ഞുപോയ എനിക്ക് ഭക്ഷണം എത്തിക്കുന്നത് എന്റെ മകനാണ്. ഒരുദിവസം അവന്‍ ഭക്ഷണം കൊണ്ടുവന്നില്ല. ദേഷ്യം വന്ന് ഞാന്‍ കാരണം തിരക്കിയപ്പോള്‍ തീക്കട്ടപോലെ കറുത്ത ഒരുവന്‍ സ്വര്‍ണ്ണംപോലെ തിളങ്ങുന്ന ഒരു സ്ത്രീയെയുമെടുത്ത് ആകാശത്തിലൂടെ സഞ്ചരിക്കുന്നത് കണ്ടുവെന്നും അവള്‍ രാമാ രാമാ എന്ന് നിലവിളിക്കുന്നുണ്ടായിരുന്നുവെന്നും പറഞ്ഞു. അവരെ ഭക്ഷണമാക്കാം എന്ന് കരുതിയപ്പോള്‍ അയാള്‍ നല്ലവാക്കില്‍ ഉപദ്രവിക്കരുത് എന്നുപറഞ്ഞതിനാല്‍ അവരെ ഭക്ഷണമാക്കിയില്ല എന്നാണ് മറുപടി ഫറഞ്ഞത്. അങ്ങനെ ചിന്തിച്ചാല്‍ ആ സ്ത്രീ സീത തന്നെയാകും. അപ്പോള്‍ അവര്‍ പോയിരിക്കുന്നത് രാവണന്റെ രാജധാനിയായ ലങ്കയിലേക്ക് തന്നെയാണ്. അതിനാല്‍ നിങ്ങള്‍ അവിടെ അന്വേഷിച്ചാല്‍ സീതയെ കണ്ടെത്താനാകും.”
വാനരരോട് സമ്പാതി ഇത്രയും പറയവേ അവന് നല്ല ചുകപ്പ് ചിറകുകള്‍ മുളയ്ക്കുവാന്‍ തുടങ്ങി. ഇതുകണ്ട് വാനരര്‍ അന്തംവിട്ടു. അപ്പോള്‍ സമ്പാതി പറഞ്ഞു: “നിങ്ങള്‍ സംശയിക്കണ്ട. ഞാന്‍ പറഞ്ഞത് സത്യമാണ് തീര്‍ച്ച. കണ്ടില്ലേ എനിക്ക് ചിറക് മുളച്ചത്. പണ്ട് ചിറക് നഷ്ടപ്പെട്ട് അവശനായ എനിക്ക് നിശാകരമുനി ഒരുവരം തന്നു. ‘രാവണ നിഗ്രഹത്തിനായി രാമന്‍ ജന്മമെടുക്കുമ്പോള്‍ സീതാന്വേഷണം നടത്തുന്നവരെ സഹായിക്കുക. അപ്പോള്‍ നിനക്ക് ചിറക് മുളയ്ക്കും. അതിപ്പോള്‍ സത്യമായിരിക്കുന്നു. ഇനി നിങ്ങള്‍ ഒന്നുകൊണ്ടും ഭയക്കേണ്ട. നിങ്ങള്‍ക്ക് സീതയെ കണ്ടെത്താനാകും.”
അങ്ങനെ മരിക്കുവാന്‍ തീരുമാനിച്ച വാനരക്കൂട്ടം അത് മാറ്റിവച്ച് സീതയെ കണ്ടെത്താം എന്ന ചിന്തയിലെത്തി.
ലക്ഷ്യത്തിലേക്ക് അടുക്കുന്നു. പക്ഷേ നൂറുയോജേന അകലെയാണ് ലങ്ക. അവിടേക്ക് എങ്ങനെ എത്തും? പലപല സ്വരങ്ങള്‍ അവിടെ ഉയര്‍ന്നു. ”ഞാന്‍ ഇരുപത് യോജന ചാടും, ഞാന്‍ മുപ്പത് ചാടാം” ഒടുവില്‍ ജാംബവാന്‍ പറഞ്ഞു ”ഞാന്‍ തൊണ്ണൂറ് യോജന ചാടാം.” അതുകേട്ട് ബാലി പുത്രന്‍ അംദഗന്‍ പറഞ്ഞു ”ഞാന്‍ നൂറ് യോജന ചാടാം പക്ഷേ, തിരികെ എത്താന്‍ എനിക്കാവും എന്ന് തോന്നുന്നില്ല.”
ഇങ്ങനെ അഭിപ്രായങ്ങള്‍ പലത് ആ കടല്‍ത്തീരത്ത് മുഴങ്ങി. ഇതുകേട്ട് ജാംബവാന്‍ ഹനുമാനെ സമീപിച്ചു. എന്നിട്ട് പറഞ്ഞു ”വീരനായ കേസരിക്ക് അജ്ഞനയില്‍ പിറന്ന ഹനുമാനേ, ഈ കൃത്യം ചെയ്യുവാന്‍ നിനക്കല്ലാതെ മറ്റാര്‍ക്ക് സാധിക്കും? നീ വായുവിന്റെ കൂടി അനുഗ്രഹത്താല്‍ പിറന്നവനാണ്. ആകാശത്ത് ചരിക്കാന്‍ നിന്നെ വെല്ലാന്‍ ഗരുഡനും പിന്നെ വായുവും മാത്രമേയുള്ളൂ അതിനാല്‍ നീ ലങ്കയിലേക്ക് പോയി സീതയെക്കുറിച്ച് അറിഞ്ഞുവരൂ.”
ഇതൊക്കെ കേട്ട് ഹനുമാന്‍ കടല്‍ കടക്കാന്‍ തയ്യാറായി. പിന്നെ ഭീമാകാരമായ രൂപം കൈക്കൊണ്ട് മഹേന്ദ്രപര്‍വ്വതത്തിനു മുകളില്‍ നിന്നും ലങ്ക ലക്ഷ്യമാക്കി മനസ്സ് ഏകാഗ്രമാക്കി നൂറ് യോജന ചാടുവാന്‍ തയ്യാറായി.
കിഷ്‌കിന്ധാകാണ്ഡം സമാപ്തം

സുന്ദരകാണ്ഡം

വാനിലേക്ക് ഉയര്‍ന്നു പറന്നുതുടങ്ങിയ ഹനുമാനെ കാണുവാന്‍ മാനത്ത് ദേവതകള്‍ നിരന്നു. അവര്‍ പുഷ്പവൃഷ്ടി നടത്തി. വായു പതിയെ വീശി അവനെ തണുപ്പിച്ചു. സൂര്യന്‍ തന്റെ ചൂട് കുറച്ചു. അവനെ ക്ഷീണിപ്പിക്കാതെ കാത്തു. അപ്പോഴാണ് സമുദ്ര ദേവന്‍ അതോര്‍ത്തത്, ”ഇഷാകുവംശത്തിലെ സഗരപുത്രന്മാരാല്‍ ജന്മമെടുത്ത എനിക്ക് ഇഷാകുവംശത്തിലെ രാമനുവേണ്ടി ഒന്നും ചെയ്യുവാനാകുന്നില്ല എന്ന് വന്നാല്‍ അത് കഷ്ടമാണ്. അതിനാല്‍ മാര്‍ഗ്ഗമധ്യേ ഹനുമാന് വിശ്രമിക്കാന്‍ വേണ്ടത് ചെയ്യാം.”
വേഗം വരുണന്‍ തന്റെ ഉള്ളില്‍ അമര്‍ന്നിരിക്കുന്ന മൈനാക പര്‍വ്വതത്തോട് വലുതായി അതില്‍ മാര്‍ഗ്ഗമധ്യേ ഹനുമാന് വിശ്രമമേകാനും ആവശ്യപ്പെട്ടു. മൈനാകം തന്റെ വലിപ്പം കൂട്ടി സമുദ്രത്തിനു പുറത്തേക്ക് വളരുന്നു.

മാര്‍ഗ്ഗമധ്യേ ഒരു പര്‍വ്വതം ഉയര്‍ന്നുവരുന്നത് ഹനുമാന്‍ കണ്ടു. പക്ഷേ, അതിവേഗത്തില്‍ വന്ന ഹനുമാന്റെ നെഞ്ച് തട്ടി ആ പര്‍വ്വതം ചിതറിപ്പോയി. അപ്പോള്‍ മൈനാകം വിളിച്ചുപറഞ്ഞു. ”ഹേ വാനരശ്രേഷ്ഠാ, അങ്ങേക്ക് വിശ്രമിക്കുവാന്‍ സാഗരകല്പനപ്രകാരമാണ് ഞാന്‍ വലുതായത്.”

ഇതുകേട്ട് ഹനുമാന്‍ പറഞ്ഞു: ”ക്ഷമിക്കൂ ഈ നൂറുയോജന യാത്രമധ്യേ ഒരു വിശ്രമം സാധ്യമല്ല.” ഹനുമാന്‍ തന്റെ പറക്കല്‍ തുടര്‍ന്നപ്പോള്‍ ദേവന്‍മാര്‍ ഹനുമാന്റെ ബലം പരീക്ഷിക്കുവാന്‍ സുരസ എന്ന നാമാതാവിനോട് ആവശ്യപ്പെട്ടു. അങ്ങനെ സുരസ ഹനുമാന്റെ മാര്‍ഗ്ഗമധ്യേ തന്റെ വായും പൊളിച്ച് വികൃതവേഷത്തില്‍ നില്പ്പായി. മുന്നിലെത്തിയ ഹനുമാനോട് സുരസ പറഞ്ഞു: ”നീ എന്റെ ഭക്ഷണമാണ്. എന്റെ വായിലേക്ക് കയറൂ…..” ഇതുകേട്ട ഹനുമാന്‍ തന്റെ രൂപം വളരെ വലുതാക്കി. അതനുസരിച്ച് സുരസ തന്റെ വായയും വലുതാക്കിക്കൊണ്ടിരുന്നു. ഇതിനിടയില്‍ പെട്ടെന്ന് ഹനുമാന്‍ തന്റെ രൂപം ചെറുതാക്കി അവളുടെ വായില്‍ കയറിയിറങ്ങി. പിന്നെ അവളോട് പറഞ്ഞു: ”എനിക്ക് സീതയെ കണ്ടെത്തിയേ മതിയാകൂ. അതിനാല്‍ ഞാന്‍ യാത്ര തുടരട്ടെ.” സുരസ ഹനുമാനെ അനുഗ്രഹിച്ച് അയച്ചു. പിന്നെയും തടസ്സം വന്നു. അത് നിഴല്‍ വലിച്ച് ആക്രമിക്കുന്ന സിംഹിക എന്ന രാക്ഷസി വഴിയായിരുന്നു. സുരസയെ നേരിട്ടപോലെ ആദ്യം വലുതാകുകയും പിന്നെ വിരലോളം ചെറുതാകുകയും ചെയ്ത് അവളുടെ ഉള്ളില്‍ക്കടന്ന് അവളുടെ മര്‍മ്മം ഭേദിച്ച് പുറത്തിറങ്ങി ഹനുമാന്‍ ആ രാക്ഷസിയെ കൊന്നു.
സിംഹിക കൊല്ലപ്പെട്ടത് കണ്ട് ആകാശചാരികളായ ഭൂതങ്ങള്‍ ഹനുമാനെ അനുഗ്രഹിച്ചു. പിന്നേയും യാത്രചെയ്ത് ഹനുമാന്‍ ലങ്കയിലെത്തി.
അതീവസുരക്ഷാസന്നാഹങ്ങള്‍ക്കിടയില്‍ ലങ്കയില്‍ കടക്കുക പകല്‍ സമയം ദുഷ്‌കരമാണെന്ന് കണ്ട് രാത്രിയാകും വരെ ആ കപിശ്രേഷ്ഠന്‍ കാത്തിരുന്നു. രാത്രിയില്‍ ഒരു പൂച്ചയോളം ചെറുതായി ലങ്കാനഗരിക്കുള്ളില്‍ കടന്നു. പക്ഷേ, ലങ്കയുടെ കാവല്‍ക്കാരി ലങ്കാലക്ഷ്മിയുടെ കണ്ണില്‍പ്പെടുകതന്നെ ചെയ്തു ഹനുമാന്‍. ലങ്കാലക്ഷ്മി ഹനുമാനെ തടഞ്ഞുകൊണ്ട് ആഞ്ഞടിച്ചു. അടികൊണ്ട ഹനുമാന്‍ ഒരു സ്ത്രീ ആയതുകൊണ്ട് അവളെ അധികം ശക്തിയിലല്ലാതെ തിരികെ തല്ലി. എന്നാല്‍ ആ തല്ലേറ്റ് അവള്‍ നിലത്ത് വീണു. പിന്നെ എഴുന്നേറ്റ് കൈകൂപ്പി അവള്‍ പറഞ്ഞു: “വാനരോത്തമ നീയെന്നെ ജയിച്ചിരിക്കുന്നു. ഒരു വാനരന്‍ വിക്രമം കൊണ്ട് എന്നെ കീഴടക്കുന്ന നാള്‍ വരും. അന്നുതൊട്ട് ലങ്കക്കും രാക്ഷസര്‍ക്കും ആപത്ത് തുടങ്ങും എന്ന് ബ്രഹ്മാവ് വരം നല്കിയിട്ടുണ്ട്. ആ കാലം വന്നുകഴിഞ്ഞു. ഇനി ഞാന്‍ നിന്നെ തടയില്ല. പോകൂ പോയി സീതയെ കണ്ടെത്തൂ.”

അങ്ങനെ ലങ്കാലക്ഷ്മിയുടെ അനുഗ്രഹത്തോടെ ഹനുമാന്‍ സീതാന്വേഷണം ആരംഭിച്ചു.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close