പതിനാലാം ദിനം

14

ദുര്‍ഗാ മനോജ്

സുഗ്രീവന്‍ തുടര്‍ന്നു. ”അങ്ങ് കേട്ടാലും, എന്റെ ജ്യേഷ്ഠന്‍ ബാലി അച്ഛന് പ്രിയപ്പെട്ടവനായിരുന്നു. പണ്ട് എനിക്കും അങ്ങനെതന്നെ. അച്ഛന്‍ മരിക്കുമ്പോള്‍ ബാലി വാനരരാജ്യത്തിന്റെ രാജാവായി വാഴിക്കപ്പെട്ടു. അവന്‍ രാജ്യം ഭരിക്കെ ഞാനൊരു കിങ്കരനെപ്പോലെ അവനെ സേവിച്ചു. ദുന്ദുഭി എന്ന രാക്ഷസന്റെ മൂത്ത മകന്‍ മായാവി ഒരു രാത്രി എല്ലാവരും ഉറങ്ങിക്കിടക്കെ ബാലിയെ പോരിന് വിളിച്ചു. ക്രുദ്ധനായ ബാലി അവനെ നേരിടാന്‍ ഇറങ്ങിച്ചെന്നു. ഒപ്പം ഞാനും. ഞങ്ങളെ കണ്ട അവന്‍ കാട്ടിലൂടെ ഓടി ഒരു വലിയ ഗുഹയ്ക്കുള്ളില്‍ കയറി. എന്നോട് പുറത്ത് കാത്തുനില്ക്കണമെന്ന് ആവശ്യപ്പെട്ട് ബാലിയും അകത്ത് കടന്നു. ആ നില്പ് ഒരു വര്‍ഷം തുടര്‍ന്നു. ബാലിയോ മായാവിയോ പുറത്തുവന്നില്ല. പിന്നെ ഒരുദിനം ആര്‍ത്ത നാദവും ഒപ്പം പതഞ്ഞൊഴുകുന്ന ചോരയും പുറത്തുവന്നു. ബാലിയുടെ ഒരു ശബ്ദവും കേള്‍ക്കാനുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ കരുതി ബാലി കൊല്ലപ്പെട്ടിരിക്കുമെന്ന്. അങ്ങനെയാണെങ്കില്‍ മായാവി രക്ഷപ്പെടരുത് എന്ന് കരുതി ഞാന്‍ വലിയൊരു പാറക്കല്ലുകൊണ്ട് ആ ഗുഹാമുഖം അടച്ചു. ജ്യേഷ്ഠനുവേണ്ട ഉദകക്രിയകളും ചെയ്ത് സങ്കടത്തോടെ കൊട്ടാരത്തിലെത്തി. അവിടെ എത്തിയ എന്നോട് രാജ്യഭാരം ഏറ്റെടുക്കാന്‍ ഏവരും ആവശ്യപ്പെട്ടു. അങ്ങനെ ഞാന്‍ രാജ്യപരിപാലനം ഏറ്റെടുത്തു. അങ്ങനെയിരിക്കെ ഒരുദിനം ബാലി മടങ്ങിയെത്തി. അതീവക്രുദ്ധനായ അവന്‍ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അവന്‍ മായാവിയെ വധിച്ചുവെന്നും ആ രാക്ഷസന്റെ ചോരയാണ് പുറത്തേക്ക് ഒഴുകിയത് എന്നും അപ്പോഴാണ് ഞാന്‍ അറിഞ്ഞത്. എത്ര മാപ്പ് അപേക്ഷിച്ചിട്ടും കേള്‍ക്കാന്‍ കൂട്ടാക്കാതെ അവന്‍ ഒറ്റത്തുണിയുമായി എന്ന രാജ്യത്തിനു പുറത്താക്കി. അവന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ ഞാനും എന്റെ സുഹൃത്തുക്കളും അവന് ഒരിക്കലും കയറുവാനാവാത്ത ഈ ഋഷ്യമൂകപര്‍വ്വതത്തില്‍ അഭയം തേടി.

ഇതുകേട്ട് രാമന്‍ എന്തുകൊണ്ടാണ് ബാലിക്ക് ഈ പര്‍വ്വതത്തില്‍ കയറുവാന്‍ സാധിക്കാത്തത് എന്ന് അന്വേഷിച്ചു. അതിനും മറുപടി സുഗ്രീവന്‍ പറഞ്ഞു. ”പ്രഭോ പണ്ട് ദുന്ദുഭി എന്നൊരു രാക്ഷസന്‍ പോത്തിന്റെ രൂപത്തില്‍ ആയിരം ആനയുടെ കരുത്തോടെ വന്നിരുന്നു. അവന്‍ ഒരു ദിനം അഹങ്കാരത്തോടെ സമുദ്രത്തോട് യുദ്ധം ചെയ്യുവാനായി എത്തി. പക്ഷേ, സമുദ്രം ഭയന്ന് പിന്മാറി. പിന്നെ അവന്‍ ഹിമവാനോട് യുദ്ധത്തിന് ചെന്നു. ഹിമവാനും പിന്മാറിയപ്പോള്‍ ഹിമവാന്റെ നിര്‍ദ്ദേശപ്രകാരം അവന്‍ ബാലിയെ പോരിന് വിളിക്കാനെത്തി. ദുന്ദുഭിയുടെ പോര്‍വിളി കേട്ട് ബാലി പുറത്തെത്തി അവനെ നേരിട്ടു. അതിഘോരമായ യുദ്ധത്തിനൊടുവില്‍ ദുന്ദുഭിയെ കൊന്ന് അവന്റെ ശരീരം പൊക്കിയെടുത്ത് ഒരു യോജന ദൂരേക്ക് ഒറ്റയേറ് വച്ചുകൊടുത്തു. ഊക്കോടെ എറിയപ്പെട്ട ദുന്ദുഭിയുടെ ശരീരത്തില്‍ നിന്ന് ഇറ്റുവീണ ചോരത്തുള്ളികള്‍ കാറ്റടിച്ച് മാതംഗാശ്രമത്തില്‍ വീണു. ചോരവീണ് ആശ്രമം അശുദ്ധമായതുകണ്ട് മാതംഗമുനി ബാലിയെ ശപിച്ചു. ആശ്രമ പരിസരത്ത് ഒരു യോജന ഉള്ളില്‍ പ്രവേശിച്ചാല്‍ പിന്നെ ബാക്കിയുണ്ടാവില്ല എന്നും, ബാലിയുടെ അനുചരന്മാരായ വാനരര്‍ പ്രവേശിച്ചാല്‍ അവര്‍ കല്ലുകളായി മാറുമെന്നുമാണ് ശാപം. അതുകൊണ്ട് ബാലി ഒരു കാരണവശാലും ഋഷ്യമൂകാചലത്തില്‍ കാലെടുത്തു വയ്ക്കുകയില്ല.
കഥകളൊക്കെ കേട്ട് രാമന്‍ സുഗ്രീവന്റെ ഭാര്യ രുമലെ തട്ടിയെടുത്ത് രാജ്യത്തുനിന്നും ആട്ടിയോടിച്ച ബാലിയെ വധിക്കാം എന്ന് ഉറപ്പ് നല്കി. എന്നാല്‍ അതീവ ബലശാലിയായ ബാലിയെ വധിക്കുവന്‍ രാമന് ആകുമോ എന്ന ചെറിയ സന്ദേഹം സുഗ്രീവനുണ്ടായി. അത് മനസ്സിലാക്കിയ രാമന്‍ സുഗ്രീവന് തന്റെ കഴിവ് ബോധ്യപ്പെടുത്തിക്കൊടുക്കുവാനായി ആദ്യം ദുന്ദുഭിയുടെ ഒരു മലയോളം പോന്ന അസ്ഥികൂടം കാലിന്റെ പെരുവിരല്‍കൊണ്ട് തോണ്ടി പത്തുയോജന ദൂരേക്ക് എറിഞ്ഞു. എന്നിട്ടും തൃപ്തിവരാതെ ഏഴ് സാലമരങ്ങളെ ഒറ്റഅമ്പുകൊണ്ട് എയ്ത് പിളര്‍ത്തി. അതുകണ്ട് രാമനില്‍ വിശ്വാസം പൂര്‍ണ്ണമായ സുഗ്രീവന്‍ രാമന്റെ നിര്‍ദ്ദേശപ്രകാരം ബാലിയെ പോരിനുവിളിക്കുവാനായി പുറപ്പെട്ടു. സുഗ്രീവന്‍ വലിയ ഒരു അലര്‍ച്ചയോടെ ബാലിയെ പോരിനു വിളിച്ചു. സുഗ്രീവന്റെ പോര്‍വിളികേട്ട് ബാലി പുറത്തുവന്നു. വീരശൂരനായ ബാലിയുടെ മുന്നില്‍ അധികനേരം പിടിച്ചുനില്ക്കാന്‍ സുഗ്രീവനായില്ല. ബാലിയെ വധിക്കാനായി ഒളിഞ്ഞുനിന്ന രാമന് പക്ഷേ, യുദ്ധത്തിനിടയില്‍ ബാലിയേയും സുഗ്രീവനേയും തമ്മില്‍ തിരിച്ചറിയാനാകാതെ കുഴങ്ങി. ഒടുവില്‍ പരാജയം സമ്മതിച്ച് ബാലിയുടെ ആക്രമണത്തില്‍ അവശനായി ഓടി തിരികെ ഋഷിമൂകാചലത്തിലെത്തി.

ബാലിയെ വധിക്കാതെവിട്ട രാമനോട് സുഗ്രീവന്‍ വല്ലാതെ പരിഭവിച്ചു. അതുകേട്ട് രാമന്‍ പറഞ്ഞു ”സുഗ്രീവാ നീയും ബാലിയും തമ്മില്‍ എനിക്ക് വേര്‍തിരിച്ചറിയാന്‍ സാധിച്ചില്ല. അബദ്ധത്തില്‍ എന്റെ അമ്പ് ഏല്‍ക്കുന്നത് നിനക്കാണെങ്കിലോ എന്നോര്‍ത്താണ് ഞാന്‍ അമ്പെയ്യാതിരുന്നത്. അതിനാല്‍ നീ ഒരിക്കല്‍ക്കൂടി ബാലിയെ പോരിന് വിളിക്കുക. പക്ഷേ, നിന്നെ തിരിച്ചറിയാന്‍ സാധിക്കും വിധത്തില്‍ ഒരു അടയാളം നീ ധരിക്കുക. ഇതുകേട്ട് കുന്നിന്‍ ചരിവില്‍ നിന്ന് പൂവോട് കൂടിയ ഗജപുഷ്പി പറിച്ച് ലക്ഷ്മണന്‍ സുഗ്രീവന്റെ കഴുത്തില്‍ ചാര്‍ത്തി. അങ്ങനെ വീണ്ടും എല്ലാവരും ബാലിയുടെ അടുത്തേക്ക് യാത്രയായി.

സുഗ്രീവന്‍ വീണ്ടും പോര്‍വിഴി മുഴക്കിയത് കേട്ട് ബാലി പുറത്തേക്ക് ഇറങ്ങവേ ഭാര്യ താര ബാലിയെ തടഞ്ഞുകൊണ്ട് പറഞ്ഞു. ”പ്രഭോ അങ്ങിപ്പോള്‍ പോകരുത്. ഒരുതവണ പരാജയപ്പെട്ട് ഓടിയ സുഗ്രീവന്‍ ഇത്രയുംവേഗം മടങ്ങിവരണമെങ്കില്‍ മതിയായ കാരണം ഉണ്ടാകും. നിശ്ചയമായും അങ്ങേക്ക് ആപത്ത് ഉണ്ടാകും എന്ന പൂര്‍ണ്ണവിശ്വാസത്തോടെയാണ് അവന്‍ മടങ്ങിവന്നിരിക്കുന്നത് എന്നത് തീര്‍ച്ചയാണ്. ചാരന്മാര്‍ നല്കിയ വിവരമനുസരിച്ച് അയോധ്യയിലെ രാമലക്ഷ്മണന്മാര്‍ സുഗ്രീവനുമായി സന്ധി ചെയ്തിട്ടുമുണ്ട്. അങ്ങ് ഇപ്പോള്‍ പോകരുത്. മറിച്ച് സുഗ്രീവനെ യഥോചിതം സ്വീകരിച്ച് യുവരാജാവായി വാഴിച്ച് അവനെ കൂടെ കൂട്ടുക. ഒപ്പം രാമനുമായി സന്ധി ചെയ്യുക. അങ്ങ് ഈ വാക്ക് തള്ളിക്കളയരുത്.”

താരയുടെ വാക്കുകള്‍ക്കും ബാലിയെ തടയുവാനായില്ല. താരയെ സമാധാനിപ്പിച്ചശേഷം ബാലി പോരിന് വിളിച്ച സുഗ്രീവനെ നേരിടാനായി പുറത്തേക്കിറങ്ങി.

പോര് തുടങ്ങി. അധികം കഴിയും മുമ്പുതന്നെ സുഗ്രീവന്‍ തളര്‍ന്നു തുടങ്ങി. സുഗ്രീവന്റെ കഴുത്തിലെ ഹാരം കണ്ട് രാമന് യാതൊരു സംശയവും കൂടാതെ തന്നെ ബാലിയെ തിരിച്ചറിയുവാനായി. രാമന്‍ തൊടുത്ത അമ്പേറ്റ് ബാലി നിലം പതിച്ചു.
അമ്പേറ്റ് വീണ ബാലി, രാമലക്ഷ്മണന്മാരെക്കണ്ട് പരുഷമായി പറഞ്ഞു: ”അങ്ങ് ധര്‍മ്മത്തില്‍ ചരിക്കുന്നവനാണ് എന്നാണ് ഞാന്‍ കേട്ടിരുന്നത്. എന്നാല്‍ അങ്ങയുമായി യാതൊരു ശത്രുതയും ഇന്നേവരം ഇല്ലാത്ത എന്നെ ഒളി അമ്പെയ്ത് അങ്ങ് എന്തിനാണ് വധിക്കുവാന്‍ തീരുമാനിച്ചത്? യുദ്ധത്തില്‍ ഏര്‍പ്പെട്ട എനിക്ക് നേരെ ഒളിഅമ്പ് എയ്തതില്‍ എന്താണ് ധാര്‍മ്മികത? സുഗ്രീവന്റെ പ്രീതിക്ക് വേണ്ടി ആയിരുന്നോ ഇത് നീ ചെയ്തത്? എന്നോട് ഒരുവാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തന്നെ സീതയെ വീണ്ടെടുത്ത് തരുമായിരുന്നല്ലോ.”
ഇതുകേട്ട് രാമന്‍ ബാലിയോട് പറഞ്ഞു. ”നീ ധര്‍മ്മം തെറ്റിച്ചവനാണ്. നിന്ദ്യകര്‍മ്മം ചെയ്തവന്‍. അനുജനെ പുത്രനെപ്പോലെ വേണം കരുതേണ്ടത്. എന്നാല്‍ നീ ആ അനുജന്റെ ഭാര്യയെ നിന്റെ ഭാര്യയാക്കിയവനാണ്. മകളുടെ സ്ഥാനം നല്കി സംരക്ഷിക്കേണ്ടവളെ നീ ഭാര്യയാക്കി. അത് കടുത്ത അധര്‍മ്മമാണ്. അതിന് മരണം തന്നെയാണ് ശിക്ഷ. രാജ്യത്തിനും ഭാര്യക്കും വേണ്ടി സുഗ്രീവന്‍ ഞാനുമായി സഖ്യം ചെയ്തു. അവന്‍ എനിക്ക് ലക്ഷ്മണതുല്യനാണ്. എന്റെ നന്മയ്ക്കുവേണ്ടി യത്‌നിക്കുന്നവനാണ് അവന്‍. അതിനാല്‍ അവനെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. അത് ഞാന്‍ വാക്കുപറഞ്ഞതുമാണ്. ആ പ്രതിജ്ഞ ലംഘിക്കാന്‍ എനിക്കാവില്ല.”
ഇതുകേട്ട് ബാലി രാമനോട് മാപ്പപേക്ഷിച്ചു. പിന്നെ മകന്‍ അംഗദനെ കാത്ത് രക്ഷിക്കണമെന്ന് രാമനോട് അപേക്ഷിച്ചു.
ബാലിക്ക് സംഭവിച്ച ആപത്ത് അറിഞ്ഞ ഭാര്യ താര മകന്‍ അംഗദനുമൊത്ത് രണഭൂമിയിലേക്ക് ഓടിയെത്തി. വീണുകിടക്കുന്ന ബാലിയെ കണ്ട് താര ഹൃദയം നുറുങ്ങി വിലപിച്ചു. പിന്നെ ബാലിയ്‌ക്കൊപ്പം ജീവന്‍ വെടിയാന്‍ തീര്‍ച്ചയാക്കി.
ഈ സമയം ഹനുമാന്‍ താരയെ സമാധാനിപ്പിക്കുവാനായി ഈ വിധം പറഞ്ഞു: ”ഈ അംഗദനും വാനരരാജ്യത്തിനും നാഥ നീയാണ്. ശോകം വെടിഞ്ഞ് അംഗദനെ അനുഗ്രഹിച്ച് അവനെ വാനരരാജ്യത്തിന്റെ അധിപനാക്കുക. അതിന് വേണ്ടതൊക്കെ നീ ചെയ്യുക.”

ഇതുകേട്ട് താര പറഞ്ഞു: ”അംഗദനെപ്പോലുള്ള നൂറ് പുത്രന്മാരുണ്ടായിരുന്നാലും ഭര്‍ത്താവില്ലാത്ത സ്ത്രീയെ സംരക്ഷിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? അംഗദനോ വാനര രാജ്യത്തിനോ അധിപ ഞാനല്ല. അത് സുഗ്രീവന് അവകാശപ്പെട്ടതാണ്. എന്റെ വീരബാഹുവായ എന്റെ മുന്നില്‍ രക്തത്തില്‍ മുങ്ങിക്കിടക്കുന്ന ഇദ്ദേഹത്തെ അനുഗമിക്കുക മാത്രമാണ് എനിക്ക് യുക്തമായ കര്‍ത്തവ്യം.
മരണാസന്നനായ ബാലി സുഗ്രീവനെ അരികിലേക്ക് വിളിച്ചു. പിന്നെ തന്റെ കഴുത്തിലെ പൊന്‍മാല ഊരി സുഗ്രീവന് നല്‍കി. അതിനുശേഷം ബാലനായ അംഗദനെ വേണ്ടവിധത്തില്‍ സംരക്ഷിക്കണമെന്നും കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ മിടുക്കിയായ താര അഭിപ്രായപ്പെടുന്ന കാര്യങ്ങള്‍ നിരാകരിക്കരുത് എന്നും അതുപോലെ രാമന്റെ ആവശ്യം നിവര്‍ത്തിച്ച് കൊടുക്കണമെന്നും ഉപദേശിച്ചു. ശരംകൊണ്ട് മുറിവേറ്റ ബാലി പതുക്കെ കണ്ണുകള്‍ അടച്ച് പ്രാണന്‍ വെടിഞ്ഞു.
ഇതുകണ്ട് ഹൃദയം നുറുങ്ങുന്ന വേദനയില്‍ താര വിലപിച്ചു. ഭൂമിയില്‍ പൊടിപറ്റി ചോരയൊലിപ്പിച്ച് കിടക്കുന്ന ബാലിയുടെ ദേഹത്തെ പുണര്‍ന്ന് ദീനദീനം വിലപിക്കുന്ന താരയെകണ്ട് ഏവരുടേയും കണ്ണുനിറഞ്ഞു.

വീണുകിടക്കുന്ന ബാലിയേയും അനാഥരെപ്പോലെ കേഴുന്ന താരയേയും മറ്റ് സപത്‌നിമാരേയും ഒപ്പം അംഗദനേയും കണ്ട് ഒന്നും വേണ്ടീരുന്നില്ലല്ലോ എന്ന ചിന്തയിലായി സുഗ്രീവന്‍. അവന്‍ രാമനോട് പറഞ്ഞു: ”പ്രഭോ, എനിക്കിപ്പോള്‍ ഒന്നിലും ഒരു ആഗ്രഹവും തോന്നുന്നില്ല. എന്തിനാണ് ഞാന്‍ ഈ അക്രമം പ്രവര്‍ത്തിച്ചത്? ഒക്കെ ഉപേക്ഷിച്ച് ഏതെങ്കിലും പര്‍വ്വതത്തില്‍ ഒറ്റയ്ക്കു കഴിയുവാനാണ് എനിക്ക് തോന്നുന്നത്. ” ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞ് വിലപിക്കുന്ന സുഗ്രീവനു മുമ്പില്‍ രാമന്‍ നിശബ്ദനായി നിലകൊണ്ടു.
പിന്നെ കരയുന്ന താരയോടും മറ്റ് വാനരന്മാരോടും സുഗ്രീവനോടും ബാലിയുടെ സംസ്‌ക്കാരം വീരോജിതമായി നടത്തുവാന്‍ ആവശ്യപ്പെട്ടു രാമന്‍.

വിധിപ്രകാരമുള്ള ഉദകക്രിയകള്‍ക്കുശേഷം വാനരപ്രമുഖരുടെ നിര്‍ദ്ദേശപ്രകാരം സുഗ്രീവന്‍ രാജ്യഭാരം കൈക്കൊണ്ടു. ഒപ്പം അംഗദനെ യുവരാജാവായി വാഴിക്കുകയും ചെയ്തു.

അതിന് മുമ്പേ രാമലക്ഷ്മണന്മാരും സുഗ്രീവനും മഴക്കാലം ആരംഭിച്ച സ്ഥിതിക്ക് വര്‍ഷകാലം അവസാനിച്ച് കാര്‍ത്തികമാസം തുടങ്ങുമ്പോള്‍ സീതാന്വേഷണം ആരംഭിക്കാം എന്ന ധാരണയിലെത്തി. സുഗ്രീവന്‍ വാനരരാജ്യത്തിന്റെ രാജാവായ വേളയില്‍ രാമലക്ഷ്മണന്മാര്‍ മാല്യവാന്‍ പര്‍വ്വതത്തിലെ അനുയോജ്യമായ ഒരു ഗുഹയില്‍ നാലുമാസം നീളുന്ന വര്‍ഷകാലം കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു.

സീതാവിരഹത്തില്‍ നുറുങ്ങി രാമന്‍ നാലുമാസം നാലുനൂറ്റാണ്ട് പോലെ തള്ളിനീക്കി. എന്നാല്‍ സുഗ്രീവനോ രാജ്യകാര്യങ്ങള്‍പോലും ശ്രദ്ധിക്കാതെ വാനരനാരിമാര്‍ക്കൊപ്പം മദിച്ചു രസിക്കുകയായിരുന്നു. ഒടുവില്‍ വര്‍ഷകാലത്തിന്റെ അവസാനനാളുകളില്‍ ഹനുമാന്‍ നേരിട്ട് സുഗ്രീവനെ തന്റെ പ്രതിജ്ഞയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. പിന്നെ സുഗ്രീവന്‍ അമാന്തിച്ചില്ല. ഉറക്കംവിട്ടുണര്‍ന്ന അവന്‍ തന്റെ എല്ലാ സേനാനായകരോടും പടയാളികളോടും സന്നിഹിതരാവാന്‍ ഉത്തരവിട്ടു.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close